തിരുവനന്തപുരം: വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പ് വഴി തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 10 ലക്ഷം തട്ടിയ പ്രതിയെ കർണാടകയിൽ നിന്നും തുമ്പ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. കുളത്തൂർ സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ സൈബർ കുറ്റവാളിയും കർണാടക സ്വദേശിയുമായ പ്രകാശ് ഈരപയെയാണ് തുമ്പ പൊലീസ് പിടികൂടിയത്.
കേരള പൊലീസ് കസ്റ്റഡിയിൽ നിന്നും പ്രതിയെ രക്ഷിക്കാൻ ഗുണ്ടകൾ എത്തിയെങ്കിലും കർണാടക പൊലീസ് കാര്യമായി സഹകരിച്ചില്ലെന്ന് ആരോപണമുണ്ട്. ഒടുവിൽ കോടതിയുടെ ഇടപെടലിലാണ് പ്രതിയെ കേരളത്തിലെത്തിക്കാനായത്.
ഫോൺ നമ്പർ മാത്രം തുമ്പ്
തട്ടിപ്പുകാരൻ ഉപയോഗിച്ച ഒരു ഫോൺ നമ്പർ മാത്രമായിരുന്നു തുമ്പ്. പ്രാഥമിക അന്വേഷണത്തിൽ കർണാടകയിലെ ഗ്രാമപ്രദേശങ്ങളിലാണ് ലൊക്കേഷൻ എന്നറിഞ്ഞെങ്കിലും തട്ടിപ്പുകാരൻ സിം ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിൽ പ്രതിസന്ധിയായി. മൂന്ന് ദിവസം വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് കർണാടകയിലെ കലബുറഗിക്കടുത്തെ കുഗ്രാമത്തിൽ നിന്ന് എസ് ഐ സുധീഷിന്റെ നേതൃത്വത്തിൽ പ്രകാശ് ഈരപയെ പിടികൂടിയത്.
സ്വകാര്യ ബാങ്കിന്‍റെ വ്യാജ ആപ്പ് നിർമിച്ചായിരുന്നു ട്രേഡിങ് മാത്യകയിലെ തട്ടിപ്പ്. ആദ്യം കുറഞ്ഞ തുക നിക്ഷേപിപ്പിച്ച് ലാഭം നൽകി വിശ്വാസമാർജിച്ച ശേഷം വൻ തുക നിക്ഷേപിപ്പിക്കുകയും പിന്നാലെ ആപ്പ് പ്രവർത്തന രഹിതമാകുകയും ചെയ്യുന്നതായിരുന്നു രീതി. 10 ലക്ഷം തട്ടിച്ച പരാതിയുമായി കുളത്തൂർ സ്വദേശി എത്തിയതോടെ ആണ് എസ് എച്ച് ഒ ബിനുവിന്റെ നിർദ്ദേശാനുസരണം സുധീഷും ടീമും അന്വേഷണം ആരംഭിച്ചത്.
വ്യത്യസ്ത ഇടങ്ങളിലായി അഞ്ച് ബാങ്കുകളിൽ പ്രതിക്ക് അക്കൗണ്ടുണ്ടെന്ന് മനസിലായിരുന്നു. പൊലീസ് കർണാടകയിൽ നിന്നും ഇയാളെ പിടികൂടിയപ്പോൾ പണം നഷ്ടപ്പെട്ടയാൾക്ക് 10 ലക്ഷം ട്രാൻഫർ ചെയ്യാമെന്നും പൊലീസ് ചോദിക്കുന്നതെന്തും കൊടുക്കാമെന്നും പറഞ്ഞ് അന്വേഷണ സംഘത്തെയും ഇയാൾ സ്വാധീനിക്കാൻ ശ്രമിച്ചു.
വഴങ്ങാതായതോടെ ഇയാളുടെ കൂട്ടാളികളെത്തി ഭീഷണി മുഴക്കാൻ തുടങ്ങി. ഒടുവിൽ അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായം തേടി. തുടർന്ന് അശോക് നഗറിലെ ലോക്കൽ പൊലീസ് പ്രതിയുമായി സ്റ്റേഷനിലെത്തി. അവിടെ രാഷ്ട്രീയക്കാരും പ്രതിയുടെ ഗുണ്ടകളും കാത്തുനിൽപ്പുണ്ടായിരുന്നു. അവിടത്തെ എസ് എച്ച് ഒയും കേരള പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണമുണ്ട്. ഇതിലൊന്നും പ്രയോജനമില്ലെന്ന് കണ്ടതോടെ സ്റ്റേഷനിലെ പൊലീസുകാർ പ്രതിയുടെ കൂട്ടാളികൾക്കായി സ്റ്റേഷനിൽ നിന്നും മാറി.
ഒടുവിൽ എന്തും വരട്ടേയെന്ന് കരുതി വൈദ്യപരിശോധനക്കായി പ്രതിയെ വിലങ്ങ് വച്ച് പുറത്തിറക്കുകയായിരുന്നു തുമ്പ പൊലീസ്. പുറത്തെ സംഘം വളഞ്ഞപ്പോൾ പൊലീസ് കൺട്രോൾ റൂമിൽ വിളിക്കാൻ തുടങ്ങി. ഇതിന് പിന്നാലെ ജി ഡി ഇടപെട്ടതോടെ പ്രതിഷേധിച്ചവർ വഴി മാറി. തുടർന്ന് ഓട്ടോയിൽ പ്രതിയെ ആശുപത്രിലെത്തിച്ചു. വൈകിട്ട് 6.30 ന് കോടതിയിലെത്തിച്ചപ്പോൾ മജിസ്ട്രേറ്റ് പൊയ്ക്കഴിഞ്ഞിരുന്നു. മജിസ്ട്രേറ്റിന്റെ ഫോൺ നമ്പർ പോലും ആരും നൽകിയില്ല.
പുറത്തിറങ്ങിയാൽ പ്രതിയുടെ ഗുണ്ടകൾ മോചിപ്പിക്കുമെന്നായതോടെ അന്വേഷണ സംഘം പ്രതിയുമായി സമീപത്തെ ലീഗൽ സർവിസ് അതോറിട്ടി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് ഓടിക്കയറി. അവിടെയുണ്ടായിരുന്ന മജിസ്ട്രേറ്റ് റാങ്കിലെ ഓഫീസറോട് കാര്യങ്ങൾ പറഞ്ഞു. തുടർന്ന് ലീഗൽ സർവിസ് അതോറിട്ടിയുടെ മേൽനോട്ടത്തിൽ പ്രതിയുമായി മജിസ്ട്രേറ്റിന്റെ വീട്ടിലെത്തി. അപ്പോഴും പ്രതിയുടെ ഗുണ്ടകൾ സംഘത്തെ പിന്തുടരുന്നുണ്ടായിരുന്നു.
മജിസ്ട്രേറ്റിന്‍റെ ഇടപെടൽ നിർണായകമായി
മജിസ്ട്രേറ്റിനോട് കാര്യങ്ങൾ വിവരിച്ചെങ്കിലും അടുത്ത ദിവസം വരാനാണ് ആവശ്യപ്പട്ടത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതോടെയാണ് മജിസ്ട്രേറ്റ് ഉത്തരവിറക്കിയത്. ഇതിനിടെ പുറത്ത് തടിച്ചുകൂടി നിന്ന ഗുണ്ടകൾ പ്രതിയെ വിട്ടുകിട്ടണമെന്ന് ബഹളം വച്ചതോടെ മജിസ്ട്രേറ്റ് സുരക്ഷാ ഉദ്വേഗസ്ഥരെ വിളിച്ചു വരുത്തി ഗുണ്ടകളെ തുരത്തി. തുടർന്ന് രാത്രി 9 ന് പ്രതിയെയും കൊണ്ട് നാട്ടിലേക്ക് തിരിച്ചു. കേരളത്തിലേക്ക് എത്തുന്നത് വരെ പ്രതിയുടെ ആൾക്കാർ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. എസ് ഐ സുധീഷിനൊപ്പം ഉദ്യോഗസ്ഥരായ മഹേഷ്, സജാദ് എന്നിവരുൾപ്പെട്ട സ്പെഷ്യൽ സ്ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ചയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ കൊച്ചിയിലും സമാന സ്വഭാവമുള്ള കേസ് ഇയാൾക്കെതിരെ ഉണ്ടെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.