ന്യൂഡൽഹി : ബ്രഹ്മപുത്ര നദിയിൽ ചൈന അണക്കെട്ട് നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതിനു പിന്നാലെ ബ്രഹ്മപുത്രയിൽ വലിയ അണക്കെട്ട് നിർമിക്കാൻ ഇന്ത്യയും ഒരുങ്ങുന്നു. അരുണാചൽപ്രദേശിലെ ദിബാങിലാണ് അണക്കെട്ട് നിർമിക്കാൻ ഒരുങ്ങുന്നത്.
ഇതിനുള്ള നടപടികൾ ആരംഭിച്ചു. ബ്രഹ്മപുത്രയിൽ ചൈന വലിയ അണക്കെട്ട് നിർമിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. അണക്കെട്ടു നിർമിച്ചശേഷം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാം. ഈ ഭീഷണിയെ പ്രതിരോധിക്കാനാണ് പുതിയ അണക്കെട്ട് ഇന്ത്യ നിർമിക്കുന്നത്. 278 മീറ്റർ ഉയരമുണ്ടാകും.
പൊതുമേഖലാ സ്ഥാപനമായ നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനാണ് അണക്കെട്ട് നിർമിക്കുന്നത്. 17,069 കോടിരൂപയുടെ എസ്റ്റിമേറ്റ് തയാറായി. ആഗോള ടെൻഡർ വിളിച്ചു. അണക്കെട്ട് നിർമാണം 2032ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 2880 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയും അണക്കെട്ടിന്റെ ഭാഗമായുണ്ടാകും.
ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിർമാണമാണ് ബ്രഹ്മപുത്ര നദിയിൽ ചൈന ആരംഭിച്ചിട്ടുള്ളത്. ടിബറ്റിലെ ഇന്ത്യ–ചൈന അതിർത്തിയിൽ അരുണാചൽ പ്രദേശിനടുത്തുള്ള നിങ്ചിയിലാണ് 16,700 കോടി ഡോളറിന്റെ നിർമാണ പദ്ധതി ആരംഭിച്ചത്. 5 വൈദ്യുത പദ്ധതികൾ ഉൾക്കൊള്ളുന്നതാണ് അണക്കെട്ട്.
ലോകത്തെ ഏറ്റവും വലിയ അണക്കെട്ടായ ചൈനയുടെ തന്നെ ‘ത്രീ ഗോർജസ് ഡാം’ പദ്ധതിയെയും പിന്നിലാക്കുന്നതാണു ബ്രഹ്മപുത്രയിലേത്. മാലയൻ നിരകളിലൂടെ ബ്രഹ്മപുത്ര നദി അരുണാചൽപ്രദേശിലേക്കു പ്രവേശിക്കുന്നതിനു മുൻപ്, വളഞ്ഞൊഴുകുന്ന വൻ മലയിടുക്കിലാണ് പദ്ധതി വരുന്നത്.
അരുണാചൽ കടന്ന് ബ്രഹ്മപുത്ര ഒഴുകുന്നത് ബംഗ്ലദേശിലേക്കാണ്. ഈ മേഖല പരിസ്ഥിതി ലോല പ്രദേശമാണെന്നും തുടർച്ചയായി ഭൂചലനം ഉണ്ടാകാറുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അണക്കെട്ട് ഇന്ത്യയിലേക്കും ബംഗ്ലദേശിലേക്കും ഒഴുകുന്ന വെള്ളത്തിന്റെ അളവിനെ ബാധിക്കില്ലെന്നാണ് ചൈന മറുപടി നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.