കൊല്ലൂർ ;നവരാത്രി ഉത്സവത്തിനായി എത്തുന്ന തീർഥാടകരെ വരവേൽക്കാൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ. പല ദേശങ്ങളിൽ നിന്നും വിശ്വാസികൾ മൂകാംബികയിലെത്തി തുടങ്ങി.
ചൊവ്വാഴ്ച വൈകിട്ടോടെ ക്ഷേത്ര പരിസരം ജനനിബിഡമാകും. പതിവിലും വിപരീതമായി ഇത്തവണ മഴ പെയ്യുന്നുണ്ട്. മൂന്നു ദിവസമായി തുടരുന്ന മഴ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പിൻവാങ്ങി.ചൊവ്വാഴ്ച വൈകിട്ടോടെയാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ എത്തുന്നത്. മിക്ക ഹോട്ടലുകളിലും മുറികൾ നേരത്തെ തന്നെ ബുക്കിങ്ങായി കഴിഞ്ഞു. അവശേഷിക്കുന്ന മുറികൾക്ക് ഇരട്ടി വാടകയാണ് ആവശ്യപ്പെടുന്നത്.സാധാരണ സമയങ്ങളിൽ 800 രൂപ മുതൽ മുറി കിട്ടിയിരുന്നത് ഇപ്പോൾ ഇരട്ടി നൽകണം. പരിമിതമായ ഹോട്ടലുകളിൽ മാത്രമേ മുറികൾ അവശേഷിക്കുന്നുള്ളു. മഹാനവമി, വിജയ ദശമി ദിവസങ്ങളിലാണ് മൂകാംബികയിൽ ഏറ്റവും തിരക്ക്. പാർക്കിങ്ങിനു സ്കൂൾ മൈതാനം; ട്രെയിനുകളിൽ തിരക്കേറി നവരാത്രിയോട് അനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങൾ മൂകാംബിക ക്ഷേത്രം ട്രസ്റ്റും സർക്കാരും ചേർന്ന് ഒരുക്കിയിട്ടുണ്ട്.ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം കൊല്ലൂരിൽ ക്യാംപ് ചെയ്ത് സേവനം നൽകും. വാഹനം പാർക്ക് ചെയ്യുന്നതിനു സമീപത്തെ സ്കൂൾ ഗ്രൗണ്ടിൽ അടക്കം സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും കൂടുതൽ പൊലീസും സന്നദ്ധ പ്രവർത്തകരുമുണ്ട്. നൂറോളം പൊലീസ് ഉദ്യോഗസ്ഥരെയും അത്ര തന്നെ ഹോം ഗാർഡിനേയും അധികമായി വിന്യസിച്ചിട്ടുണ്ട്.കെഎസ്ആർടിസി പതിവ് സർവീസുകൾ മാത്രമാണ് നടത്തുന്നത്. നവമി, വിജയദശമി ദിവസങ്ങളിൽ പ്രത്യേകം സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പുകളും വന്നിട്ടില്ല. മൂകാംബികയിൽ എത്തുന്നവരിൽ നിരവധിപേർ കുടജാദ്രിയിലേക്കും പോകുന്നുണ്ട്. നൂറ്റമ്പതോളം ജീപ്പുകളാണ് സർവീസ് നടത്തുന്നത്. രാവിലെ 6 മണി മുതൽ വൈകിട്ട് മൂന്ന് വരെയാണ് ജീപ്പ് സർവീസ്. ബൈന്ദൂർ വഴി പോകുന്ന ട്രെയിനുകളിൽ ചൊവ്വാഴ്ച മുതൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്.സാധാരണ 9 ദിവസം ആഘോഷിക്കുന്ന നവരാത്രി ഇത്തവണ ഒക്ടോബർ 2 വരെ പത്ത് ദിവസം നീണ്ടുനിൽക്കും. ഈ വർഷത്തെ പഞ്ചാംഗ പ്രകാരം 10 ദിവസമാണ് ഉത്സവം. വ്യാഴാഴ്ചയോടെ വിജയ ദശമി പൂജകൾ പൂർത്തിയാകുമെങ്കിലും ഞായറാഴ്ച വരെ ഭക്തജന തിരക്കുണ്ടാകുമെന്നാണ് ക്ഷേത്രം ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്.മൂന്നിന് വിദ്യാരംഭം, മഹാനവമിക്ക് പുഷ്പരഥോത്സവം മഹാനവമി ദിവസം രാവിലെ 11.30ന് ചണ്ഡികായാഗം നടക്കും. ഉച്ചയ്ക്ക് 1.15 ന് ധനുർലംഗന മുഹൂർത്തത്തിൽ മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ പുഷ്പ രഥോത്സവ ചടങ്ങുകൾക്ക് തുടക്കമാകും.
മൂകാംബികാ ദേവിയെ പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ഒക്ടോബർ 2ന് വിജയദശമി നാളിൽ പുലർച്ചെ 3ന് നടതുറന്ന് വിദ്യാരംഭ ചടങ്ങുകൾക്കു തുടക്കമാകും. ഉച്ചതിരിഞ്ഞ് 12.30 വരെ എഴുത്തിനിരുത്താൻ അവസരമുണ്ടാകും. വൈകിട്ട് വിജയരഥോത്സവത്തോടെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും. ഉത്സവ നാളുകളിൽ രാവിലെ മുതൽ മൂന്ന് നേരം ഭക്തർക്ക് ഭക്ഷണം ഉണ്ടാകും. പ്രധാന ദിവസങ്ങളായ 1, 2 തിയതികളിൽ പുലർച്ചെ മൂന്നിനു നട തുറക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.