മൂന്നാര്‍: അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനൊപ്പം ഉച്ചഭക്ഷണവും നല്കി വ്യത്യസ്തമാകുകയാണ് ഇടുക്കി ജില്ലയിലെ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ മൈനര്‍ ബസിലിക്ക. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ നിരവധി അതിഥി തൊഴിലാളികള്‍ എല്ലാ ഞായറാഴ്ചയും ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് എത്തിയിരുന്നു.
ഭാഷ മനസിലായില്ലായിരുന്നെങ്കിലും അവര്‍ വിശുദ്ധ കുര്‍ബാന മുടക്കാറില്ലായിരുന്നു. അതിനിടയിലാണ് സ്വന്തം ഭാഷയില്‍ ദിവ്യബലി യില്‍ പങ്കെടുക്കാനുള്ള ആഗ്രഹം ബസിലിക്ക റെക്ടര്‍ ഫാ. മൈക്കിള്‍ വലയിഞ്ചിയിലിനെ അറിയിച്ചത്. മാതൃഭാഷയില്‍ ദിവ്യബലി അര്‍പ്പിച്ചാല്‍ തങ്ങളുടെ കൂടെയുള്ള പലരും ദൈവാലയത്തില്‍ വരുമെന്നും അവര്‍ അദ്ദേഹത്തോടു പറഞ്ഞു. അച്ചന് അവരുടെ ആഗ്രത്തെ പ്രോത്സാഹിപ്പിച്ചു.കഴിഞ്ഞ ജൂലൈ മുതല്‍ എല്ലാ മാസത്തെയും അവസാന ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ഹിന്ദിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ആരംഭിച്ചത് അങ്ങനെയായിരുന്നു. വി.കുര്‍ബാനയില്‍ സജീവ പങ്കാളിത്തവും ഉണ്ട്. വി. കുര്‍ബാനയിലെ വായനകള്‍ നടത്തുന്നതും അതിഥി തൊഴിലാളികള്‍ തന്നെയാണ്. നൂറോളം കുടുംബങ്ങള്‍ സ്ഥിരമായി ദിവ്യബലിയില്‍ പങ്കുചേരുന്നു.ഉച്ചസമയത്ത് വിശുദ്ധ കുര്‍ബാനയും കഴിഞ്ഞ് കുട്ടികള്‍ അടക്കമുള്ളവര്‍ വിശക്കുന്ന വയറുമായി പോകണമല്ലോ എന്ന ചിന്ത അച്ചനുണ്ടായി. അവര്‍ക്ക് ഉച്ചഭക്ഷണംകൂടി നല്കാന് അങ്ങനെയാണ് തീരുമാനിച്ചത്. വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിയില്‍ പ്രോത്സാഹനവുമായി കൂടെനിന്നു. മറ്റൊരു നാട്ടില്‍ സ്വന്തം ഭാഷയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ കഴിയുന്നതിന്റെ സന്തോഷത്തിനൊപ്പം ഭക്ഷണംകൂടി ലഭിക്കുന്നതിന്റെ ആശ്വാസത്തിലാണ് തൊഴിലാളികള്‍.
തുടര്‍ന്നും ഇതേ രീതിയില്‍ മുമ്പോട്ടുപോകുമെന്ന് ബസലിക്ക റെക്ടര്‍ ഫാ. മൈക്കിള്‍ വലയിഞ്ചിയില്‍ സണ്‍ഡേ ശാലോമിനോടു പറഞ്ഞു. ഹിന്ദിയില്‍ ദിവ്യബലി അര്‍പ്പിക്കുന്നത് ദേവികുളം അവേ മരിയ ദേവാലയ സഹവികാരി ഫാ. ക്രിസ്തുദാസ് അച്ചനാണ്. ദേവാലയത്തില്‍ എത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് ബൈബിളും ജപമാലയുമൊക്കെ നല്‍കിയാണ് അവരെ യാത്രയാക്കുന്നത്.സ്പാനിഷ് മിഷനറിയായ ഫാ. അല്‍ഫോന്‍സ് മരിയ ഡി ലോസ് ഏയ്ഞ്ചല്‍സ് ഒസിഡിയാണ് തോട്ടം തൊഴിലാളികള്‍ക്കുവേണ്ടി 1898-ല്‍ ഈ ദൈവാലയം സ്ഥാപിച്ചത്. അക്കാലത്ത് വാരാപ്പുഴ അതിരൂപതയുടെ കീഴിയിലായിരുന്നു. പിന്നീട് വിജയപുരം രൂപത നിലവില്‍വന്നപ്പോള്‍ മൂന്നാര്‍ വിജയപുരം രൂപതയുടെ ഭാഗമായി. ഇപ്പോഴത്തെ ദൈവാലയം 60 വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മ്മിച്ചതാണ്. 2024 മാര്‍ച്ച് 27-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ദൈവാലയത്തെ മൈനര്‍ ബസലിക്കയായി പ്രഖ്യാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.