" ഇനി സൈറൺ മുഴക്കേണ്ട , കണ്ടുകെട്ടും " മുന്നറിയിപ്പുമായി കളക്ടർ

കണ്ണൂർ: കണ്ണൂർ നഗരസഭാ ഓഫീസിൽ നിന്ന് പതിവായി മുഴങ്ങുന്ന സൈറൺ ശബ്ദത്തെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. അനുവദനീയമായ പരിധിയിലും കൂടുതലായ ശബ്ദം പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി സൈറണിൻ്റെ ശബ്ദം കുറയ്ക്കുകയോ ബദൽ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ ഉത്തരവിട്ടതോടെയാണ് തർക്കം മൂത്തത്. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ ഉപകരണങ്ങൾ കണ്ടുകെട്ടുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ, കലക്ടറുടെ നടപടി അധികാര ദുർവിനിയോഗവും തദ്ദേശ സ്ഥാപനങ്ങളുടെ അധികാരത്തിന്‍ മേലുള്ള കടന്നുകയറ്റവുമാണെന്ന് ആരോപിച്ച് നഗരസഭ രംഗത്തെത്തി. തങ്ങളുടെ അധികാര പരിധിയിൽ പെട്ട വിഷയത്തിൽ ജനങ്ങളിൽ നിന്ന് പരാതി ലഭിച്ചാൽ മാത്രം ഇടപെടേണ്ട കലക്ടർ, നഗരസഭയുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനമെടുത്തെന്നാണ് കോർപ്പറേഷൻ്റെ നിലപാട്.

കലക്ടറുടെ ഉത്തരവും നഗരസഭയുടെ പ്രതികരണവും

ദിവസവും രാവിലെയും വൈകിട്ടും ആറിനും ഉച്ചയ്ക്ക് ഒന്നിനും മുഴങ്ങുന്ന സൈറൺ, അനുവദനീയമായ 75 ഡെസിബലിനെക്കാൾ 19.9 ഡെസിബൽ കൂടുതലാണെന്ന് സീനിയർ എൻവയോൺമെൻ്റൽ എഞ്ചിനീയർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് പരിസരവാസികൾക്ക് അസ്വസ്ഥതയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ്.

എന്നാൽ, നഗരസഭയെ നേരിട്ട് സമീപിച്ചുകൊണ്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, പരാതിയുണ്ടെങ്കിൽ അത് കോർപ്പറേഷന് കൈമാറി ചർച്ച നടത്താൻ തയാറാണെന്നും ഡെപ്യൂട്ടി മേയർ പി ഇന്ദിര വ്യക്തമാക്കി. കൂടാതെ, ചരിത്രപ്രാധാന്യമുള്ള ഈ സൈറൺ നിർത്തരുതെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പേർ ഒപ്പിട്ട നിവേദനവും നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് സൈറൺ മുഴക്കുന്നത് തുടരുമെന്ന് അവർ കൂട്ടിച്ചേർത്തു. അതേസമയം, കോർപ്പറേഷൻ ഓഫീസിനടുത്തുള്ള റേഞ്ച് ഹൗസിലെ ജീവനക്കാർക്ക് പ്രയാസമുണ്ടാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി റേഞ്ച് ഡിഐജി ഏപ്രിലിൽ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നെങ്കിലും, കൗൺസിൽ യോഗം അത് നിരസിച്ചിരുന്നു.


ദിവസവും രാവിലെയും വൈകിട്ടും ആറിനും ഉച്ചയ്ക്ക് ഒന്നിനുമാണ് സൈറൺ മുഴക്കാറുള്ളത്. ശബ്ദപരിധി കൂടുതലായതിനാൽ പരിസരവാസികൾക്ക് അസ്വസ്ഥതയും ആരോഗ്യപ്രശ്നവും ഉണ്ടാകുന്നതായി കാണിച്ച് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ചെയ്തിരുന്നതായി കലക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്.ഇത് പരിശോധിച്ച് സീനിയർ എൻവൈറൽമെൻ്റൽ എൻജിനീയർ പശ്ചാത്തല ശബ്ദവും സൈറണ് മുഴക്കുന്ന സമയത്തിനുള്ള ശബ്ദവും തമ്മിലുള്ള വ്യത്യാസം 28.7 ഡിസിബിൾ ആണെന്ന് കണ്ടെത്തിയിരുന്നു. വ്യത്യാസം 10 ഡിസൈബലിൽ കൂടാൻ പാടില്ല. അനുവദനീയ ശബ്ദപരിധിയായ 75 ഡെസിബലിനേക്കാൾ 19.9 കൂടുതലാണെന്നും കണ്ടെത്തിയിരുന്നു.

ചരിത്രപരമായ പോര്: 1944-ലെ സൈറൺ വിവാദം

കണ്ണൂരിലെ സൈറണെ ചൊല്ലിയുള്ള തർക്കം ഇതാദ്യമല്ല. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന 1944 കാലത്ത് യൂറോപ്പില്‍ ആരംഭിച്ച യുദ്ധം ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചതോടെ ഏഷ്യയിൽ വൻശക്തികളായ ബ്രിട്ടനും ജപ്പാനും എതിർ ചേരിയിലുമായി. യുദ്ധത്തിൽ ഏഷ്യയിൽ വൻ മുന്നേറ്റം നടത്തിയ ജപ്പാൻ 1943 ഒക്ടോബർ 11 ന് മദ്രാസ് പ്രസിഡൻസിയുടെ ആസ്ഥാനമായ മദ്രാസിൽ ബോംബ് ആക്രമണം നടത്തി പ്രസിഡൻസിയിൽ ഉൾപ്പെട്ട അന്നത്തെ മലബാർ ജില്ലയിലെ പ്രധാന പട്ടണങ്ങളായ കോഴിക്കോടും കൊച്ചിയിലും കണ്ണൂരിലും ഏതു നിമിഷവും ജപ്പാൻ ആക്രമിക്കും എന്ന ആശങ്കയുണ്ടായി ഇതേ തുടർന്നാണ് അപ്രതീക്ഷിതമായി ബോംബ് ആക്രമണമോ മറ്റോ ഉണ്ടായാൽ പൊതുജനത്തിന് അപായ സൂചന നൽകാനുള്ള മുൻകരുതലിൻ്റെ ഭാഗമായി മലബാറിലെ ബ്രിട്ടീഷ് അധികാരികൾ കോഴിക്കോടും കൊച്ചിയിലും കണ്ണൂർ ടൗണിലെ പൊലീസ് സ്റ്റേഷനിലും സൈറണുകൾ സ്ഥാപിച്ചതെന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്.

ബോംബ് ആക്രമണം ഉണ്ടാകുമ്പോൾ സൈറൺ മുഴങ്ങും. ഉടനെ സുരക്ഷിതസ്ഥാനത്തേക്ക് നീങ്ങണം എന്നായിരുന്നു സൈറൺ സ്ഥാപിക്കുമ്പോൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് സൈറൺ മുഴങ്ങുന്നുണ്ടോ എന്ന് കാതോർത്തിരുന്ന കണ്ണൂർ നഗരവാസികളുടെ ഇപ്പോഴത്തെ തലമുറയ്ക്ക് രാവിലെയും വൈകിട്ടും ഉള്ള സൈറൺ പതിവ് കേൾവിയാണ്.

ഈ സൈറൺ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതി ഉപയോഗിച്ച വകയിൽ ചെലവായ 73 രൂപയെ ചൊല്ലിയായിരുന്നു അന്ന് തർക്കം. ഈ തുക കണ്ണൂർ മുനിസിപ്പാലിറ്റിക്ക് നൽകണമെന്നാവശ്യപ്പെട്ട് അന്നത്തെ മുനിസിപ്പൽ കമ്മീഷണറായിരുന്ന ബാലഗംഗാധര മേനോൻ അപേക്ഷ നൽകി. മദ്രാസിലെ ഡയറക്ടർ ഓഫ് സിവിൽ ഡിഫൻസ് ഓഫീസിലേക്കായിരുന്നു ഈ അപേക്ഷ. ഈ അപേക്ഷയുടെയും അതിന് മദ്രാസിലെ ഡയറക്ടർ ഓഫ് സിവിൽ ഡിഫൻസ് നൽകിയ മറുപടിയുടെയും രേഖകൾ കോഴിക്കോട് മദ്രാസ് ഗവൺമെൻറ് പബ്ലിക് ഡിപ്പാർട്ട്മെൻ്റിൻ്റെ നമ്പർ ഒന്ന് സീരിയൽ നമ്പർ ഒന്ന് എന്ന ഫയലിൽ നിന്നാണ് ചരിത്ര ഗവേഷകൻ പ്രൊഫസർ എം സി വസിഷ്ഠ കണ്ടെടുത്തത്. അങ്ങനെ നാലു മാസത്തെ ചെലവ് സൈറൺ പ്രവർത്തിപ്പിച്ച വകയിൽ ഓരോ മാസവും 18 രൂപ നാലണയായിരുന്നു വൈദ്യുത ചാർജ്. അങ്ങനെ നാലുമാസത്തെ ചെലവ് 72 രൂപ 12 അണ അതായത് 73 രൂപ. കണ്ണൂരിലെ മുനിസിപ്പൽ കമ്മീഷണർ നൽകിയ കണക്ക് ശരിയാണെന്നും അതുകൊണ്ട് 73 രൂപ അനുവദിക്കണമെന്നുമായിരുന്നു ഡയറക്ടർ ഓഫ് സിവിൽ ഡിഫൻസ് ഓഫീസ് നൽകിയ മറുപടി.

രണ്ടാം ലോക മഹായുദ്ധകാലത്ത് സൈറണിൻ്റെ പ്രവർത്തനച്ചെലവിനെ ചൊല്ലിയുള്ള തർക്കം, ഇന്നിപ്പോൾ അതിൻ്റെ ശബ്ദത്തെ ചൊല്ലിയുള്ള തർക്കമായി പരിണമിച്ചിരിക്കുന്നു. കണ്ണൂരിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായ ഈ സൈറൺ, ഒരു കാലഘട്ടത്തിൻ്റെ ഓർമപ്പെടുത്തൽ കൂടിയാണ്. എന്നാൽ, ആധുനിക കാലത്തെ ശബ്ദമലിനീകരണ നിയമങ്ങൾ അനുസരിച്ച് അതിന് മാറ്റം വരുത്തേണ്ടി വരുമോ അതോ പതിറ്റാണ്ടുകളായി തുടരുന്ന ഈ ശബ്ദം കണ്ണൂർ നഗരത്തിൻ്റെ ഭാഗമായി തുടരുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !