പാലാ ;മലങ്കരയിലെ മാർത്തോമാ നസ്രാണി സമുദായത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രയത്നിക്കുകയും യാത്രാവിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകത്തിന്റെ രചനയിലൂടെ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അതുല്യ സംഭാവനകൾ നൽകുകയും ചെയ്ത മഹാനായ ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-)o ജന്മദിനാഘോഷം ജന്മസ്ഥലമായ കടനാട്ടിൽ സമുചിതമായി കൊണ്ടാടുന്നു.
സെപ്റ്റംബർ പത്താം തീയതി വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ അഭി. മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവ് , കേരള കൗൺസിൽ ഓഫ് ചർച്ചസ് ചെയർമാൻ അലക്സിയോസ് മാർ യൗസേബിയൂസ് എന്നിവർ പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തുന്നതാണ്.പാലാ രൂപത വികാരി ജനറൽ മോൺ. ജോസഫ് മലേപറമ്പിൽ, കടനാട് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് പാനാംപുഴ, രാമപുരം ഫൊറോനാ പള്ളി വികാരി ഫാ. ബർക്കുമാന്‍സ് കുന്നുംപുറം, ശ്രീ. ടോമി കല്ലാനി, ഷെവ. ഉമ്മച്ചൻ വേങ്കടത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നതാണ്.1736 സെപ്റ്റംബർ 10ന് കട നാട്ടിൽ ജനിച്ച മാർ തോമ്മാ കത്തനാരുടെ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലുള്ള എട്ടുവർഷം നീണ്ട ക്ലേശകരമായ റോമാ - പോർച്ചുഗൽ യാത്രയും മടങ്ങി വന്നതിനുശേഷം ഉള്ള സഭാ - സമുദായ നേതൃത്വവും ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്തെ സാഹസിക നേതൃത്വവും യാത്രാവിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകത്തിന്റെ രചനയും എല്ലാം അദ്ദേഹത്തെ അതുല്യപ്രതിഭയാക്കി മാറ്റി.ഇരുപതാം നൂറ്റാണ്ടിലെ സഭൈക്യ മുന്നേറ്റങ്ങൾ യൂറോപ്പിലും മറ്റും ഉടലെടുക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പേ സഭകളുടെ ഐക്യം പ്രാവർത്തികമാക്കിയ ദീർഘദര്‍ശി, സ്വജാതിയിൽ നിന്ന് നേതൃത്വം അനുവദിക്കാതെ വിദേശികളാൽ ഭരിക്കപ്പെടുന്ന സഭയുടെ സ്വാതന്ത്ര്യസമര പോരാളി, നാട്ടുരാജ്യങ്ങളായി ചിതറി കിടക്കുമ്പോഴും ഒരൊറ്റ ഇന്ത്യ എന്ന ദേശീയ വാദത്തിന്റെ തുടക്കക്കാരൻ ഒക്കെ ആയി അതിപ്രധാന്യമുള്ള ഈ വ്യക്തിത്വത്തിന്റെയും സഭാ ചരിത്രത്തിന്റെയും അറിവും ശ്രേഷ്ഠതയും അയവിറക്കാനും പുതിയ തലമുറയിലേക്ക് പകരാനും ആണ് പാറേമ്മാക്കൽ ജയന്തി ആഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത്.
പരിപാടിയുടെ വിജയത്തിന് വൈദികരും കൈക്കാരന്മാരും പാറേമ്മാക്കൽ കുടുംബയോഗ പ്രതിനിധികളും അൽമായരുമടങ്ങുന്ന വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നതായും പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ, ഫാ. സിറിൾ തയ്യിൽ, സെന്നിച്ചൻ കുര്യൻ,ബിനു വള്ളോംപുരയിടം, ബെന്നി ഈന്തനാക്കുന്നേൽ, തോമസ് കാവുംപുറം തുടങ്ങിയവർ പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.