ന്യൂഡൽഹി : പ്രളയഭീതി വിതച്ച് യമുനാ നദി കരകവിഞ്ഞു നിഗംബോധ് ഘട്ട് ശ്മശാനത്തിലേക്കു വെള്ളമെത്തി. വെള്ളം ഉയർന്നതോടെ ശ്മശാനം അടച്ചു. ഇവിടെ സംസ്ക്കരിക്കാൻ നിശ്ചയിച്ചിരുന്ന മൃതദേഹങ്ങൾ പഞ്ച്കുയാൻ ശ്മശാനത്തിലേക്കു മാറ്റുകയാണെന്ന് അധികൃതർ പറഞ്ഞു.
കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതോടെ ഡൽഹി വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന 340 വിമാനങ്ങൾ വൈകി. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിന്റെ പരിസരത്തു വിവിധ മേഖലകളിലെ റോഡിൽ വെള്ളം കയറി വലിയ ഗതാഗതക്കുരുക്കുണ്ടായി. പാലം മോഡിൽ റോഡ് വെള്ളത്തിലായതോടെ ടെർമിനൽ 1ലേക്കുള്ള യാത്രക്കാർ വലഞ്ഞു. പ്രദേശത്തു രാത്രിയും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.ഡൽഹിയിൽ പെയ്യുന്ന മഴയ്ക്കൊപ്പം വാസീറാബാദ്, ഹത്നികുണ്ട് ബരാജുകളിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് കൂടിയതാണു ജലനിരപ്പ് നിയന്ത്രണാതീതമാകാൻ കാരണം. ഇതോടെ ഇരുമ്പുപാലം അടച്ചു.
താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 7,500 പേരെ മാറ്റിപ്പാർപ്പിച്ചതായി സർക്കാർ അറിയിച്ചു. ഇവർക്കുവേണ്ടി 25 ദുരിതാശ്വാസ ക്യാംപുകളാണു സജ്ജീകരിച്ചിരിക്കുന്നത്. നജഫ്ഗഡിലെ വെള്ളപ്പൊക്ക മേഖലകൾ മുഖ്യമന്ത്രി രേഖാ ഗുപ്ത സന്ദർശിച്ചു. ഇവിടെനിന്ന് 2000 പേരെ മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുമെന്നും കനാലുകളിലൂടെ വെള്ളം തുറന്നുവിടുമ്പോൾ മുന്നറിയിപ്പ് നൽകാൻ പഞ്ചാബ് സർക്കാരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഗുഡ്ഗാവ്, നോയിഡ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ സ്കൂളുകൾക്ക് അവധി തുടരുകയാണ്. ഓഫിസുകൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയിട്ടുണ്ട്.
ദുരിതക്കയത്തിൽ വലഞ്ഞ് ജനം മജ്നു കാ ടില ∙ യമുന കരകവിഞ്ഞൊഴുകിയതോടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർ ജീവനും സ്വത്തുക്കളും രക്ഷിക്കാൻ നെട്ടോട്ടമോടുകയാണ്. യമുനയുടെ പരിസര പ്രദേശങ്ങളിലെ തെരുവുകളും ചന്തകളും അരുവികളായി മാറി. മജ്നു കാ ടിലയിലെ എല്ലാ കടകളും ഒഴിപ്പിച്ചു. മദൻപൂർ ഖാദർ, ബദർപുർ എന്നിവിടങ്ങളിലെ ആളുകളെയും താൽക്കാലിക ഷെൽട്ടറുകളിലേക്കു മാറ്റി. യമുനാ ബസാറിലും ബദർപുരിലും ഒട്ടേറെ വീടുകൾ വെള്ളത്തിനടിയിലാണ്. കാറുകളും മോട്ടർ സൈക്കിളുകളും ഫർണിച്ചറുകളും വെള്ളത്തിൽ മുങ്ങി. വീടുകൾ വെള്ളത്തിൽ മുങ്ങുന്നതു നോക്കി നിസ്സഹായരായി ദൂരെ നിൽക്കുകയാണ് ഇവിടത്തെ താമസക്കാർ.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.