തിരുവനന്തപുരം: ഐസ്‌ക്രീം പാർലർ കേസിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാൻ സിപിഎം രാഷ്ട്രീയമായി തീരുമാനിച്ചതാണെന്ന വിവാദ വെളിപ്പെടുത്തലുമായി വി.എസ്. അച്യുതാനന്ദന്റെ ജീവചരിത്രപുസ്തകം. വി.എസും നായനാരും ചടയൻ ഗോവിന്ദനും പങ്കാളിയായാണ് ഈ തീരുമാനമെടുത്തതെന്ന് പിണറായി വിജയൻ പാർട്ടിസമ്മേളനത്തിൽ വിശദീകരിച്ചെന്നാണ് വെളിപ്പെടുത്തൽ.
തന്റെമേൽ പുരണ്ടിരിക്കുന്ന ചെളി കുറച്ച് അച്യുതാനന്ദന്റെ മേലും പുരട്ടുകയെന്നതായിരുന്നു ഇതിലൂടെ പിണറായി ലക്ഷ്യമിട്ടതെന്നും പുസ്തകത്തിൽ പറയുന്നു. മുതിർന്ന സിപിഎം നേതാവും വി.എസിന്റെ വിശ്വസ്തനുമായ പിരപ്പൻകോട് മുരളിയാണ് പുസ്തകമെഴുതിയത്.മലപ്പുറം സമ്മേളനത്തിന് മുന്നോടിയായി ചേർന്ന തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ നിശിതവിമർശനമാണ് പിണറായി നേരിട്ടത്. കൊല്ലം ജില്ലാസമ്മേളനത്തിൽ അദ്ദേഹം വിമർശനങ്ങൾക്ക് മറുപടിയായി, ഐസ്‌ക്രീം പാർലർകേസിന്റെ കാര്യം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പെൺവാണിഭക്കേസിൽനിന്ന് ഒഴിവാക്കാനുള്ള രാഷ്ട്രീയതീരുമാനമെടുക്കുന്നതിൽ അച്യുതാനന്ദനും പങ്കാളിയായിരുന്നുവെന്നാണ് പിണറായി വെളിപ്പെടുത്തിയത്
ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴായിരുന്നു ഇതെന്നും പിണറായി പറഞ്ഞു. സമ്മേളനത്തിനുമുന്നോടിയായി ചേർന്ന സംസ്ഥാനസമിതിയിൽ ഈ വിഷയത്തെപ്പറ്റി ബഹുഭൂരിപക്ഷം അംഗങ്ങളും വിജയനും പി. ശശിക്കും എതിരേ ആക്ഷേപം ചൊരിഞ്ഞപ്പോൾ കാര്യമായ ഒരു മറുപടിയും നൽകാനായില്ലെന്നും പുസ്തകത്തിലുണ്ട്.അന്തരിച്ച ചടയനും യോഗത്തിൽസംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ 1998 സപ്തംബർ ഒൻപതിനാണ് അന്തരിക്കുന്നത്. പിണറായി വിജയനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത് സപ്തംബർ 24, 25 തീയതികളിൽ ചേർന്ന സംസ്ഥാനകമ്മിറ്റി യോഗമാണ്. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പാർലർ കേസിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് ഉപദേശമടങ്ങിയ റിപ്പോർട്ട് അന്നത്തെ അഡ്വക്കറ്റ് ജനറൽ എം.കെ. ദാമോദരൻ സർക്കാരിന് നൽകുന്നത് നവംബർ 28-നാണ്. അതിന് എട്ടുമാസംമുൻപ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. കല്ലട സുകുമാരൻ കുഞ്ഞാലിക്കുട്ടിയെ ഈ കേസിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
പരസ്പരവിരുദ്ധമായ രണ്ട് റിപ്പോർട്ടുകൾ കിട്ടിയപ്പോൾ ദാമോദരന്റെ റിപ്പോർട്ട് സ്വീകരിക്കാൻ മുഖ്യമന്ത്രി നായനാരും ചടയൻ ഗോവിന്ദനും എൽഡിഎഫ് കൺവീനർ വി.എസ്. അച്യുതാനന്ദനും യോഗം ചേർന്നു തീരുമാനിച്ചുവെന്നാണ് പിണറായി വിജയൻ പറഞ്ഞത്. ചടയന്റെ മരണശേഷം നൽകിയ റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കാൻ കൂടിയ യോഗത്തിൽ അന്തരിച്ച ചടയൻ എങ്ങനെ പങ്കെടുക്കുമെന്ന ചോദ്യത്തിന് വിജയൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.കേരളത്തിൽ പാർട്ടിക്കാർ അറിയേണ്ടാത്ത രഹസ്യങ്ങളായിരുന്നു നേതാക്കൾക്ക് ഉണ്ടായിരുന്നത്. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പാർലർ കേസിൽനിന്ന് ഒഴിവാക്കിയതും പി.ജെ. കുര്യൻ സൂര്യനെല്ലി കേസിൽ പ്രതിയല്ലാതായതും അത്തരത്തിൽ പാർട്ടിക്കാർ അറിയേണ്ടാത്ത രഹസ്യങ്ങളാണ്’ -പുസ്തകത്തിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.