ജയ്‌പൂര്‍: മനുഷ്യ മനസാക്ഷിയെ നടുക്കുന്നൊരു വാര്‍ത്തായാണ് രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ബിജോളിയില്‍ നിന്നും പുറത്തുവരുന്നത്. ഇവിടുത്തെ വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന സീതാ മാതാ കുണ്ഡ് ക്ഷേത്രത്തിന് സമീപത്ത് നിന്നും പാറകള്‍ക്ക് അടിയില്‍ ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശുവിനെ കണ്ടെത്തി.
വായിൽ കല്ലുകൾ തിരുകി ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിക്കാനുള്ള ശ്രമം നടത്തിയ നിലയിലാണ് കുഞ്ഞുണ്ടായിരുന്നത്. ചൊവ്വാഴ്‌ച വൈകുന്നേരമാണ് പാറകള്‍ക്ക് അടിയില്‍ നിന്നും 10 മുതല്‍ 15 ദിവസം വരെ പ്രായം തോന്നിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് കുഞ്ഞിനെ ഭിൽവാരയിലെ മഹാത്മാഗാന്ധി ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
രക്ഷയായത് ഇടയൻ്റെ ഇടപെടല്‍
ചൊവ്വാഴ്‌ച വൈകീട്ട് ഒരു ഇടയൻ ക്ഷേത്രത്തിന് അടുത്തെത്തിയപ്പോള്‍ കുഞ്ഞിൻ്റെ ഞരക്കത്തിൻ്റെ ശബ്‌ദം കേട്ടതായി ഗ്രാമവാസിയായ ഭൻവർ സിങ് പറഞ്ഞു. പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് പാറകൾക്കടിയിൽ കുഴിച്ചിട്ടിരിക്കുന്ന കുഞ്ഞിനെ അദ്ദേഹം കാണുന്നത്. ഉടൻ തന്നെ അദ്ദേഹം മറ്റ് ഗ്രാമീണരെ അറിയിക്കുകയും കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്‌തു. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ പൊലീസിനെയും ആംബുലൻസിനെയും വിളിച്ചു.
കുഞ്ഞിൻ്റെ ആരോഗ്യ നിലയില്‍ പുരോഗതി
കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും തൃപ്‌തികരമാണെന്നും മഹാത്മാഗാന്ധി ആശുപത്രിയിലെ പിഎംഒ ഡോ. അരുൺ ഗൗർ ബുധനാഴ്‌ച പറഞ്ഞു. മെഡിക്കൽ സംഘം കുട്ടിയെ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. വിവിധ പരിശോധനകൾ നടത്തിവരികയാണ്. കനത്ത ചൂടിൽ കുട്ടിയുടെ ശരീരതത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ഫെവിക്വിക്ക് പ്രയോഗിച്ചതിൻ്റെ ഫലമായി വായുടെ ഭാഗത്ത് പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിന് വിദഗ്‌ധ ചികിത്സ
വിദഗ്‌ധ ചികിത്സ നല്‍കുന്നതിനായി കുട്ടിയെ ഭിൽവാരയിലെ മഹാത്മാഗാന്ധി ആശുപത്രിയില്‍ നിന്നും ടൗൺ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വളരെ ദുർബലമായ അവസ്ഥയിലാണ് കുഞ്ഞിനെ കൊണ്ടുവന്നതെന്ന് ഡോ. മുകേഷ് ധകാദ് പറഞ്ഞു. ഫെവിക്വിക്ക് പ്രയോഗിച്ചതിനെത്തുടർന്ന് വായിൽ മുറിവുകളുണ്ടായിരുന്നു. ചൂട് കാരണം ശരീരത്തിൻ്റെ ഇടതുവശത്ത് പൂർണ്ണമായും പൊള്ളലേറ്റിരുന്നു. നിലവിൽ, പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയുടെ നില തൃപ്‌തികരമാണ്.
ഭിൽവാരയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം വിനോദ് റാവുവും സംഭവസ്ഥലത്തെത്തിയിരുന്നു. കൂടുതൽ പരിചരണത്തിനായി കുട്ടിയെ ഒരു ഫോസ്റ്റർ ഹോമിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുഞ്ഞ് ആരുടേതാണന്ന് തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.