തിരുവനന്തപുരം: ആരോപണങ്ങളുയർന്നെങ്കിലും പരാതിക്കാർ നേരിട്ട് രംഗത്തുവരാത്ത സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പാർട്ടിതല നടപടി മതിയെന്ന വികാരം കോൺഗ്രസിൽ ശക്തം. പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടില്ലെങ്കിലും രാഹുൽ ഇപ്പോൾ കോൺഗ്രസിനു പുറത്താണ്. ഇതുതന്നെ കടുത്തശിക്ഷയായതിനാൽ ഇതിനപ്പുറം മറ്റു ശിക്ഷവേണ്ടെന്നാണ് കോൺഗ്രസിലെ പൊതുവികാരം
ഗ്രൂപ്പടിസ്ഥാനത്തിലല്ലാതെ രൂപംകൊണ്ട ഈ ചിന്തയുടെ ഭാഗമായാണ് രാഹുൽ മാങ്കൂട്ടത്തിൽ തിങ്കളാഴ്ച നിയമസഭയിലെത്തിയത്. എ ഗ്രൂപ്പും രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലുമടക്കമുള്ള നേതാക്കൾ രാഹുൽ നിയമസഭയിൽ എത്തണമെന്ന നിലപാട് പങ്കിട്ടു. ഒരുപരിധിവരെ കൂട്ടായ ആലോചനയും ഇക്കൂട്ടത്തിലുണ്ടായി. പ്രതിപക്ഷത്തെ മറ്റ് രണ്ടുപേരും ഭരണപക്ഷത്തെ ഒരംഗവും വ്യക്തമായ പരാതിയുള്ള കേസ് നേരിടുമ്പോഴും സഭയിൽ വരുന്നതും കണക്കിലെടുത്തുഇതേസമയം ആരോപണം ഉയർന്നപ്പോൾത്തന്നെ, മുൻപ് ചെറുപ്പക്കാരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കർക്കശനടപടിവേണമെന്ന നിലപാടെടുത്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ്സ്ഥാനത്തുനിന്ന് മാറ്റുക, പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്യുക, നിയമസഭാകക്ഷിയിൽനിന്ന് മാറ്റുക എന്നീകാര്യങ്ങളെല്ലാം കോൺഗ്രസ് സംസ്ഥാനനേതൃത്വത്തിന്റെ കൂട്ടായ ആലോചനപ്രകാരമെടുത്തതായിരുന്നു. ഹൈക്കമാൻഡിന്റെ അംഗീകാരവും ഈ നടപടികൾക്കുണ്ടായിരുന്നു.ഇതിനപ്പുറം നിയമസഭാ സമ്മേളനത്തിന് രാഹുൽ എത്തേണ്ടെന്ന നിലപാടിനോട് പൊതുവേ നേതാക്കൾ യോജിച്ചില്ല. നിയമസഭയിൽ സർക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരേണ്ട സമയത്ത് രാഹുലിന്റെ സാന്നിധ്യം തടസ്സമാകുമെന്നായിരുന്നു സതീശന്റെ നിലപാട്. രാഹുൽ നിയമസഭയിൽ എത്തേണ്ടെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞില്ലെങ്കിലും ‘ആ ചാപ്റ്റർ ക്ലോസ്ഡ്’ എന്ന മറുപടിയിലൂടെ നിലപാട് വ്യക്തമായിരുന്നു. പി.വി. അൻവറിനെ മുന്നണിയിൽ എടുക്കാതിരുന്നതിൽ സതീശന്റെ നിലപാടാണ് നിർണായകമായത്. പ്രതിപക്ഷ നേതാവ് പാർട്ടിയിൽ മേൽക്കൈനേടുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നതിലും മറുവിഭാഗം നേതാക്കൾക്ക് നീരസമുണ്ട്.ഒരു നേതാവിനെയും ബന്ധപ്പെട്ടില്ല -രാഹുൽ
നിയമസഭയിൽ വരുന്നകാര്യത്തിൽ പാർട്ടിയിലെ ഒരു നേതാവുമായും ബന്ധപ്പെട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സസ്‌പെൻഷനിലാണെങ്കിലും പാർട്ടിക്ക് പൂർണമായും വിധേയനാണ് താൻ. അതുകൊണ്ടുതന്നെ ഒരു നേതാവിനെയും നേരിൽക്കാണാൻ ശ്രമിക്കുകയോ, ബന്ധപ്പെടുകയോ ചെയ്തില്ല. അതുകൊണ്ടുതന്നെ സഭയിൽ വരുന്നത് ആരുടെയും ഉപദേശം ധിക്കരിച്ചുമല്ല. തുടർദിവസങ്ങളിൽ സഭയിൽ എത്തുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടിപറഞ്ഞില്ല.
അടുപ്പിച്ചുള്ള ദിവസങ്ങളിൽ സഭയിലെത്തില്ലരാഹുൽ മാങ്കൂട്ടത്തിൽ തിങ്കളാഴ്ച നിയമസഭയിൽ എത്തിയെങ്കിലും തുടർച്ചയായി എത്തില്ലെന്നാണ് സൂചന.പ്രതിപക്ഷം സർക്കാരിനെതിരേ കടന്നാക്രമണം നടത്തുന്ന ദിവസങ്ങളിൽ സഭയിലെത്തി പോരാട്ടത്തിന് തടസ്സമാകേണ്ടെന്നാണ് രാഹുലിനെ രംഗത്തിറക്കാൻ 'ശ്രമദാനം' നട ത്തുന്നവരുമായെത്തിയ ധാരണ. ഈ ആഴ്ചയവസാനം മണ്ഡലമായ പാലക്കാട്ടും എത്താനാണ് ആലോചന.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.