കുറവിലങ്ങാട്: എട്ടുനോമ്പിന്റെ പവിത്ര ദിവസങ്ങളിലെല്ലാം സേവനവും പങ്കിടലുമെന്ന ആത്മീയ ധർമ്മം കർമ്മമാക്കി കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച്ഡീക്കൻ ദേവാലയത്തിൽ കത്തോലിക്കാ കോൺഗ്രസ് (എ കെ സി സി) കുറവിലങ്ങാട് യൂണിറ്റ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു.
എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് വരെ ദേവാലയത്തിൽ എത്തിയ തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണം ചെയ്ത് വിശ്വാസത്തോടൊപ്പം കരുണയും കൈമാറി. നോമ്പിന്റെ രണ്ടാം ദിനത്തിൽ വയോജനങ്ങൾക്കും രോഗികൾക്കും വേണ്ടി അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കുശേഷം ദേവാലയ മുറ്റത്തെ പന്തലിൽ നേർച്ചയും മധുര പലഹാരവും വിതരണം ചെയ്തു. ഏഴാം ദിനമായ ഞായറാഴ്ച ഇടവകയിലെ 1500-ഓളം വിശ്വാസ പരിശീലന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പാരീഷ് ഹാളിൽ നേർച്ച കഞ്ഞി വിളമ്പി, വലിയൊരു സമൂഹത്തെ സേവനത്തിലൂടെ ഉണർത്തി.തിങ്കളാഴ്ച നടന്ന നോമ്പ് വീടൽ സദ്യയിൽ, മേരി നാമധാരികൾ എത്തിച്ചുതന്ന 27,500 ലധികം കള്ളപ്പവും, 1,300 കിലോ കോഴിയിറച്ചിയും ഉപയോഗിച്ച് ഒരുക്കിയ ഭവ്യമായ സദ്യയിൽ ഏകദേശം 6,500 തീർത്ഥാടകർക്ക് ഭക്ഷണം വിതരണം ചെയ്തു. ഓരോ ദിവസവും വൈദികരുടെ കാർമികത്വത്തിൽ വെഞ്ചരിച്ച നേർച്ച കഞ്ഞിയാണ് വിശ്വാസികൾക്ക് നൽകിയത്.നോമ്പ് വീടൽ സദ്യ വെഞ്ചരിച്ചു വിതരണം ചെയ്യുന്നതടക്കം എല്ലാ പ്രവർത്തനങ്ങൾക്കും, ആർച്ച് പ്രീസ്റ്റ് വെരി റവ, ഡോ തോമസ് മേനാച്ചേരി, സീനിയർ അസിസ്റ്റൻറ് റവ ഫാ,ജോസഫ് മണിയൻചിറ, ഫാദർ ആൻറണി വാഴക്കാലയിൽ, ഫാദർ പോൾ കുന്നുംപുറത്ത്, ഫാദർ പ്രിൻസ് താന്നിമല, ഫാദർ ജോസഫ് ചൂരക്കൽ, എന്നിവരുടെ ആത്മീയ നിർദ്ദേശങ്ങൾ എ.കെ.സി.സിയ്ക്ക് കരുത്തു പകർന്നു
സദ്യ ഒരുക്കങ്ങൾക്കായി കൈക്കാരന്മാരായ റെജി മിറ്റത്താനി, സുനിൽ അഞ്ചുകണ്ടം, ജോസ് പടവത്ത്, ജോയ് വള്ളോശ്ശേരി എന്നിവരും, രൂപത പ്രസിഡൻറ് ഇമ്മാനുവൽ ജോൺ നിധീരി, മേഖലാ പ്രസിഡൻറ് ഡോ. നിതീഷ് മാത്യു നിധീരി, ബ്രൈസ് ലൂക്കോസ് വെള്ളാരംകാല, ബിജു കുര്യൻ താന്നിക്കതറപ്പിൽ, അഡ്വ. സിന്ധു ജറാർദ് നിധീരിമറുകര, സിൻസി ബിജു താന്നിക്കതറപ്പിൽ, ജോയ് വെല്ലിയോളിൽ, ജോസുകുഞ്ഞ് കടവുംകണ്ടം, സോഫി ജോൺ കുന്നേൽ എന്നിവർ നേതൃത്വം നൽകി.ആത്മീയതയെയും സാമൂഹിക ഉത്തരവാദിത്വത്തെയും ഒരുമിപ്പിക്കുന്ന ഈ സേവന പ്രവർത്തനം, സഹജീവികളുടെ ദൈനംദിന ആവശ്യങ്ങൾക്ക് കൈത്താങ്ങാകുന്ന ഒരു ജീവനുള്ള ഉദാഹരണമായി മാറി. വിശ്വാസം നിറഞ്ഞ മനസ്സുകളും സമൂഹത്തിന് കരുണയായി മാറുമ്പോൾ ഒരു ദേവാലയം മാത്രം മതിയാകില്ല – ഒരു സമൂഹം മുഴുവനുമാണ് അതിന്റെ കൈത്താങ്ങ്. കുറവിലങ്ങാട് കത്തോലിക്കാ കോൺഗ്രസിന്റെ ഈ സേവനം മറ്റുള്ളവർക്ക് പ്രചോദനമാകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.