ഭോപ്പാൽ: ടെലിവിഷൻ കാണുന്നതിനിടെ വിഷപ്പാമ്പിന്‍റെ കടിയേറ്റ് രണ്ട് കുട്ടികൾ മരിച്ചു. അച്ഛനോടൊപ്പം ടിവി കാണുകയായിരുന്ന കുട്ടികളാണ് മരിച്ചത്. പാമ്പിന്‍റെ കടിയേറ്റ കുട്ടികളുടെ അച്ഛൻ ചികിത്സയിലാണ്. മധ്യപ്രദേശിലെ ലാൻജി തഹസിലെ കുൽപ ഗ്രാമത്തിൽ താമസിക്കുന്ന ദിനേശ് ദഹാരെയുടെ മക്കളായ കുനാൽ, ഇഷാന്ത് എന്നിവരാണ് മരിച്ചത്. കടിച്ചത് പാമ്പാണെന്ന് ആദ്യം മനസ്സിലായിരുന്നില്ല.
ഡോക്ടർക്ക് കാരണം കണ്ടെത്താനായില്ല
രാത്രി 10 മണിയോടെ കുടുംബം ടിവി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടികൾ പെട്ടെന്ന് ഛർദ്ദിക്കാൻ തുടങ്ങിയതിന്‍റെ കാരണം വ്യക്തമായില്ല. രണ്ട് കുട്ടികളെയും ബന്ധുക്കൾ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി. കുട്ടികൾ അവശ നിലയിലാകാൻ എന്താണ് കാരണമെന്ന് ഡോക്ടർക്ക് കണ്ടെത്താൻ കഴിയാതെ വന്നതോടെ, കുട്ടികളെ ഗോണ്ടിയയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇളയ മകനായ ഇഷാന്ത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. മൂത്ത മകനായ കുനാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു. അച്ഛൻ ദിനേശ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മൂവർക്കും പാമ്പ് കടിയേറ്റതാണെന്ന് ആദ്യ ഘട്ടത്തിൽ ആരും തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോഴാണ് പാമ്പ് കടിച്ചതാണെന്ന് മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു.
വീട് അരിച്ചുപെറുക്കിയപ്പോൾ ശംഖുവരയൻ
തുടർന്ന് അയൽവാസികൾ ദിനേശിന്‍റെ വീട്ടിൽ പരിശോധന നടത്തി. അവിടെ നിന്ന് വെള്ളിക്കെട്ടൻ അഥവാ ശംഖുവരയൻ പാമ്പിനെ (Common Krait) കണ്ടെത്തി. അതിനെ നാട്ടുകാർ തല്ലിക്കൊന്നു. ഉഗ്രവിഷമുള്ള പാമ്പുകളിൽ ഒന്നാണിത്. പക്ഷേ ഈ പാമ്പിന്‍റെ കടിയേറ്റാൽ വേദന പലപ്പോഴും അറിയാറില്ല.
പാമ്പിന്റെ വിഷം ശരീരത്തിൽ കയറി കുറച്ചുനേരം കഴിഞ്ഞ ശേഷമാണ് സാധാരണയായി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. കടിയേറ്റാൽ കാഴ്ച മങ്ങൽ, ഓർമ്മക്കുറവ്, മരവിപ്പ്, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടും. ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാം. ഉറക്കത്തിൽ ഇവയുടെ കടിയേറ്റതറിയാതെ മരണങ്ങളുമുണ്ടായിട്ടുണ്ട്. കുട്ടികളുടെ അമ്മ അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന്‍റെ ആഘാതത്തിലാണ്. ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.