അൽബേനിയ : ലോകത്തെ ആദ്യ എഐ മന്ത്രിയെ നിയമിച്ചിരിക്കുകയാണ് അൽബേനിയ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖല കൈകാര്യം ചെയ്യുന്നതിനുള്ള മന്ത്രിയെ നിയമിച്ചതാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് ആ മന്ത്രിയല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വിർച്വൽ മന്ത്രിയാണ് അൽബേനിയയിൽ അധികാരമേറ്റിരിക്കുന്നത്. ഡിയേല (Diella) എന്നാണ് പേര്.
വെറുതെ പ്രദർശനത്തിന് വേണ്ടിയല്ല ഈ ഉദ്യമം. അൽബേനിയൻ (Albania) ഭരണകൂടം കാര്യമായി തന്നെയാണ്. രാജ്യത്തെ പൊതുഭരണകാര്യങ്ങളും പൊതുചെലവുകളും നിരീക്ഷിക്കാനും അഴിമതി തുടച്ചുനീക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. സെപ്റ്റംബർ 11 ന് ടിറാനയിൽ നടന്ന സോഷ്യലിസ്റ്റ് പാർട്ടിയുടെ അസംബ്ലി ചടങ്ങിലാണ് എഐ മന്ത്രിയെ അവതരിപ്പിച്ചത്.
രാജ്യത്ത് ഒരിക്കൽ ഒരു ഡിജിറ്റൽ മന്ത്രിയോ എഐ പ്രധാനമന്ത്രിയോ ഉണ്ടാകുമെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ കഴിഞ്ഞ വർഷം പറഞ്ഞിരുന്നുവെങ്കിലും അത് ഇത്രവേഗം യാഥാർഥ്യമാവുമെന്ന് ആരും കരുതിയിരുന്നില്ല. അൽബേനിയൻ മന്ത്രിസഭയിലെ മനുഷ്യനല്ലാത്ത ഏക അംഗമാണ് ഇപ്പോൾ ഡിയേല.
ഒരു സുപ്രഭാതത്തിൽ ഡിയേല മന്ത്രിക്കസേരയിൽ കയറി ഇരുന്നു എന്ന് ധരിക്കരുത്. കഴിഞ്ഞ കുറച്ച് കാലമായി സർക്കാരിന്റെ ഡിജിറ്റൽ പോർട്ടലുകൾ വഴി പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകിവരുന്ന പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നയാളാണ് ഡിയേല. വോയ്സ് കമാൻഡിലൂടെ ഔദ്യോഗിക സേവനങ്ങൾ ലഭ്യമാക്കാൻ ജനങ്ങൾക്ക് ഡിയേല സഹായം നൽകി.
മന്ത്രിയെന്ന നിലയിൽ സുപ്രധാന ചുമതലകളാണ് സർക്കാർ ഡിയേലക്ക് നൽകിയിരിക്കുന്നത്. സർക്കാർ സ്വകാര്യ കമ്പനികൾക്ക് നൽകുന്ന എല്ലാ ടെൻഡറുകളും ചെലവുകളും കമ്പനികളുടെ യോഗ്യതയും ഇനി ഡിയേല പരിശോധിക്കും. ടെൻഡറുകൾക്കായി ലോകത്തെവിടെ നിന്നും യോഗ്യരായ ആളുകളെ കണ്ടെത്താനും ഡിയേലയ്ക്ക് അധികാരമുണ്ട്. ടെൻഡറുകൾ നൽകുന്നതിൽ മനുഷ്യരായ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്നുണ്ടാകുന്ന മുൻവിധികളും താത്പര്യങ്ങളും ഒഴിവാക്കാൻ ഇതുവഴി സാധിക്കും. മാത്രവുമല്ല ഈ മന്ത്രിക്ക് ശമ്പളം വേണ്ട.പോലീസിന്റേയും പട്ടാളത്തിന്റേയും അകമ്പടിയോ ആവശ്യമില്ല. ഏൽപിച്ച പണി കൃത്യമായി ചെയ്യും. കൈക്കൂലി വാങ്ങുമെന്ന ഭയവും വേണ്ട.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കഥാപാത്രമായ (AI Character) ഡിയേലക്ക് മനുഷ്യരുടെ മേൽനോട്ടം ആവശ്യമാണോ എന്നത് സംബന്ധിച്ച വിവരങ്ങൾ സർക്കാർ പങ്കുവെച്ചിട്ടില്ല.വ്യാപകമായ അഴിമതി ആരോപണങ്ങൾ ഉയരുന്ന രാജ്യമാണ് അൽബേനിയ. ഈ സാഹചര്യത്തിലാണ് ഡിയേലയെ നിയമിച്ചിരിക്കുന്നത്. സർക്കാർ മേഖലയിൽ എഐയെ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്നതിന് ഉദാഹരണമാണിത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.