വാഷിങ്ടണ്‍: അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് വ്യാഴാഴ്ച ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയെ വിദഗ്ധര്‍ വിലയിരുത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സെപ്റ്റംബര്‍ 25-നാണ് പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനും പാക് സൈനിക മേധാവി അസിം മുനീറിനും വൈറ്റ് ഹൗസില്‍ ആതിഥേയത്വം വഹിച്ചത്. കൂടിക്കാഴ്ചയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ എന്നിവരും പങ്കെടുത്ത കൂടിക്കാഴ്ച 90 മിനിറ്റ് നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് ഷരീഫ് യുഎസില്‍ എത്തിയത്. ട്രംപും ഷരീഫും മുനീറും തമ്മിലുള്ള ചര്‍ച്ചകളില്‍ സുരക്ഷ, സാമ്പത്തിക സഹകരണം, ഭീകരവിരുദ്ധ പ്രവര്‍ത്തനം, നിക്ഷേപ അവസരങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതായി പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.കൃഷി, സാങ്കേതികവിദ്യ, ഖനനം, ഊര്‍ജ്ജം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ രാജ്യത്ത് നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ പാക് പ്രധാനമന്ത്രി ക്ഷണിച്ചതായി ഷരീഫിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്താനിലെ അപൂര്‍വ ഭൗമ ധാതുക്കള്‍, ക്രിപ്റ്റോ മൈനിങ് സാധ്യതകള്‍, എണ്ണ പര്യവേക്ഷണം എന്നിവയില്‍ യുഎസ് താത്പര്യം പ്രകടിപ്പിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരക്ഷ, സാമ്പത്തികം, തന്ത്രപരമായ പങ്കാളിത്തം എന്നിവയില്‍ വിപുലമായ സഹകരണം വികസിപ്പിക്കാന്‍ വാഷിംഗ്ടണും ഇസ്ലാമാബാദും പരസ്പരം തീരുമാനിച്ചതായും പ്രസ്താവനകളില്‍ പറയുന്നു. യുഎസും പാകിസ്താനും തമ്മിലുള്ള ചര്‍ച്ചയില്‍ പശ്ചിമേഷ്യയും വിഷയമായി. ഗാസയിലെ യുദ്ധം ഉടനടി അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ ഷരീഫ് പ്രശംസിച്ചതായും വിവരമുണ്ട്. യുഎസും പാകിസ്താനും വൈകാതെ തന്നെ സമഗ്രമായ ഒരു കരാറില്‍ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് പ്രതിനിധികളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ട്രംപുമായുള്ള ചര്‍ച്ചയില്‍, അഫ്ഗാനിസ്താനില്‍ നിന്നുള്ള തീവ്രവാദത്തിന്റെ വളർച്ച, ബലൂചിസ്താന്‍ അശാന്തി, കശ്മീര്‍ തുടങ്ങിയ പ്രധാന വിഷയങ്ങളും പാക് നേതൃത്വം ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന് മണ്ണില്‍നിന്നുള്ള ഭീകരാക്രമണ ഭീഷണികളെ നേരിടാന്‍ യുഎസിന്റെ ഭാഗത്തുനിന്നുള്ള പൂര്‍ണമായ പിന്തുണയും സഹകരണവും ട്രംപ് ഷെരീഫിനും മുനീറിനും ഉറപ്പു നല്‍കിയതായാണ് വിവരം. അഫ്ഗാനിസ്താനിലെ താലിബാന് ഭരണം, മേഖലയിലെ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം, ബഗ്രാം വ്യോമതാവളം എന്നിവയും ചര്‍ച്ചയായി.പാകിസ്താന്-സൗദി പരസ്പര പ്രതിരോധ കരാറിനെയും, പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും സമാധാനം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇസ്ലാമാബാദിന്റെ നേതൃത്വം വഹിക്കുന്ന ക്രിയാത്മകമായ പങ്കിനെയും ട്രംപ് സ്വാഗതം ചെയ്തതായാണ് വിവരം. കൂടിക്കാഴ്ച 'വളരെ പ്രാധാന്യമുള്ളതും സുരക്ഷാ കേന്ദ്രീകൃതവുമായിരുന്നു' എന്നാണ് ഉന്നത പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശേഷിപ്പിച്ചത്. ജനുവരിയില്‍ ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിന് ശേഷം യുഎസും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം പാക് പ്രധാനമന്ത്രി അധികാരമേറ്റതിന് ശേഷം ട്രംപും ഷരീഫും തമ്മില്‍ വൈറ്റ് ഹൗസില്‍ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തില്‍ ഇടിവ് സംഭവിച്ച സാഹചര്യത്തിലാണ് പാകിസ്താനുമായുള്ള ബന്ധം യുഎസ് ഊഷ്മളമാക്കുന്നത്. യുഎസും പാകിസ്താനും തമ്മില്‍ നടന്ന ഉന്നതതല കൂടിക്കാഴ്ചകളില്‍ ഏറ്റവും പുതിയതായിരുന്നു വ്യാഴാഴ്ചത്തേത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.