ലേ: സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നടന്ന പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 70 പേര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലേയിൽ നടന്ന പ്രതിഷേധത്തിൽ ലേ അപെക്സ് ബോഡിയുടെ യുവജന വിഭാഗം ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസ് കത്തിക്കുകയും ചെയ്തതോടെ പ്രതിഷേധ അക്രമാസക്തമാകുകയായിരുന്നു
സംഘർഷം രൂക്ഷമായതോടെ ലേ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും വിലക്കിയിട്ടുണ്ട്.അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയതതിന് പിന്നാലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. അക്രമത്തിലൂടെ ഒന്നും നേടാനാകില്ലെന്നും സോനം വാങ്ചുക് പറഞ്ഞു. സമാധാനം പാലിക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം യുവാക്കളോട് എക്‌സിലൂടെ ആവശ്യപ്പെട്ടുകഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്.സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. ഈ സമരത്തിന് പിന്തുണയേകാനാണ് യുവജനങ്ങൾ തെരുവിലിറങ്ങിയത്
അതേസമയം കാർഗിൽ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് സജാദ് കാർഗിലി , ലേയിലെ സംഭവവികാസങ്ങളെ നിർഭാഗ്യകരം എന്ന് വിശേഷിപ്പിച്ചു. സർക്കാരിൻ്റെ പരാജയപ്പെട്ട കേന്ദ്രഭരണ പ്രദേശ പരീക്ഷണമാണ് ഒരു കാലത്ത് സമാധാനപരമായിരുന്ന ലഡാക്കിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.ചർച്ചകൾ പുനഃരാരംഭിച്ച് വിവേകത്തോടെ പ്രവർത്തിക്കണമെന്നും ലഡാക്കിന്റെ സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ എന്നീ ആവശ്യങ്ങൾ കാലതാമസം കൂടാതെ നിറവേറ്റണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. സമാധാനം പാലിക്കാനും സ്ഥിരതയോടെ നിലകൊള്ളണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.