കൊല്ലം: സഹായഹസ്തങ്ങൾക്കെല്ലാം ഹൃദയംനിറഞ്ഞ നന്ദിയോടെ ആവണികൃഷ്ണ എറണാകുളത്തേക്ക്. അവളെ യാത്രയയയ്ക്കാൻ ഒരു നാടിന്റെ നന്മനിറഞ്ഞ മനസ്സ് ഒപ്പമുണ്ടായിരുന്നു. ഹൃദയം മാറ്റിവെച്ച് ആരോഗ്യവതിയായെത്തുന്ന ആവണിയെ കാത്ത് ഒരു നാടുണ്ടിവിടെ-അഞ്ചൽ കരുകോൺ.
വെള്ളിയാഴ്ച കൊല്ലം റെയിൽവേ സ്റ്റേഷൻ സാക്ഷ്യംവഹിച്ചത് ആ നാടിന്റെ കരുതൽകൂടിയാണ്. കരുകോൺ അമൽഭവനിൽ സന്തോഷിന്റെ മകൾ ആവണി മൂന്നുവർഷമായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു ചികിത്സ. ഹൃദയം മാറ്റിവെക്കൽ മാത്രമാണ് പോംവഴി എന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് എറണാകുളം ലിസി ഹോസ്പിറ്റിലിലും രജിസ്റ്റർ ചെയ്തിരുന്നു. അവിടെയും പരിശോധനകളെല്ലാം പൂർത്തിയായി അനുയോജ്യമായ ഹൃദയം വരുമ്പോൾ അറിയിക്കാം എന്നതിന്റെ അടിസ്ഥാനത്തിൽ കാത്തിരിക്കുകയായിരുന്നു കുടുംബം. വെള്ളിയാഴ്ച ശ്രീചിത്രയിലെ പരിശോധന കഴിഞ്ഞ് തിരിച്ച് പോത്തൻകോട് എത്തിയപ്പോഴാണ് ലിസി ഹോസ്പിറ്റലിൽനിന്ന് ഫോൺ വന്നത്. ഏഴുമണിക്ക് എറണാകുളത്തെത്താനായിരുന്നു നിർദേശം.അതുപ്രകാരം കൊല്ലത്തുനിന്ന് 4.50-നുള്ള വന്ദേഭാരതിലെ ടിക്കറ്റിന് ശ്രമിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപി ഇടപെട്ട് അച്ഛൻ സന്തോഷിനും അമ്മ സിന്ധുവിനും ആവണിക്കുമുള്ള ടിക്കറ്റ് ശരിയാക്കിക്കൊടുത്തു. ലിസി ഹോസ്പിറ്റലിൽ ചെന്ന് ഇനിയും ടെസ്റ്റുകൾക്കു ശേഷമായിരിക്കും ഹൃദയശസ്ത്രക്രിയ തീരുമാനിക്കുന്നത്. കരുകോൺ ഗവ. ഹൈസ്കൂൾ വിദ്യാർഥിനിയാണ് ആവണി. വന്ദേഭാരതിൽ യാത്രചെയ്യാനെത്തിയ പൊതുമരാമത്തുവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആവണിയെയും കുടുംബത്തെയും കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ ആവണിയോട് മന്ത്രി മുഹമ്മദ് റിയാസ് വിവരങ്ങൾ ചോദിച്ചറിയുന്നു
ഏഴുപേർക്ക് പുതുജീവന്റെ പ്രത്യാശ പകർന്ന് ബിൽജിത്ത് യാത്രയായി
ബൈക്കപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച നെടുമ്പാശ്ശേരി മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത് ബിജു (18) ഇനി ഏഴുപേരിലൂടെ ജീവിക്കും. ബിൽജിത്തിന്റെ കരൾ, വൃക്കകൾ, ഹൃദയം, കണ്ണുകൾ, ചെറുകുടൽ എന്നിവയാണ് ഏഴ് പേരിൽ ചേർത്തുവയ്ക്കുന്നത്. ബിൽജിത്തിന്റെ വേർപാടിന്റെ തീരാവേദനയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ വീട്ടുകാർ എടുത്ത തീരുമാനം ഏഴുപേർക്കാണ് പുതുജീവന്റെ പ്രത്യാശ പകരുന്നത്. ബിൽജിത്തിന്റെ ഹൃദയം ഇനി കൊല്ലം അഞ്ചൽ സ്വദേശിനി ആവണി (13) യിൽ തുടിക്കും.
എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ബിൽജിത്തിന്റെ ഹൃദയം ആവണിക്ക് മാറ്റിവയ്ക്കും. കൊല്ലത്തുനിന്ന് ആവണിയെ വന്ദേഭാരതിലാണ് എറണാകുളത്ത് എത്തിച്ചത്. ഏഴുമണിയോടെ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയ കുട്ടിയെ ആംബുലൻസിൽ ലിസി ആശുപത്രിയിലെത്തിച്ചു. കാർഡിയാക് മയോപ്പതി രോഗം മൂലം ഹൃദയം ശരിയായി പ്രവർത്തിക്കാത്തതിനാലാണ് ആവണിക്ക് ഹൃദയം മാറ്റിവയ്ക്കേണ്ടി വന്നത്. നെടുമ്പാശ്ശേരി കരിയാട് ദേശീയപാതയിൽ ഈ മാസം രണ്ടിന് രാത്രിയിൽ ബിൽജിത്ത് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകി. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് പാലയ്ക്കപ്പിള്ളി, മെഡിക്കൽ സൂപ്രണ്ട് ഡോ. ടിജി ജോസഫ്, ന്യൂറോ സർജൻ ഡോ. അജാസ് ജോൺ, നെഫ്രോളജി ഡോക്ടർ ജൈജു ജെയിംസ് ചാക്കോള എന്നിവരുടെ നേതൃത്വത്തിൽ അവയവദാന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കെ സോട്ടോയുടെ പ്രതിനിധികൾ ആശുപത്രിയിൽ എത്തി വേണ്ട പിന്തുണ നൽകി.
ബിൽജിത്തിൽനിന്നും ഹൃദയമുൾപ്പെടെയുള്ള അവയവങ്ങൾ വേർപെടുത്തുന്ന ശസ്ത്രക്രിയ വെള്ളിയാഴ്ച രാത്രി വൈകിയാണ് ആരംഭിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്നും അവയവങ്ങൾ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. കാലടി ആദിശങ്കര എൻജിനിയറിങ് കോളേജിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥിയാണ് ബിൽജിത്ത്. ബിജുവിന്റെയും ലിന്റയുടെയും മകനാണ്. സഹോദരൻ: ബിവൽ.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.