ന്യൂഡല്‍ഹി: ഇന്ത്യ യുഎസ് വ്യാപാര ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. ചര്‍ച്ചയ്ക്കായി യുഎസ് ചീഫ് ട്രേഡ് നെഗോഷ്യേറ്റർ ബ്രെൻഡൻ ലിഞ്ചും സംഘവും ഇന്നലെ ന്യൂഡല്‍ഹിയില്‍ എത്തി. നിർദിഷ്‌ട ഉഭയകക്ഷി വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ഇന്ന് താരിഫ് ചര്‍ച്ച നടത്തും.
ഉഭയകക്ഷി വ്യാപാര ധാരണകൾ സംബന്ധിച്ചുള്ള ചർച്ചയിൽ വാണിജ്യ വകുപ്പ് സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാള്‍ പങ്കെടുക്കും. 'ഇന്ത്യയും യുഎസും തമ്മിലുള്ള അഞ്ച് റൗണ്ട് വ്യാപാര ചർച്ചകൾ ഇതിനകം നടന്നിട്ടുണ്ട്. ആറാം റൗണ്ട് 2029 ഓഗസ്റ്റ് 25–29 തീയതികളിലായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, പക്ഷേ പിന്നീട് മാറ്റിവച്ചു.
ഇപ്പോൾ ഈ ആഴ്‌ചയിലെ യോഗം ആറാം റൗണ്ടാണ്. മറ്റ് പങ്കാളികൾ ഉൾപ്പെടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ചർച്ചകളിൽ പങ്കെടുക്കുമെന്ന്' രാജേഷ് അഗർവാള്‍ പറഞ്ഞു.അമേരിക്കയുമായി മാത്രമല്ല, മറ്റ് നിരവധി രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറുകൾ (എഫ്‌ടിഎ) പിന്തുടരാൻ ഇന്ത്യ ഇപ്പോൾ തയ്യാറാണെന്ന് വാണിജ്യ മന്ത്രാലയ സെക്രട്ടറി സുനിൽ ബർത്ത്വാൾ പ്രതികരിച്ചു.
'പുതിയ ജിഎസ്‌ടി പരിഷ്‌കാരങ്ങളെയും നിലവിലുള്ള എഫ്‌ടിഎ സംരംഭങ്ങളെയും കുറിച്ച് മറ്റ് രാജ്യങ്ങളെ അറിയിക്കുന്നതിനായാണ് ചര്‍ച്ചകള്‍ നടത്തുന്നത്. വ്യാപാര ചർച്ചകൾക്കുള്ള ഞങ്ങളുടെ ശേഷി ഗണ്യമായി മെച്ചപ്പെട്ടു. കൂടാതെ നിരവധി ഉത്‌പന്നങ്ങൾക്കുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും ഇപ്പോള്‍ നിലവിലുണ്ട്"- ബർത്ത്വാൾ കൂട്ടിച്ചേർത്തു.
യോഗത്തിൽ നിന്നുള്ള പ്രധാന പ്രതീക്ഷകൾ
താരിഫുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തുടർച്ചയായ ചർച്ചകളിലായിരുന്നു. ഇതിനിടെയാണ് താരിഫ് യുദ്ധം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തുന്നത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങിയാൽ അമിത നികുതി ചുമത്തുമെന്ന ഭീഷണി കൂടി ഉയർന്നതോടെ ബന്ധം കൂടുതൽ വഷളായി.
വ്യാപാര ചർച്ചകൾക്കിടെ റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ തയ്യാറാകുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. ചർച്ചകളിൽ ഇത് സുപ്രധാന വിഷയമായി ഉയർന്നു വരും. താരിഫ് വിഷയത്തിലും ഇളവുകള്‍ സംബന്ധിച്ച് ചർച്ചകള്‍ നടന്നേക്കും. വ്യാപാര കരാറിലും നിർണായക തീരുമാനങ്ങള്‍ ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്.
സെപ്റ്റംബർ 10 ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്ക് വച്ച ഒരു പോസ്റ്റിന് പിന്നാലെയാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ എത്തുന്നത്.
'ഇന്ത്യ യുഎസ് വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ തുടരും എന്ന് സന്തോഷത്തോടെ അറിയിക്കുകയാണ്. എൻ്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്‌ച കളിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചര്‍ച്ചകളുടെ അവസാനത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഗുണമുണ്ടാക്കുന്ന പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു"- ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
'ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിൻ്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നതിന് വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചർച്ചകളിൽ എത്രയും പെട്ടെന്ന് തീരുമാനങ്ങളുണ്ടാകട്ടെ, പ്രസിഡൻ്റ് ട്രംപുമായി സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നു"- മോദി മറുപടി നല്‍കി.
2025 ഓഗസ്റ്റിലെ കയറ്റുമതിയുടെ വാർഷിക വളർച്ച 6.7% ആണെന്ന് പ്രസിഡൻ്റ് എഫ്‌ഐഇഒ എസ് സി റൽഹാൻ പറഞ്ഞു. നിലവില്‍ ആഗോളതലത്തില്‍ നില നില്‍ക്കുന്ന അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യയുടെ കയറ്റുമതിയില്‍ വർധനവ് ഉണ്ടായിട്ടുണ്ട്. ഇറക്കുമതിയിൽ ഉണ്ടായ 10 ശതമാനത്തിലധികം കുറവ് വ്യാപാര കമ്മി ലഘൂകരിക്കാൻ സഹായിച്ചുവെന്നും റല്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.