കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിനിടെ കൂട്ട ജയില്‍ചാട്ടവും. കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500-ലേറെ തടവുകാര്‍ ജയില്‍ചാടിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ജയിലില്‍നിന്ന് രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികള്‍ ഇരച്ചെത്തിയത്. ജയില്‍വളപ്പിനുള്ളില്‍ കയറിയ നൂറുക്കണക്കിന് പ്രക്ഷോഭകാരികള്‍ ജയിലിനുള്ളിലും അക്രമം അഴിച്ചുവിട്ടു. പിന്നാലെ സെല്ലുകള്‍ തകര്‍ത്ത് തടവുകാരെ പുറത്തുവിടുകയായിരുന്നു. മറ്റുചില തടവുകാര്‍ അവസരം മുതലെടുത്ത് സ്വയം സെല്ലുകള്‍ തകര്‍ത്ത് പുറത്തിറങ്ങുകയുംചെയ്തു. ജയിലുകളിലെ രേഖകളടക്കം പ്രക്ഷോഭകാരികള്‍ തീയിട്ട് നശിപ്പിച്ചു. സംഭവസമയത്ത് പോലീസും ജയില്‍ അധികൃതരും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരാരും ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ജയിലില്‍നിന്ന് പുറത്തിറങ്ങിയ മുന്‍ മന്ത്രി സഞ്ജയ് കുമാര്‍ സാഹ് കഴിഞ്ഞ 13 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ്. 2012-ലെ ഒരു ബോംബ് സ്ഫോടനക്കേസിലാണ് ഇദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്.
അഞ്ചുപേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ സഞ്ജയ് കുമാര്‍ ആണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഇതിനുപുറമേ റേഡിയോ ടുഡേയുടെ ഉടമയായ അരുണ്‍ സിംഘാനിയയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. അതേസമയം, താന്‍ നിരപരാധിയാണെന്നായിരുന്നു ജയില്‍ചാടിയ ശേഷം സഞ്ജയ് കുമാറിന്റെ അവകാശവാദം. ജെന്‍ സീ പ്രക്ഷോഭത്തെ അദ്ദേഹം അഭിനന്ദിക്കുകയുംചെയ്തു.
നേപ്പാളിലെ പ്രമുഖ രാഷ്ട്രീയനേതാവായ റാബി ലാമിച്ഛാനെയാണ് കഴിഞ്ഞദിവസം ജയിലില്‍നിന്ന് പുറത്തിറങ്ങിയ മറ്റൊരാള്‍. സഹകരണ ഫണ്ട് തട്ടിപ്പ് കേസില്‍ അറസ്റ്റിലായാണ് റാബി ജയിലിലായത്. രാജ്യത്തെ വിവിധ ജയിലുകളില്‍നിന്നായി 1500-ലേറെ തടവുകാര്‍ രക്ഷപ്പെട്ടതായാണ് വിവരം.
അതിനിടെ, കലാപത്തിനിടെ കൊള്ളയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും വ്യാപകമായി വ്യാപാരസ്ഥാപനങ്ങളും ബാങ്കും ചിലര്‍ കൊള്ളയടിച്ചെന്നാണ് വിവരം. രാഷ്ട്രീയബഞ്ജിയ ബാങ്കിന്റെ ബനേശ്വര്‍ ബ്രാഞ്ച് അക്രമികള്‍ കൊള്ളയടിച്ചു. കവര്‍ച്ച നടത്തിയതിന് 26 പേരെ സൈന്യം അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.