പാലക്കാട്: നിങ്ങള്‍ക്ക് നഷ്ടപ്പെട്ട ഒരു വസ്തു വര്‍ഷങ്ങള്‍ക്ക് ശേഷം നിനച്ചിരിക്കാത്ത സമയത്ത് തിരികെ ലഭിച്ചാല്‍ എങ്ങനെയിരിക്കും ? അത്തരത്തിലൊരു സംഭവം നടന്നതിന്റെ അമ്പരപ്പിലാണ് പാലക്കാട്ടെ പൈലിപ്പുറത്തുള്ള ഖദീജ. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നഷ്ടമായ സ്വര്‍ണമാല തിരികെ ലഭിച്ച സന്തോഷത്തിലാണ് ഖദീജ.
നഷ്ടമായ സ്വര്‍ണമാലയ്ക്ക് പകരം അതിന് സമാനമായ മറ്റൊരു മാലയാണ് ഖദീജയെ തേടിയെത്തിയത്. ഒപ്പം ക്ഷമ ചോദിച്ച് ഒരു ഊമ കത്തും കൊറിയറിൽ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയിലേക്കുള്ള ഒരു യാത്രയിലായിരുന്നു ഖദീജയ്ക്ക് തന്റെ സ്വർണമാല നഷ്ടമായത്. അന്ന് ഭര്‍ത്താവും ഖദീജയും ചേര്‍ന്ന് മാല അന്വേഷിച്ച് ഏറെ നടന്നെങ്കിലും നിരാശയായിരുന്നു ഫലം.എന്നാല്‍ മാലയെ പറ്റിയെല്ലാം മറന്നിരിക്കെ, കഴിഞ്ഞ ദിവസം ഒരു കൊറിയറുണ്ടെന്ന് പറഞ്ഞ് മകന് ഇബ്രാഹിമിന് ഒരു കോള്‍ വന്നു. വീട്ടില്‍ നിന്ന് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്തതാവും എന്ന് കരുതി ചെന്ന ഇബ്രാഹിമിന് ലഭിച്ചത് ഒരു കത്തും സ്വര്ണമാലയുമായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് താങ്കളുടെ പക്കല്‍ നിന്നും കളഞ്ഞുപോയ ഒരു സ്വര്‍ണാഭരണം അന്നെനിക്ക് ലഭിച്ചിരുന്നു. അന്നത്തെ എന്റെ പ്രത്യേക സാഹചര്യത്തില്‍ അത് ഉപയോഗപ്പെടുത്തേണ്ടി വന്നു. ഇന്ന് ഞാന്‍ അതിന്റെ പേരില്‍ വല്ലാതെ ദുഖിതനാണ്. ആയതിനാല്‍ എഴുത്തിനോട് കൂടെ അതിനോട് സമാനമായ ഒരു ആഭരണം വച്ചിട്ടുണ്ട്. ഇത് താങ്കള്‍ സന്തോഷത്തോടെ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം.താങ്കളുടെ ദുആയില്‍ എന്നെയും ഉള്‍പ്പെടുത്തണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നുവെന്നായിരുന്നു കുറപ്പിലുണ്ടായിരുന്നത്. അതേസമയം, അജ്ഞാതനെ തേടി പോകാന്‍ താല്പര്യമില്ലായെന്നും കൈപ്പിഴ തിരുത്താന്‍ കാണിച്ച മനസിനായി ബഹുമാനിക്കുന്നുവെന്നുമായിരുന്നു കത്തിന് ഖദീജയുടെ മറുപടി.തനിക്ക് നഷ്ടമായ സ്വര്‍ണമാല 21 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചു കൂടെ സന്തോഷത്തോടെ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം എന്നൊരു കത്തും.
0
ഞായറാഴ്ച, സെപ്റ്റംബർ 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.