അർബുദത്തോടുള്ള പോരാട്ടത്തിലാണ് പ്രശസ്ത നടി നഫീസ അലി. 2018-ലാണ് നഫീസയ്ക്ക് സ്റ്റേജ് 3 ഒവേറിയൻ കാൻസർ സ്ഥിരീകരിക്കുന്നത്. ഇപ്പോഴിതാ ആരോഗ്യാവസ്ഥയേക്കുറിച്ചും ചികിത്സയേക്കുറിച്ചും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നഫീസ അലി.
കഴിഞ്ഞദിവസം പെറ്റ് സ്കാൻ ചെയ്തെന്നും ഈ ഘട്ടത്തിൽ സർജറി സാധ്യമല്ലെന്നും നഫീസ കുറിച്ചു. കീമോതെറാപ്പിയിലേക്ക് മടങ്ങുകയാണെന്നും കുറിച്ചിട്ടുണ്ട്.
മനോഹരമായൊരു ഉദ്ധരണിയും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നഫീസ പങ്കുവെച്ചിട്ടുണ്ട്. നിങ്ങൾ പോയാൽ ഞങ്ങൾ ആരിലേക്കാണ് തിരികെയെത്തുക എന്ന് ഒരിക്കൽ മക്കൾ ചോദിച്ചു. നിങ്ങൾ പരസ്പരം കൂടെയുണ്ടാകണം, അതാണ് എന്റെ ഏറ്റവും വലിയ സമ്മാനം എന്നാണ് അവരോട് പറഞ്ഞതെന്നാണ് പോസ്റ്റിലുള്ളത്. ഒരേ ഓർമകളും സ്നേഹവും പങ്കുവെക്കുന്ന പരസ്പരം സംരക്ഷിക്കുന്ന സഹോദരങ്ങളുടെ ബന്ധം മറ്റെന്തിനേക്കാളും ദൃഢമായിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.
മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് നഫീസ അലി. 1976 ലെ ഫെമിന മിസ് ഇന്ത്യ, മിസ് ഇന്റര്‍നാഷനല്‍ സെക്കന്‍ഡ് റണ്ണറപ്പായ നഫീസ അലി സിനിമാതാരം എന്നതിലുപരി രാഷ്ട്രീയ പ്രവര്‍ത്തക, ദേശീയ നീന്തല്‍ താരം എന്നീ നിലകളിലും പ്രശസ്തയാണ്. 2018 മുതല്‍ താന്‍ പെരിറ്റോണിയല്‍ കാന്‍സര്‍ ബാധിതയാണെന്ന നഫീസയുടെ വെളിപ്പെടുത്തല്‍ ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. രോഗത്തിന്റെ ഓരോ ഘട്ടവും നടി നിരന്തരം ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഒവേറിയൻ കാൻസർ
സ്ത്രീകളിൽ സാധാരണമായ കാൻസറാണ് ഒവേറിയൻ കാൻസർ അഥവാ അണ്ഡാശയ അർബുദം. ഓവറികളെ ബാധിക്കുന്ന അർബുദമാണിത്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമ്പോഴേക്കും മറ്റുഭാഗങ്ങളെ ബാധിക്കാനുമിടയുണ്ട്.
അടിവയർ വീർത്തതുപോലെ അനുഭവപ്പെടുക, വീക്കം, ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും വയറു നിറഞ്ഞതായി തോന്നുക, ഭാരക്കുറവ്, അമിതക്ഷീണം, പുറംവേദന, മലബന്ധം, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.മൂന്നുവിധത്തിലാണ് ഒവേറിയൻ കാൻസറുകളുള്ളത്. എപിതെലിയൽ ഒവേറിയൻ കാൻസർ, സ്ട്രോമൽ ട്യൂമേഴ്സ്, ജെം സെൽ ട്യൂമേഴ്സ് എന്നിങ്ങനെയാണത്.
അപകടസാധ്യതാഘടകങ്ങൾ
പ്രായംകൂടുംതോറും ഒവേറിയൻ കാൻസർ സംബന്ധിച്ചുള്ള അപകട സാധ്യതകളും കൂടും. പ്രായമായവരിലാണ് കൂടുതലായി സ്ഥിരീകരിക്കാറുള്ളത്. ചെറിയൊരു ശതമാനം ഒവേറിയൻ കാൻസറുകൾക്കു പിന്നിൽ ജനിതകഘടകങ്ങളാണ് കാരണം. BRCA1, BRCA2 എന്നീ ജീനുകളാണ് സാധ്യത വർധിപ്പിക്കുന്നത്. രക്തബന്ധത്തിലുള്ള ആർക്കെങ്കിലും ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സാധ്യത കൂടുതലാണ്. അമിതവണ്ണവും എൻഡോമെട്രിയോസിസ് എന്ന അവസ്ഥയും ഒവേറിയൻ കാൻസർ സാധ്യത വർധിപ്പിക്കാം. ആർത്തവം നേരത്തേ ആരംഭിക്കുക, ആർത്തവ വിരാമം വൈകുക തുടങ്ങിയവയും ഗർഭിണിയാകാത്തതും രോഗസാധ്യത കൂട്ടാം.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.