ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം ശബരിമല വീണ്ടും സജീവ ചര്‍ച്ചയാകാൻ കാരണം പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനമായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടാണ് അയ്യപ്പ സംഗമവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷവും ബിജെപിയുമെല്ലാ രംഗത്തെത്തിയെങ്കിലും പരിപാടിയുമായി മുന്നോട്ട് പോവുമെന്ന് തന്നെയായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
ഇത് വലിയ വിവാദത്തിനും നിയമപോരാട്ടത്തിനും വഴിവെക്കുകയും ചെയ്തു. പക്ഷേ, ആദ്യം ഹൈക്കോടതിയില്‍ നിന്നും ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായതോടെ വലിയ ആശ്വാസത്തിലുമാണ് സര്‍ക്കാര്‍. സെപ്റ്റംബര്‍ 20 ന് പമ്പയില്‍ നടക്കാന്‍ പോകുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്യം സുപ്രീംകോടതി വിവാദത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു.ഒറ്റ ദിവസം മാത്രം നടക്കുന്ന സംഗമം ഇത്രയധികം വിവാദം ആക്കുന്നത് എന്തിനെന്നാണ് ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി ചോദിച്ചത്. സംഗമത്തിന് അനുമതി നല്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു. പമ്പയില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി.ആഗോള അയ്യപ്പ സംഗമത്തിന് എതിരായ മൂന്ന് ഹര്‍ജികള്‍ ആണ് സുപ്രീംകോടതിയില്‍ പരിഗണിച്ചത്. വിസി അജികുമാര്‍, ഡോ പിഎസ് മഹേന്ദ്ര കുമാര്‍, അജീഷ് കളത്തില്‍ ഗോപി എന്നിവര്‍ ആയിരുന്നു ഹര്‍ജിക്കാര്‍. പരിസ്ഥിതിലോല പ്രദേശമായ പമ്പ തീരത്ത് സംഗമം സംഘടിപ്പിക്കുന്നത് ഹൈക്കോടതിയുടെ മുന്‍ ഉത്തരവിന്റെ ലംഘനം ആണെന്ന് ഡോ മഹേന്ദ്ര കുമാറിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് പി ബി കൃഷ്ണന് ചൂണ്ടിക്കാട്ടി.
മുമ്പ് പമ്പാ തീരത്ത് രാമകഥ നടത്താന്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി നിയമം ചൂണ്ടിക്കാട്ടി അതിനെ എതിര്‍ത്തിരുന്നു എന്ന് സീനിയര്‍ അഭിഭാഷകന് പി ബി കൃഷ്ണനും, അഭിഭാഷകന് എംഎസ് വിഷ്ണു ശങ്കറും ചൂണ്ടിക്കാട്ടി. എന്നാല്‍ ആഗോള അയ്യപ്പ സംഗമം നടത്താന്‍ ചില നിബന്ധനകള്‍ ഹൈക്കോടതി മുന്നോട്ട് വച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ നിബന്ധകള്‍ പൂര്‍ണമായും പാലിക്കുമെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി ഗിരിയും, അഭിഭാഷകന് പിഎസ് സുധീറും കോടതിയെ അറിയിച്ചു.എന്താണ് നിങ്ങളുടെ എതിര്‍പ്പിന് കാരണമെന്ന് സുപ്രീംകോടതി; രാഷ്ട്രീയമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്
ആഗോള അയ്യപ്പ സംഗമത്തിനോടുള്ള എതിര്‍പ്പിന് കാരണം എന്നതാണെന്ന് ഹര്‍ജിക്കാരോട് സുപ്രീം കോടതി ആരാഞ്ഞു. രാഷ്ട്രീയമാണ് എതിര്‍പ്പിന് കാരണമെന്ന് ഹര്‍ജിക്കാരനായ വിസി അജികുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന് കൃഷ്ണ രാജ് ചൂണ്ടിക്കാട്ടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ബോര്‍ഡ് യോഗം അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചിട്ടില്ല. മറിച്ച് ഒരു അവലോകന യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ സംഗമം നടക്കുന്നത് എന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതി പുറപ്പടുവിച്ചത് ഇടക്കാല ഉത്തരവ് ആണെന്നും സംഗമം നടത്താന്‍ ബോര്‍ഡിന് അവകാശം ഉണ്ടോയെന്ന കാര്യം ഹൈക്കോടതി പരിശോധിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ സികെ ശശി എന്നിവര്‍ ഹാജരായി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.