കൊല്ലം:വർഷങ്ങൾക്കുമുൻപ് കേരളത്തിൽ ജനിച്ച് സ്വീഡനിലേക്ക് ദത്തെടുക്കപ്പെട്ട തോമസ് തന്റെ വേരുകൾ തേടി കേരളത്തിലെത്തി. മാതാപിതാക്കളെയോ സഹോദരങ്ങളെയോ കണ്ടെത്തുകയാണ് ലക്ഷ്യം. 1983 ഓഗസ്റ്റ് 25-ന് തിരുവനന്തപുരത്താണ് ഇദ്ദേഹം ജനിച്ചത്. 84-ൽ ഹോളി ഏഞ്ചൽസ് കോൺവെന്റിൽ എത്തി. അവിടെനിന്ന് ബെംഗളൂരുവിലേക്ക് മാറ്റി. അവിടെനിന്നാണ് സ്വീഡനിലെ ദമ്പതിമാർ ദത്തെടുത്തത്.
സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിൽ സൈക്കോളജിസ്റ്റ് ആയ തോമസ് ആൻഡേഴ്‌സൺ മോഡിഗ് നവമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഉറ്റവരെ കണ്ടെത്താനുള്ള തന്റെ മനസ്സിന്റെ നീറ്റൽ വ്യക്തമാക്കുന്നത്. “എനിക്ക് സ്വീഡനിലൊരു നല്ല അമ്മയെ കിട്ടി. പക്ഷേ, എന്തൊക്കെയോ നഷ്ടപ്പെട്ടിട്ടുണ്ട്.
പേരിടാനറിയാത്ത എന്തൊക്കെയോ വികാരങ്ങൾ. നിങ്ങൾക്ക് ആർക്കെങ്കിലും ചിലപ്പോൾ എന്നെ സഹായിക്കാനാകും. കോൺവെന്റിനു പരിസരത്തെവിടെയോ ഒരു പക്ഷേ, എന്റെ അച്ഛനമ്മമാരും സഹോദരിമാരും കണ്ടേക്കും. അവരെ കണ്ടെത്താൻ മാത്രമാണ് ഞാനിവിടെയെത്തിയത്”-അദ്ദേഹം കുറിപ്പിൽ പറയുന്നു. സ്വീഡനിലെ നാലു ചിത്രങ്ങളും ഇന്ത്യയിലുണ്ടായിരുന്ന സമയത്തെ മൂന്നു ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
മാലദ്വീപിൽ സന്ദർശനത്തിനായി പോയ തോമസ് തിങ്കളാഴ്ച വീണ്ടും കോവളത്ത് എത്തും. എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ +460768881086 എന്ന വാട്സാപ്പ് നമ്പറിലോ p.tomas.andersson@gmail.com എന്ന മെയില്‍ ഐഡിയിലോ അറിയിക്കണമെന്നാണ് തോമസിന്റെ അഭ്യർഥന.
ലോക കേരളസഭാ അംഗമായ, സ്വീഡനിൽ ഐടി മേഖലയിൽ ജോലിചെയ്യുന്ന ജിനു സാമുവേൽ അടക്കം ഒട്ടേറെ മലയാളി സുഹൃത്തുക്കളും കുടുംബത്തെ കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ട്. സാമൂഹിക മാധ്യമത്തിൽ മലയാളികളുടെ സഹായം തേടിയപ്പോഴാണ് താൻ ബന്ധപ്പെട്ടതെന്നും തോമസിന്റെ ആവശ്യം വാട്‌സാപ്പ് കൂട്ടായ്മകളിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിച്ചിട്ടുണ്ടെന്നും ജിനു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.