ഒട്ടേറെ ഇന്ത്യക്കാർ സ്ഥിരതാമസത്തിനായി പ്രധാനമായും തിരഞ്ഞെടുക്കുന്ന രാജ്യമാണ് പോർച്ചുഗൽ. മനോഹരമായ മെഡിറ്ററേനിയൻ ജീവിതശൈലി, സുരക്ഷ, മികച്ച തൊഴിൽ, നിക്ഷേപ അവസരങ്ങൾ എന്നിവയ്ക്ക് പേരുകേട്ട പോർച്ചുഗൽ, യൂറോപ്പിൽ സ്ഥിരതാമസമാക്കാൻ എളുപ്പവഴിയൊരുക്കുന്നു. 26 ഷെംഗൻ രാജ്യങ്ങളിലൂടെ എളുപ്പത്തിൽ യാത്ര ചെയ്യാനും ഇത് അനുവദിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും മികച്ച കാര്യം.
പോർച്ചുഗലിലെ പെർമനന്റ് റെസിഡൻസി (പിആർ) സ്റ്റാറ്റസ് ഒരു താൽക്കാലിക വിസയിൽനിന്ന് വ്യത്യസ്തമാണ്. ഇടയ്ക്കിടെ പുതുക്കേണ്ട ആവശ്യമില്ലാതെ പോർച്ചുഗലിൽ ജീവിക്കാൻ ഇത് അനുവദിക്കുന്നു. പിആർ ഉടമകൾക്ക് വോട്ട് ചെയ്യാനോ പാസ്‌പോർട്ട് നേടാനോ പോലുള്ള പോർച്ചുഗീസ് പൗരന്മാരുടെ എല്ലാ അവകാശങ്ങളും ലഭിക്കുന്നില്ലെങ്കിലും, പോർച്ചുഗലിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴിൽ എന്നിവയുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ അവർക്ക് ആസ്വദിക്കാനാകും.
പോർച്ചുഗലിലെ സ്ഥിരതാമസം എന്നാൽ ചില നിബന്ധനകൾ പാലിച്ച ശേഷം നിങ്ങൾക്ക് അവിടെ അനിശ്ചിതമായി ജീവിക്കാം എന്നാണ്. താൽക്കാലിക റെസിഡൻസ് പെർമിറ്റുകളിൽനിന്ന് വ്യത്യസ്തമായി, പിആർ നിരന്തരം പുതുക്കേണ്ടതില്ല. എന്നാൽ കാർഡ് ഓരോ അഞ്ച് വർഷം കൂടുമ്പോഴും പുതുക്കണം. ഇത് നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും വോട്ട് ചെയ്യാനോ പൊതു പദവികൾ വഹിക്കാനോ അനുവദിക്കുന്നില്ല.
ചില നിബന്ധനകൾ പാലിച്ചാൽ ഇന്ത്യക്കാർക്ക് അപേക്ഷിക്കാം
സാധുവായ റെസിഡൻസ് പെർമിറ്റിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് പോർച്ചുഗൽ പിആറിനായി അപേക്ഷിക്കാം. ഈ കാലയളവിൽ അവർക്ക് ഒരു പോർച്ചുഗീസ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. സാമ്പത്തിക സ്ഥിരത തെളിയിക്കുകയും വേണം. കൂടാതെ കുറ്റമറ്റ ക്രിമിനൽ റെക്കോർഡ് നിലനിർത്തുകയും പോർച്ചുഗീസ് ഭാഷ പഠിക്കുന്നതും ആവശ്യമാണ്.
പ്രശസ്തമായ ഒരു നിക്ഷേപ മാർഗവുമുണ്ട്. ഗോൾഡൻ വിസ പ്രോഗ്രാമിലൂടെ റിയൽ എസ്റ്റേറ്റിലോ മറ്റ് നിക്ഷേപങ്ങളിലോ കുറഞ്ഞത് 500,000 യൂറോ (ഏകദേശം 5.1 കോടി രൂപ) നിക്ഷേപിച്ച് ഇന്ത്യക്കാർക്ക് പിആർ നേടാം. ബിസിനസ്സ് അവസരങ്ങളിൽ താല്പര്യമുള്ളവർക്ക് ഇത് അപേക്ഷിക്കാൻ എളുപ്പമാക്കുന്നു.
ആവശ്യമായ രേഖകൾ
പോർച്ചുഗൽ പിആറിനായി അപേക്ഷിക്കുന്നതിന് നിരവധി രേഖകൾ സമർപ്പിക്കേണ്ടതുണ്ട്:
D7 അപേക്ഷാ ഫോം രണ്ട് ഫോട്ടോകളോടുകൂടിയ സാധുവായ പാസ്‌പോർട്ട് പോർച്ചുഗലിലെ താമസ സൗകര്യത്തിന്റെ തെളിവ് മതിയായ ഫണ്ടിന്റെയോ സ്ഥിര വരുമാനത്തിന്റെയോ തെളിവ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആരോഗ്യ ഇൻഷുറൻസ് എന്തുകൊണ്ടാണ് പിആർ ആഗ്രഹിക്കുന്നത് എന്ന് വിശദീകരിക്കുന്ന ഒരു കത്ത്
പിആർ നേടാനുള്ള വിവിധ വഴികൾ
നിങ്ങൾക്ക് വിവിധ രീതികളിൽ പിആറിനായി അപേക്ഷിക്കാം:
തൊഴിൽ: റെസിഡൻസ് പെർമിറ്റിൽ അഞ്ച് വർഷം പോർച്ചുഗലിൽ ജോലി ചെയ്യുക. ഗോൾഡൻ വിസ പ്രോഗ്രാം: വസ്തുവിൽ നിക്ഷേപിച്ചോ തൊഴിലവസരങ്ങൾ സൃഷ്ടിച്ചോ അല്ലെങ്കിൽ മറ്റ് മാർഗങ്ങളിലൂടെയോ നിക്ഷേപകർക്ക് റെസിഡൻസി നേടാം. ദീർഘകാല താമസം: തുടർച്ചയായി അഞ്ച് വർഷം പോർച്ചുഗലിൽ നിയമപരമായി താമസിക്കുക. കുടുംബം: താമസക്കാരുടെ പങ്കാളികൾ, കുട്ടികൾ അല്ലെങ്കിൽ ആശ്രിതർ എന്നിവർക്ക് രണ്ട് വർഷത്തിന് ശേഷം അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം?
ഇന്ത്യൻ അപേക്ഷകർ ഡൽഹിയിലെയോ മുംബൈയിലെയോ വിഎഫ്എസ് ഗ്ലോബൽ സെന്ററുകളിൽ അവരുടെ അപേക്ഷാ ഫോമുകൾ സമർപ്പിക്കേണ്ടതാണ്. ഡൽഹിയിലെ പോർച്ചുഗീസ് എംബസിയോ ഗോവയിലെ കോൺസുലേറ്റ് ജനറലോ അപേക്ഷ വിലയിരുത്തും.
പോർച്ചുഗലിൽ എത്തിക്കഴിഞ്ഞാൽ
പോർച്ചുഗീസ് സോഷ്യൽ സെക്യൂരിറ്റി ഓഫീസിൽ രജിസ്റ്റർ ചെയ്യുക നാല് മാസത്തിനകം റെസിഡൻസ് പെർമിറ്റിനായി അപേക്ഷിക്കുക സ്ഥിരീകരണത്തിനും ബയോമെട്രിക് വിവരങ്ങൾക്കുമായി SEF (പോർച്ചുഗീസ് ഇമിഗ്രേഷൻ ആൻഡ് ബോർഡേഴ്സ് സർവീസ്)-ലെ ഒരു അഭിമുഖത്തിൽ പങ്കെടുക്കുക. ഈ മുഴുവൻ പ്രക്രിയയ്ക്കും ആറ് മുതൽ 12 മാസം വരെ സമയമെടുക്കുമെന്ന കാര്യം ഓർക്കേണ്ടത് പ്രധാനമാണ്.
അപേക്ഷിക്കുന്നതിനുള്ള ചെലവ്
അടിസ്ഥാന അപേക്ഷാ ഫീസ് ഒരാൾക്ക് 70 യൂറോ (ഏകദേശം 7,226 രൂപ) ആണ്. നിക്ഷേപ മാർഗമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ കുറഞ്ഞത് 500,000 യൂറോ ആവശ്യമാണ്. നിയമങ്ങൾ മാറാമെന്നതിനാൽ, അപേക്ഷിക്കുന്നതിന് മുൻപ് നിലവിലെ ഫീസ് എപ്പോഴും പരിശോധിക്കുക.
എന്തെല്ലാം ശ്രദ്ധിക്കണം?
മതിയായ ഫണ്ടില്ലായ്മ, ക്രിമിനൽ റെക്കോർഡുകൾ, തെറ്റായ വിവരങ്ങൾ നൽകുന്നത്, മുൻപ് ഷെംഗൻ ഏരിയകളിൽ അനുവദനീയമായതിലും കൂടുതൽ കാലം താമസിച്ചത്, പോർച്ചുഗലുമായി യഥാർഥ ബന്ധമില്ലായ്മ തുടങ്ങി നിരവധി കാരണങ്ങളാൽ അപേക്ഷകൾ നിരസിക്കപ്പെടാം.
എന്തുകൊണ്ട് പോർച്ചുഗൽ പിആർ മികച്ച ഓപ്ഷനാകുന്നു
പോർച്ചുഗലിൽ ഒരു പിആർ ഉള്ളതിന്റെ പ്രധാന ആകർഷണം ഷെംഗൻ രാജ്യങ്ങളിൽ ഉടനീളം വിസയില്ലാതെ യാത്ര ചെയ്യാം എന്നതാണ്. ഇത് സുരക്ഷിതവും സുസ്ഥിരവുമായ ഒരു സാഹചര്യം, മികച്ച ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും, ഒപ്പം ശാന്തമായ മെഡിറ്ററേനിയൻ ജീവിതശൈലിയും പ്രദാനം ചെയ്യുന്നു. ഇന്ത്യക്കാർക്ക് സൗഹൃദപരമായ സമൂഹങ്ങളോടൊപ്പം ജീവിതം ആസ്വദിക്കാൻ കഴിയും. ഇത് യൂറോപ്പിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു ജനപ്രിയ തിരഞ്ഞെടുപ്പായി മാറുന്നു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.