ന്യൂഡൽഹി: സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിരോധ നവീകരണ പദ്ധതിയുമായി കേന്ദ്രം. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യം ഭീകരരെ നേരിട്ടതിന് പിന്നാലെയാണ് ഇപ്പോൾ അതിനൂതന സാങ്കേതിക വിദ്യകളടക്കം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രതിരോധ നവീകരണത്തിന് കേന്ദ്രം ഒരുങ്ങുന്നത്.
അടുത്ത 15 വർഷത്തേക്കുള്ള പദ്ധതിയാണ് പ്രതിരോധമന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. കോടിക്കണക്കിന് ഡോളർ ചെലവഴിച്ചുകൊണ്ട് അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്ത്യൻ സായുധ സേനയെ നവീകരിക്കുന്നതാണ് പദ്ധതി.ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന യുദ്ധക്കപ്പലുകൾ, അതിനൂതന സാങ്കേതിക വിദ്യകളുടെ സഹായത്താൽ പ്രവർത്തിക്കുന്ന യുദ്ധ ടാങ്കുകൾ, ഹൈപ്പർ സോണിക് മിസൈലുകൾ, സ്റ്റെൽത്ത് ബോംബർ ഡ്രോണുകൾ, നിർമ്മിത ബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ, ബഹിരാകാശ യുദ്ധ സാങ്കേതിക വിദ്യകൾ തുടങ്ങിയവ ഉൾപ്പെടുന്ന നവീകരണ പ്രക്രിയയാണ് നടക്കുകയെന്നാണ് പദ്ധതിയുടെ റോഡ് മാപ്പിൽ വ്യക്തമാക്കുന്നതെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.ടി-72 ടാങ്കുകൾക്ക് പകരമായി 1800 അത്യാധുനിക ടാങ്കുകൾ സൈന്യത്തിന്റെ ഭാഗമാക്കും. പർവതനിരകളുടെ സംരക്ഷണത്തിന്റെ ഭാഗമായി 400 ലൈറ്റ് ടാങ്കുകൾ, ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകൾ ഘടിപ്പിച്ച 50,000 ടാങ്കുകൾ, 700-ലധികം റോബോട്ടിക് കൗണ്ടർ ഐഇഡി സംവിധാനങ്ങൾ തുടങ്ങിയവ ഇവയിൽ ഉൾപ്പെടും.നാവിക സേനയ്ക്ക് പുതിയ വിമാനവാഹിനിക്കപ്പൽ, 10 പുതുതലമുറ ഫ്രിഗേറ്റുകൾ, ഏഴ് നൂതന കോർവെറ്റുകൾ, നാല് ലാൻഡിങ് ഡോക്ക് പ്ലാറ്റ്‌ഫോമുകൾ എന്നിവ ലഭിക്കും. യുദ്ധക്കപ്പലുകൾക്കുള്ള ആണവോർജ്ജത്തിനും വൈദ്യുതകാന്തിക വിമാന വിക്ഷേപണ സംവിധാനങ്ങൾക്കും കേന്ദ്രം പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
വ്യോമസേനയ്ക്ക്, 150 സ്റ്റെൽത്ത് ബോംബർ ഡ്രോണുകൾ, നൂറുകണക്കിന് യുദ്ധോപകരണങ്ങൾ, റിമോർട്ട് പൈലറ്റ് വിമാനങ്ങൾ, സാറ്റലൈറ്റ് സംവിധാനങ്ങൾ തുടങ്ങിയവയും ലഭിക്കും. 21-ാം നൂറ്റാണ്ടിലെ ഭീഷണികളെ നേരിടാനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങളായിട്ടാണ് ഇവ വിലയിരുത്തപ്പെടുന്നത്.ഏപ്രിൽ 21-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രാജ്യം ഓപ്പറേഷൻ സിന്ദൂറിൽ കൂടി ഭീകരർക്ക് തിരിച്ചടി നൽകി. ഇതിന്‍റെ ഭാഗമായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. നിരവധി ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സൈന്യത്തെ ശക്തിപ്പെടുത്താനും ആയുധങ്ങൾ നവീകരിക്കാനും കേന്ദ്രം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.