മുളങ്കുഴൽകൊണ്ട് ഊതി പൊന്നുരുക്കി ആഭരണമുണ്ടാക്കിയ സുവർണകാലം : ഇന്ന് വിശ്വകർമ ജയന്തി

മലപ്പുറം: മൺചട്ടിയിൽ ഉമിനിറച്ച നെരിപ്പോടിൽ ചിരട്ടക്കനൽ ജ്വലിപ്പിച്ച് മുളങ്കുഴൽകൊണ്ട് ഊതി പൊന്നുരുക്കും. പിന്നെ അത് അടിച്ചുപരത്തി നേർമയുറ്റ സ്വർണനൂൽക്കമ്പിയാക്കും.


ഇതുകൊണ്ടാണ് ആഭരണമുണ്ടാക്കുക. കുന്നിക്കുരുവും പൊൻകാരവും ഓട്ടുകഷണത്തിന്റെ ചാലിലിട്ട് ചേർത്തരച്ച് സ്വർണക്കമ്പികളും പൊള്ളകളും അരിമ്പുകളുമൊക്കെ വിളക്കിച്ചേർക്കും. സൂക്ഷ്മഭംഗിയാർന്ന സ്വർണാഭരണങ്ങൾ നിർമിച്ചിരുന്ന ആ സുവർണകാലം. ഇന്ന് അതൊരു വർണക്കിനാവു മാത്രമാണ് പരമ്പരാഗത സ്വർണപ്പണിക്കാർക്ക്.

സെപ്റ്റംബർ 17-ന് വിശ്വകർമജയന്തിയും പ്രധാൻമന്ത്രി വിശ്വകർമയോജനയും ആഘോഷിക്കുമ്പോൾ ആഭരണനിർമാണത്തിന്റെ ആ നാട്ടുമികവിനെക്കുറിച്ചുള്ള സുവർണസ്‌മരണകൾ മാത്രമാണു ബാക്കിയെന്ന് പരമ്പരാഗത ആഭരണനിർമാണ വിദഗ്ധരും ആഭരണവ്യാപാരികളുമായ കൊണ്ടോട്ടിയിലെ എൻ.വി. പ്രകാശും കണ്ണൂരിലെ കെ. ബാലനും പറഞ്ഞു.

പത്തു തോലയുടെ (116.640ഗ്രാം) സ്വർണക്കട്ടിക്ക് 900 രൂപയുണ്ടായിരുന്ന കാലത്തും പെൺമക്കളുടെ നിക്കാഹിന് 101 പവൻ സ്വർണാഭരണങ്ങൾ അണിയിക്കുന്ന രീതിയുണ്ടായിരുന്നു പൊന്നാനി മുതൽ വടക്കോട്ട് മലബാറിലെ മുസ്‌ലിംവീടുകളിൽ. ഹൈന്ദവ തറവാടുകളിൽ സ്ത്രീകൾ പ്രത്യേകം ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കുകയും വിശേഷാവസരങ്ങളിൽ ധരിക്കുകയും പതിവായിരുന്നു.


എങ്കിലും വിവാഹവേളയിൽ വളരെക്കൂടുതൽ സ്വർണം ഹിന്ദുക്കൾക്കിടയിൽ അത്ര വ്യാപകമായിരുന്നില്ല മുൻകാലങ്ങളിൽ.സ്വർണാഭരണങ്ങൾ നിർമിക്കാൻ ശേഷിയുള്ളത് ഏതു വിഭാഗത്തിൽപ്പെട്ടവരായാലും ആഭരണനിർമാണം നടത്തിയിരുന്നത് തട്ടാൻമാർ എന്നറിയപ്പെടുന്ന വിശ്വകർമവിഭാഗത്തിൽപ്പെട്ടവർ തന്നെയായിരുന്നു.

ഒറ്റയക്കംവരുന്ന ഞാലികളോടുകൂടിയ ഞാലിഅലുക്കത്ത് അണിഞ്ഞാൽ ഇബിലീസ് കൂടില്ല എന്നായിരുന്നു വിശ്വാസം. നാഗഫണത്താലി ധരിച്ചാൽ സർപ്പദംശനമുണ്ടാകില്ലെന്നും പാലയ്ക്കാമോതിരമിട്ടാൽ യക്ഷിബാധിക്കില്ലെന്നുമൊക്കെയുണ്ടായിരുന്നു വിശ്വാസങ്ങൾ. പൊൻചിറ്റ്, കുമ്മറ്, കൊരലാരം, ചങ്കേലസ്സ്, കാതില, മണിക്കാതില, ചക്രമാല തുടങ്ങി പലതരം ആഭരണങ്ങൾ, നാഗഫണത്താലി, പൂത്താലി, ഇളക്കത്താലി തുടങ്ങി പലതരം താലികൾ തുടങ്ങി സവിശേഷമായ ഒട്ടേറെ ആഭരണങ്ങൾ നാട്ടിലെ സ്വർണപ്പണിക്കാർ നിർമിച്ചിരുന്നു. വലിയ വെള്ളിയരഞ്ഞാണങ്ങളായിരുന്നു സാധാരണമായിരുന്ന മറ്റൊന്ന്.

തറവാടുകളിൽ കാരണവൻമാർ സ്വർണം വാങ്ങി തട്ടാൻമാരെ ഏൽപ്പിക്കും. തറവാട്ടിൽ ചെന്ന് അവിടെത്തന്നെ താമസിച്ച് ആഴ്‌ചകളോളമെടുത്താണ് മുൻകാലങ്ങളിൽ അതീവഭംഗിയുള്ള ആഭരണങ്ങൾ പണിതൊരുക്കിയിരുന്നത്. കുന്നിക്കുരുകൊണ്ടു തൂക്കി സ്വർണമെടുത്ത് സൂക്ഷ്മഭംഗിയോടെ പണിതൊരുക്കുന്ന ആ വൈദഗ്ധ്യമുള്ള സ്വർണപ്പണിക്കാർ ഇന്നും അവിടവിടെ ബാക്കിയുണ്ട്. പരമ്പരാഗതമായി നിർമിച്ച പഴയ സ്വർണാഭരണങ്ങൾക്ക് സ്വർണവിലയേക്കാൾ കൂടിയ മോഹവില നൽകി സ്വന്തമാക്കാൻ വിദേശങ്ങളിൽനിന്നുപോലും ആളുകൾ എത്തുന്നുണ്ടെന്ന് എൻ.വി. പ്രകാശും ബാലനും പറഞ്ഞു.

എന്നാൽ, ആഭരണനിർമാണത്തിൽ ഏതാണ്ട് സമ്പൂർണമായി യന്ത്രവത്കരണം വന്നതോടെ പരമ്പരാഗത സ്വർണപ്പണിക്കാർ ആഭരണ നിർമാണ-വിപണന മേഖലയിൽനിന്ന് പുറന്തള്ളപ്പെടുന്ന സ്ഥിതിയാണുള്ളത്. പ്രധാൻമന്ത്രി വിശ്വകർമയോജന പോലുള്ള പദ്ധതികളുടെ ഭാഗമായി പരമ്പരാഗത ആഭരണനിർമാണ വിദഗ്ധർക്ക് പുതിയ അവസരങ്ങൾ തുറക്കാനുള്ള പദ്ധതികളുണ്ടാകണമെന്നാണ് മേഖലയിലുള്ളവരുടെ ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !