വേശ്യാവൃത്തി സംബന്ധമായ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹിപ്-ഹോപ്പ് സംഗീതജ്ഞൻ ഷോൺ ഡിഡി കോംബ്സിന് കുരുക്ക് മുറുകുന്നു. കോംബ്സിന് 11 വർഷത്തിൽ കൂടുതൽ തടവുശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂട്ടർമാർ ന്യൂയോർക്ക് ഫെഡറൽ ജഡ്ജിയോട് അഭ്യർത്ഥിച്ചു. 55-കാരനായ ഗായകനെ കുറഞ്ഞത് 135 മാസമെങ്കിലും തടവിലിടണമെന്ന് അവർ ആവശ്യപ്പെട്ടു, ഒപ്പം അദ്ദേഹത്തിന് 500,000 ഡോളർ പിഴ ചുമത്താനും അവർ കോടതിയോട് ആവശ്യപ്പെട്ടു.
പുരുഷ ലൈംഗികത്തൊഴിലാളികളെ ഏർപ്പാടാക്കുകയും താൻ നോക്കി നിൽക്കുമ്പോൾ ഇവർക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാൻ മുൻകാമുകിമാരോട് നിർദേശിക്കുകയും ചെയ്തതാണ് ഷോൺ ഡിഡി കോംബ്സിനെതിരെയുള്ള കുറ്റം. ഇത് വീഡിയോയിൽ പകർത്താനും ഗായകന് ഉദ്ദേശ്യമുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
കോംബ്സിനെതിരെയുള്ള കുറ്റങ്ങൾ അതീവ ഗുരുതരമാണെന്ന് ശിക്ഷാവിധിക്ക് മുന്നോടിയായി സമർപ്പിച്ച രേഖയിൽ പ്രോസിക്യൂട്ടർമാർ എഴുതി. ഷോൺ കോംബ്സിനെപ്പോലെ അക്രമത്തിൽ ഏർപ്പെടുകയും മറ്റുള്ളവരെ ഭയപ്പെടുത്തുകയും ചെയ്ത പ്രതികൾക്ക് ഒന്നിലധികം കേസുകളിൽ പത്ത് വർഷത്തിൽ കൂടുതൽ തടവുശിക്ഷ വിധിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജൂലൈയിലാണ് ഡിഡി കോംബ്സിനെ ശിക്ഷിച്ചത്. കഴിഞ്ഞദിവസമാണ് പ്രോസിക്യൂട്ടർമാർ ശിക്ഷാവിധി സംബന്ധിച്ച ശുപാർശ സമർപ്പിച്ചത്. കോംബ്സിൻ്റെ ആവശ്യങ്ങളും അതിക്രമങ്ങളും തങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് വിശദീകരിക്കുന്ന, അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ച ചിലരുടെ കത്തുകളും സമർപ്പിച്ച രേഖകളിൽ അവർ ഉൾപ്പെടുത്തിയിരുന്നു.
ഈ വെള്ളിയാഴ്ചയാണ് വിധി പുറപ്പെടുവിക്കുക. അതേസമയം, ഡിഡി കോംബ്സിന് 14 മാസത്തിൽ കൂടുതൽ തടവുശിക്ഷ വിധിക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകർ ഫെഡറൽ ജഡ്ജിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മുൻ കാമുകിമാരെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു എന്ന കുറ്റത്തിൽനിന്ന് കോംബ്സിനെ കുറ്റവിമുക്തനാക്കിയതാണെന്നും അവർക്കെതിരായ പീഡനത്തിൻ്റെ തെളിവുകൾ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി അരുൺ സുബ്രഹ്മണ്യൻ പരിഗണിക്കരുതെന്നും അവർ വാദിച്ചു.
കോംബ്സ് മാറിയെന്നും ഏകദേശം 13 മാസത്തെ ജയിൽവാസത്തിനിടയിൽ ഇതിനകം തന്നെ വേണ്ടത്ര അനുഭവിച്ചെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇരയായി സ്വയം ചിത്രീകരിക്കാൻ കോംബ്സ് ശ്രമിക്കുന്നുണ്ടെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. അദ്ദേഹമല്ല ഇര. അദ്ദേഹം കാരണം ദുരിതം അനുഭവിച്ചവരുടെ ജീവിതത്തിലുണ്ടായ പ്രത്യാഘതങ്ങളിലാണ് കോടതി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അവർ വാദിച്ചു.
തങ്ങളുടെ ദീർഘകാലത്തെ ബന്ധത്തിൽ കോംബ്സിനെ അപ്രീതിപ്പെടുത്തിയപ്പോൾ അദ്ദേഹം തന്നെ മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി മുൻ കാമുകി പറഞ്ഞു. ഈ സംഭവങ്ങൾ അപമാനകരവും വെറുപ്പുളവാക്കുന്നതുമായിരുന്നു. അണുബാധകളും അസുഖങ്ങളും ദിവസങ്ങളോളം ശാരീരികവും വൈകാരികവുമായ തളർച്ചയുമാണ് അദ്ദേഹം തനിക്ക് സമ്മാനിച്ചത്. ഒരു പാവയെപ്പോലെയാണ് അദ്ദേഹം തന്നെ നിയന്ത്രിച്ചിരുന്നതെന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.