പത്തനംതിട്ട : ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം നാളെ നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തമിഴ്‌നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്‍റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, ഐടി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണ്.സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍,
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംഎല്‍എമാരായ കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, ശബരിമല തന്ത്രി ബ്രഹ്‌മശ്രീ മഹേഷ് മോഹനര്, പന്തളം കൊട്ടാരം സെക്രട്ടറി എം ആര്‍ സുരേഷ് വര്‍മ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി,എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, നായര്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്‍റ് എം സംഗീത് കുമാര്‍, കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, മല അരയ മഹാസഭ ജനറല്‍ സെക്രട്ടറി പി കെ സജീവ്, കേരള ബ്രാഹ്‌മണ സഭ പ്രതിനിധി കരിമ്പുഴ രാമന്‍, ശിവഗിരി മഠം പ്രതിനിധി സ്വാമി പ്രബോധ തീര്‍ത്ഥ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ അജികുമാര്‍,പി ഡി സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.രാവിലെ ആറ് മുതല്‍ പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 8.30 മുതല്‍ 9.30 വരെ ഭജന്‍. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാര്‍ഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. റവന്യു (ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപന രേഖ അവതരിപ്പിക്കും.
തുടര്‍ന്ന് സമാന്തര ചര്‍ച്ച. ഉച്ചയ്ക്ക് 12 മുതല്‍ തത്ത്വമസി, ശ്രീരാമ സാകേതം, ശബരി വേദികളിലായി ശബരിമല മാസ്റ്റര്‍ പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ട്, ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്നീ വിഷയങ്ങളെ കുറിച്ച് ഒരേ സമയം ചര്‍ച്ച നടക്കും.ഉച്ചയ്ക്ക് രണ്ട് മുതല്‍ വിജയ് യേശുദാസ് നയിക്കുന്ന അയ്യപ്പ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടി. 3.20 ന് ചര്‍ച്ചകളുടെ സമാഹരണം. തുടര്‍ന്ന് പ്രധാന വേദിയില്‍ സമാപന സമ്മേളനം. അതിനു ശേഷം പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്നടക്കം 3000 പ്രതിനിധികള്‍ പങ്കെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. ഇവര്‍ക്കൊപ്പം മത, സാമുദായിക, സാംസ്‌കാരിക രംഗത്തുള്ള 500 പേരും പങ്കെടുക്കും. പാസ് വഴിയാണ് പ്രതിനിധികള്‍ക്ക് പ്രവേശനം. പ്രധാന വേദിയായ തത്ത്വമസിയിലാണ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച.
തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസര്‍ ബെജെന്‍ എസ് കോത്താരി, ഡോ. പ്രിയഞ്ജലി പ്രഭാകരന്‍, മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍ എന്നിവരാണ് പാനലിസ്റ്റുകള്‍. ആത്മീയ ടൂറിസം സര്‍ക്യൂട്ട് സെഷന്‍ ശ്രീരാമ സാകേതം വേദിയിലാണ്. പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, കേരള ടൂറിസം സെക്രട്ടറി കെ. ബിജു, കേരള ട്രാവല്‍മാര്‍ട്ട് സ്ഥാപകന്‍ എസ്. സ്വാമിനാഥന്‍, സോമതീരം ആയുര്‍വേദ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബേബി മാത്യു എന്നിവരാണ് പാനലിസ്റ്റുകള്‍.
മൂന്നാമത്തെ വേദിയായ ശബരിയില്‍ ആള്‍ക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്ന വിഷയത്തില്‍ സെഷന്‍ നടക്കും. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി എസ്. ശ്രീജിത്ത്, ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പത്മകുമാര്‍ എന്നിവരാണ് പാനലിസ്റ്റുകള്‍.പഴയിടം മോഹനൻ നമ്പൂതിരി ഭക്ഷണമൊരുക്കും; വിഭവസമൃദ്ധ സദ്യക്കൊപ്പം ഫുൽക്ക റൊട്ടിയും പനീർ ബട്ടറും മെനുവിൽ
ആഗോള അയ്യപ്പ സംഗമത്തിന് എത്തുന്നവർക്ക് പഴയിടം മോഹനൻ നമ്പൂതിരിയുടെ കൈപുണ്യം നുകരാം. പ്രതിനിധികൾക്ക് ഉൾപ്പെടെ ഭക്ഷണം ഒരുക്കുന്നത് പഴയിടത്തിന്‍റെ നേതൃത്വത്തിൽ.
4000 പേർക്കാണ് ഇഡ്ഡലിയും ദോശയും ഉൾപ്പെട്ട പ്രഭാത ഭക്ഷണം. ചായയും കാപ്പിയും കൂടാതെ പാൽ ചേർത്ത കോൺഫ്ലേക്സും ഉണ്ട്.രാവിലെ 11ന് 5000 പേർക്കുള്ള ചായയും ഉഴുന്നുവടയും വിതരണം ചെയ്യും. സാമ്പാർ, പുളിശ്ശേരി, മോര്, അവിയൽ, തീയൽ, തോരൻ ഉൾപ്പെടെ ഒമ്പത് കൂട്ടം കറിയും പാലട പ്രഥമനും ചേർന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് വെജിറ്റബിൾ പുലാവും ചില്ലി ഗോപിയും വിളമ്പും. കൂടെ പാലട പ്രഥമന്‍റെ രുചിയും ആസ്വദിക്കാം.
വൈകിട്ട് മൂന്നിന് 5000 പേർക്ക് ചായയും വട്ടയപ്പവും ഒരുക്കും. 3000 പേരെയാണ് അത്താഴത്തിന് പ്രതീക്ഷിക്കുന്നത്. ഫുൽക്ക റൊട്ടിയും പനീർ ബട്ടറും വെജിറ്റബിൾ സാലഡും അത്താഴത്തിനുണ്ട്. 500 പേർക്ക് ഇരുന്നു കഴിക്കാനും ഏഴ് കൗണ്ടറുകളിലായി ബുഫേ സൗകര്യവുമുണ്ട്. കരിമ്പിൻ ചണ്ടിയിൽ തീർത്ത പ്രകൃതി സൗഹൃദമായ പ്ലേറ്റിലാണ് ഭക്ഷണം നൽകുന്നത്. പഴയിടത്തിന്‍റെ നേതൃത്വത്തിൽ 40 ജീവനക്കാരാണ് കലവറയിൽ. 600 കിലോ അരിയും 1500 ലിറ്റർ പാലും പാചകത്തിന് ഉപയോഗിക്കുന്നു.
2017 മുതൽ തുടർച്ചയായി നാലുവർഷം സന്നിധാനത്ത് പഴയിടത്തിന്‍റെ മേൽനോട്ടത്തിൽ ഓണസദ്യ നടത്തിയിട്ടുണ്ട്. പമ്പാ തീരത്തെ പ്രധാന വേദിയോട് ചേർന്നും ഹിൽടോപ്പിലെ 7000 ചതുരശ്രയടി ജർമൻ ഹാങ്ങർ പന്തലിലും ആണ് ഭക്ഷണം വിളമ്പുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.