കീവ്: യുക്രൈനെതിരായ യുദ്ധത്തിന് റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ആരാണെന്ന വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് യുക്രൈന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കി
ഇന്ത്യ മിക്കപ്പോഴും യുക്രൈന്റെ പക്ഷത്താണെന്നും അതേസമയം, ഊര്‍ജ്ജരംഗത്ത് ചില വെല്ലുവിളികള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതില്‍ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും സെലന്‍സ്കി വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (UNGA) 80-ാം സമ്മേളനത്തില്‍ ട്രംപ് നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനുള്ള മറുപടിയെന്നോണമാണ് സെലന്‍സ്കിയുടെ പുതിയ പ്രസ്താവന.യുക്രൈന് എതിരായ യുദ്ധത്തിന് ഇന്ത്യയും ചൈനയുമാണ് റഷ്യയ്ക്ക് പ്രധാനമായും പണം നല്‍കുന്നതെന്നാണ് ട്രംപ് ആരോപിച്ചിരുന്നത്. ഫോക്സ് ന്യൂസ് അവതാരകനായ ബ്രെറ്റ് ബെയറുമായുള്ള അഭിമുഖത്തിലാണ് സെലന്‍സ്കി റഷ്യ-യുക്രൈന് യുദ്ധത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.
ഇന്ത്യയെക്കുറിച്ചും നിലവില്‍ മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചും സംസാരിച്ചതിനൊപ്പം ട്രംപിലുള്ള വിശ്വാസത്തെക്കുറിച്ചും സെലന്‍സ്കി സംസാരിച്ചു. 'ഇന്ത്യ മിക്കപ്പോഴും ഞങ്ങളോടൊപ്പമാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഊർജമേഖലയിൽ ഞങ്ങള്‍ക്ക് കുറച്ചു പ്രശ്നങ്ങളുണ്ട്. പക്ഷേ, പ്രസിഡന്റ് ട്രംപിന് അവ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.' സെലന്‍സ്കി പറഞ്ഞു.റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടിനെക്കുറിച്ച് സംസാരിച്ച സെലെന്‍സ്കി, ഇന്ത്യ വൈകാതെ സമീപനം മാറ്റുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. 'ഇന്ത്യയുടെ പിന്തുണ നഷ്ടപ്പെടാതിരിക്കാന്‍ നമ്മള് ആവുന്നതെല്ലാം ചെയ്യണം. അപ്പോള്‍, അവരുടെ മനോഭാവം മാറും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയോട് കൂടുതല്‍ അടുപ്പമുള്ള രാജ്യങ്ങള്‍ ഏതൊക്കെയെന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഈ സംഭാഷണം നടന്നത്. ഇറാനെക്കുറിച്ചും സെലന്‍സ്കി അഭിപ്രായം പറഞ്ഞു.
ഇറാന് ഒരിക്കലും ഞങ്ങളുടെ പക്ഷത്തുണ്ടാകില്ല. കാരണം അവര്‍ ഒരിക്കലും യുഎസിന്റെ പക്ഷത്തുണ്ടാകില്ല എന്നതുതന്നെ.' യൂറോപ്പുമായും ഇന്ത്യയുമായും കൂടുതല്‍ അടുത്ത സഹകരണം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും അത് ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട് മാറ്റാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 'യൂറോപ്യന്മാരുമായി ചേര്‍ന്ന്, ഇന്ത്യയുമായി കൂടുതല്‍ അടുത്തതും ശക്തവുമായ ബന്ധം സ്ഥാപിക്കുക എന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ ലക്ഷ്യം.' അദ്ദേഹം പറഞ്ഞു.ട്രംപുമായുള്ള തന്റെ സമീപകാല സംഭാഷണങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായിരുന്നുവെന്നും സെലന്‍സ്കി പറഞ്ഞു. 'പ്രസിഡന്റ് ട്രംപ് കൂടുതല്‍ പോസിറ്റീവായിരുന്നു. അവസാനംവരെ യുക്രൈനെ പിന്തുണയ്ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു എന്ന തരത്തിലാണ് സംസാരിച്ചത്. ട്രംപ് അത് ആഗ്രഹിക്കുന്നുണ്ട്. ഞങ്ങളുടെ ആളുകള്‍ ആഗ്രഹിക്കുന്നത് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്.
അതുകൊണ്ടുതന്നെ ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.' അദ്ദേഹം പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പുതിനെക്കുറിച്ചും സെലന്‍സ്കി തുറന്ന് സംസാരിച്ചു. 'യുദ്ധം അവസാനിപ്പിക്കാന്‍ പുതിന് ആഗ്രഹിക്കുന്നില്ല. എന്നാല്‍, യുദ്ധത്തില്‍ അവര്‍ വിജയിക്കില്ലെന്നും അദ്ദേഹത്തിന് അറിയാം. പക്ഷേ, താന്‍ വിജയിക്കുമെന്നാണ് പുതിന് എല്ലാവരോടും പറയുന്നത്.' സെലന്‍സ്കി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.