ചിറയിൻകീഴ്(തിരുവനന്തപുരം) ∙ഓണാഘോഷത്തിനിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമമഴിച്ചുവിടുകയും പെൺകുട്ടിയടക്കം മൂന്നുപേർക്കു ഗുരുതരമായി വെട്ടേൽക്കുകയും ചെയ്തു. സംഭവത്തിൽ നാലുപ്രതികളെ ചിറയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തു.
ചിറയിൻകീഴ് ഈഞ്ചയ്ക്കൽ പാലത്തിനു സമീപം ആറ്റുവരമ്പിൽ തിട്ടവീട്ടിൽ പ്രവീൺലാൽ(34), ഈഞ്ചയ്ക്കൽ അനന്തൻതിട്ടവീട്ടിൽ ഉണ്ണി(28), ആറ്റുവരമ്പ് വയൽതിട്ടവീട്ടിൽ കിരൺപ്രകാശ്(29), ഈഞ്ചയ്ക്കൽ വയൽതിട്ട വീട്ടിൽ ജയേഷ്(24) എന്നിവരാണു പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം രാത്രി ഒൻപതരമണിയോടെയാണു സംഭവം. ചിറയിൻകീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന ഓണാഘോഷങ്ങൾക്കിടെയാണു അക്രമിസംഘം മദ്യപിച്ചു മാരകായുധങ്ങളുമായി അഴിഞ്ഞാടിയത്.പരിപാടികൾ കാണാനിരുന്ന നാട്ടുകാർക്കിടയിലേക്കു അക്രമികൾ ബൈക്കുകൾ ഓടിച്ചുകയറ്റുകയായിരുന്നു. തുടർന്നു സ്ത്രീകളടക്കമുള്ളവരെ അസഭ്യംവിളിച്ചു വാളുകാട്ടി ഓടിക്കാൻ ശ്രമിച്ചു. സംഘാടകരിൽ ചിലർ അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതു സംഘർഷം വർധിപ്പിച്ചു.ഇരുവിഭാഗമായിത്തിരിഞ്ഞുള്ള സംഘർഷത്തിനിടെ ചിറയിൻകീഴ് കുറട്ടുവിളാകം തവളാത്ത് വീട്ടിൽ അച്ചുലാൽ(35) കുറട്ടുവിളാകം കല്ലുതട്ടിൽ വീട്ടിൽ അജിത്ത്(37), പിന്തിരിപ്പിക്കാൻ എത്തിയ അച്ചുലാലിന്റെ സഹോദരി മോനിഷ(37) എന്നിവരെ വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ അച്ചുലാലിനെയും അജിത്തിനേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഹൃദ്രോഗി കൂടിയായ മോനിഷയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്റർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 2022ൽ സമാനമായ അക്രമം ഓണാഘോഷത്തിനിടെ നടന്നിരുന്നതായും അന്നു അക്രമമഴിച്ചുവിട്ടവരാണ് ഇപ്പോഴത്തെ സംഭവത്തിലും പ്രതികളെന്നും നാട്ടുകാർ പൊലീസിനു മൊഴി നൽകി. പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.