തിരുവനന്തപുരം:നൂതനസാങ്കേതികവിദ്യയുടെ ഹൃദയമെന്ന് വിശേഷിപ്പിക്കുന്ന അർധചാലകങ്ങളുടെ നിർമാണത്തിൽ കുതിച്ചുചാട്ടത്തിന് രാജ്യം. തദ്ദേശീയമായി വികസിപ്പിക്കുന്ന ആധുനിക ചിപ്പുകൾ ഈ വർഷാവസാനത്തോടെ ഉത്പാദിപ്പിക്കാനാകും.
ചെറിയ അളവിൽ കൂടുതൽ ക്ഷമതയുള്ള ചിപ്പുകൾ വികസിപ്പിക്കുന്നതിൽ രാജ്യം വിജയത്തിലേക്ക് അടുക്കുന്നു. ചിപ്പുകളിലെ ട്രാൻസിസ്റ്ററുകളുടെ അളവും അവ തമ്മിലുള്ള അകലവും മറ്റു ഘടകങ്ങളും അനുസരിച്ചാണ് ഇവയുടെ നാമകരണം. ഇന്ത്യ സെമികണ്ടക്ടർ മിഷനാണ് ഈ നിർണായകനേട്ടത്തിനു ചുക്കാൻപിടിക്കുന്നത്. ഇരുപത്തെട്ട്, നാല്പത്തിയഞ്ച്, അറുപത്തിയഞ്ച് എന്ന തരത്തിലുള്ള നാനോമീറ്റർ ചിപ്പുകളാണ് ഇപ്പോൾ വികസിപ്പിക്കുക.ട്രാൻസിസ്റ്ററുകളുടെ എണ്ണം കൂടുമ്പോൾ ചിപ്പിന്റെ ക്ഷമത കൂടും. ഊർജസംരക്ഷണവും ഉയർന്നുനിൽക്കും, താപചാലകത കുറയും. ഇത് ചിപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ താപനില കുറയ്ക്കും. കൂടുതൽ അളവിൽ ഡേറ്റ കൈമാറ്റംചെയ്യാം. നിലവിൽ ചിപ്പ് നിർമാണത്തിൽ തായ്‌വാൻ, ദക്ഷിണകൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് മുന്നിൽനിൽക്കുന്നത്. ഈ രാജ്യങ്ങൾ അഞ്ച്, ഏഴ് നാനോമീറ്റർ വരെയുള്ള ചിപ്പുകൾ നിർമിച്ചുകഴിഞ്ഞു.
ചിപ്പുകളുടെ വലുപ്പം വീണ്ടും കുറയ്ക്കാനുള്ള ഗവേഷണമാണ് അവിടെ നടക്കുന്നത്. നിലവിൽ ഈ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യ വലിയതോതിൽ ചിപ്പുകൾ ഇറക്കുമതി ചെയ്യുന്നത്. നിർമിതബുദ്ധി ഉൾപ്പെടുത്തി ചിപ്പുകൾ വികസിപ്പിക്കുന്നതും കേന്ദ്രം പരിഗണിക്കുന്നുണ്ട്. അർധചാലകങ്ങളുടെ നിർമാണരംഗത്തെ അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ചാണ് ഈ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം.
സെമികണ്ടക്ടറുകളുടെ നിർമാണം, പരീക്ഷണം, തരംതിരിക്കൽ, പാക്കേജിങ് തുടങ്ങിയ പ്രക്രിയകൾ നടത്താനായി ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, അസം, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ ആറു സംസ്ഥാനങ്ങളിൽ വിവിധ പ്ലാന്റുകൾ നിർമാണഘട്ടത്തിലാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വ്യവസായം, ബഹിരാകാശം, തീവണ്ടി, ആരോഗ്യം, ഇ-വാഹനങ്ങൾ, പ്രതിരോധം, സാങ്കേതികം തുടങ്ങിയ മേഖലയിൽ വലിയതോതിൽ ഉപയോഗിക്കുന്നവയാണ് അർധചാലകങ്ങൾ76000 കോടിയുടെ പദ്ധതികളാണ് പല ഘട്ടങ്ങളായി വിഭാവനംചെയ്തിരിക്കുന്നത്. ഇത്തരത്തിൽ തദ്ദേശീയമായി ചിപ്പുകൾ നിർമിക്കുന്നതോടെ കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിലെ ഐടി മേഖലയ്ക്കു വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.സിലിക്കൺ ഡൈഓക്സൈഡിൽനിന്ന് ചിപ്പുകൾ
അർധചാലകങ്ങളുടെ നിർമാണത്തിനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട രാസസംയുക്തമാണ് സിലിക്കൺ ഡൈഓക്സൈഡ്. മണ്ണ്, പാറ, മണൽ എന്നിവയിൽ കാണപ്പെടുന്ന ഇവ ഖനനംചെയ്തെടുക്കും. തുടർന്ന് വിവിധ ഘട്ടങ്ങളിലെ രാസപ്രക്രിയയിലൂടെ ഏറ്റവും പരിശുദ്ധമായ സിലിക്കൺ(പോളി സിലിക്കൺ) ലഭിക്കും. പോളിസിലിക്കൺ പിന്നീട് ഖരരൂപത്തിലാക്കും. (ചൊക്രാൾ സി പ്രക്രിയ). തുടർന്നു ലഭിക്കുന്ന സിലിക്കൺ വേഫറുകളെ ചിപ്പുകളായി മാറ്റിയെടുക്കുകയാണ്. ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന പരിശുദ്ധമായ വാതകം, രാസപദാർഥങ്ങൾ, ധാതുക്കൾ എന്നിവ സ്വന്തംനിലയിൽ ഉത്പാദിപ്പിക്കാനും രാജ്യം ശ്രമിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.