ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ പുതിയ ഒളിത്താവളമായി ഭൂഗര്‍ഭ ബങ്കറുകളെ ആശ്രയിക്കുന്നുവെന്ന് റിപ്പോർട്ട്. മുന്‍പ് പ്രദേശത്തെ വീടുകളിലാണ് ഭീകരർ അഭയം പ്രാപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് സുരക്ഷിതമല്ലെന്നുകണ്ട് ഇടതൂര്‍ന്ന വനങ്ങളിലും ഉയര്‍ന്ന മലനിരകളിലും ബങ്കറുകള്‍ സ്ഥാപിച്ച് അതിനകത്താണ് ഭീകരർ ഒളിച്ചുകഴിയുന്നതെന്ന് സൈന്യം പറയുന്നു
ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഭീകരരെ നേരിടാനുള്ള തന്ത്രങ്ങൾ നടപ്പാക്കിവരികയാണെന്നും സൈന്യം വ്യക്തമാക്കുന്നു. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച കുല്‍ഗാം ജില്ലയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഭീകരപ്രവർത്തനത്തിനായി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതായി വ്യക്തമായത്.ഓപ്പറേഷനിടെ ഭക്ഷ്യസാധനങ്ങള്‍, ചെറിയ ഗ്യാസ് സ്റ്റൗകള്‍, പ്രഷര്‍ കുക്കറുകള്‍, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവയടങ്ങിയ ഒരു രഹസ്യ കിടങ്ങ് സുരക്ഷാസേന കണ്ടെത്തി. കാശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുന്‍പത്തേതുപോലെ പ്രാദേശിക പിന്തുണ ലഭിക്കാതായതോടെയാണ് ഭീകരര്‍ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുന്നതെന്നാണ് വിവരം.
ഇത് സൈന്യത്തിനും മറ്റു സുരക്ഷാ സേനകള്‍ക്കും പുതിയ വെല്ലുവിളി ഉയര്‍ത്തുന്നു. മുന്‍പ് ഭീകരര്‍ വീടുകളില്‍ അഭയം പ്രാപിച്ചിരുന്നപ്പോള്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് പ്രദേശവാസികളിൽനിന്ന് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ ഈ വിവരലഭ്യതയുടെ അഭാവം പ്രധാന പ്രശ്നമാണെന്ന് ലെഫ്റ്റനന്റ് ജനറല്‍ ഡി.എസ്. ഹൂഡ പറയുന്നു.കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളിലും ജമ്മു മേഖലയിലെ പിര്‍ പഞ്ജലിന് തെക്കുഭാഗത്തും ഈ തരത്തില്‍ ബങ്കറുകള്‍ വ്യാപകമായിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. ഇവിടങ്ങളിലെ ഇടതൂര്‍ന്ന വനങ്ങള്‍ ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ അനുയോജ്യമായ മറനല്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചില ഒളിത്താവളങ്ങള്‍ കണ്ടെത്തിയെങ്കിലും ഭീഷണി പൂര്‍ണമായും ഒഴിവാക്കേണ്ടതായുണ്ട്. പുതിയ വെല്ലുവിളികളെ നേരിടാന്‍ സൈന്യം തന്ത്രങ്ങള്‍ മെനയുമെന്ന് ഡി.എസ്. ഹൂഡ പറഞ്ഞു.
ഒരു ഭീകരാക്രമണം നടത്തിയ ശേഷം വേഗം ഈ ഒളിത്താവളങ്ങളിലേക്ക് പിൻവാങ്ങുകയാണ് ഭീകരര്‍ ചെയ്യുക. ദിവസങ്ങളോളം അവിടെ കഴിയാനുള്ള സംവിധാനങ്ങള്‍ ആദ്യമേ ഒരുക്കിവെച്ചിട്ടുണ്ടാവും. തുടര്‍ന്ന് അതിര്‍ത്തിക്കപ്പുറത്തുനിന്ന് നിര്‍ദേശം കിട്ടുന്ന മുറയ്ക്ക് വീണ്ടും ആക്രമണം നടത്തു. അതിര്‍ത്തിക്കപ്പുറത്തുള്ളവരുമായി ആശയവിനിമയം നടത്താനും അപ്പപ്പോഴുള്ള വിവരങ്ങള്‍ ലഭ്യമാവാനും ഇവരുടെ പക്കല്‍ സംവിധാനങ്ങളുണ്ട്.എഐ സംവിധാനവും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി ഈ വെല്ലുവിളികളെ നേരിടാനുള്ള ഒരുക്കത്തിലാണ് സുരക്ഷാ സേന. ഗ്രൗണ്ട്-പെനട്രേറ്റിങ് റഡാര്‍ (ജിപിആര്‍) ഘടിപ്പിച്ച ഡ്രോണുകളും സീസ്മിക് സെന്‍സറുകളും വിന്യസിക്കാന്‍ സേന ശ്രമിക്കുന്നുണ്ട്. വനമേഖലകളിലെ രഹസ്യാന്വേഷണ സംവിധാനം മെച്ചപ്പെടുത്താനും പദ്ധതിയിടുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.