പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി മർദനമേറ്റ വെള്ളയ്യൻ.
കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ആരോപണം. ചിറ്റൂർ ഡിവൈഎസ്പിക്കെതിരെയാണ് വെള്ളയ്യൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്.മൊഴിയെടുക്കാനെന്ന വ്യാജേന വിളിപ്പിച്ച ശേഷം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. ജാമ്യം ലഭിച്ച രണ്ടാംപ്രതിയായ രംഗനായികയോട് കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ഡിവൈഎസ്പി ആവശ്യപ്പെടുകയും ചെയ്തെന്ന് വെള്ളയ്യൻ പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ പ്രഭുവിൽ നിന്നും തനിക്ക് നിരന്തരമായ ഭീഷണിയുണ്ട്. ജാമ്യം ലഭിച്ചിറങ്ങിയ രംഗനായിക തന്നെ കൊല്ലാൻ പദ്ധതിയിടുകയാണ്. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും മുഖ്യ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുറത്തിങ്ങി നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. പൊലീസ് ഓരോ തവണ വിളിക്കുമ്പോഴും താനാണോ പ്രതിയെന്ന് തോന്നിപ്പോകുമെന്നും വെള്ളയ്യൻ പറഞ്ഞു.
അതേസമയം, പൊലീസിനെതിരെ മുതലമടയിൽ ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രേരണയാലാണ് മുഖ്യപ്രതിയെ പിടികൂടാതിരിക്കുന്നതെന്നും പൊലിസ് ഒത്തുകളിക്കുകയാണെന്നുമാണ് ജനകീയ സമിതി ആരോപിക്കുന്നത്. മുഖ്യ പ്രതിയെ പൊലീസ് പിടിച്ചില്ലെങ്കിൽ ജനകീയ സമിതി പിടികൂടി സ്റ്റേഷനിലെത്തിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുതലമടയിലെ ഫാം സ്റ്റേയിലാണ് ആദിവാസി യുവാവിനെ ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദിച്ചത്. തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു വെള്ളയ്യൻ. ഈ സമയം പ്രദേശത്തെ ഫാം സ്റ്റേയിലെ പറമ്പിൽ ബിയർ കുപ്പി കിടക്കുന്നത് കണ്ട യുവാവ് അതെടുത്ത് കുടിച്ചു. ഇതോടെ ഫാംസ്റ്റേ ഉടമ വെള്ളയ്യനെ മർദിക്കുകയും ഇരുട്ടു മുറിയിൽ പൂട്ടിയിട്ട് ആറു ദിവസത്തോളം പട്ടിണിക്കിടുകയുമായിരുന്നു.
ശുചിമുറി പോലും ഇല്ലാത്ത മുറിയിൽ പ്രാഥമിക കൃത്യം പോലും നിർവഹിക്കാൻ യുവാവിന് കഴിഞ്ഞില്ല. ഫാംസ്റ്റേയിലെ ഒരു ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് മുതലമട പഞ്ചായത്ത് അംഗം കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കേസെടുത്തിട്ടും പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.