ന്യൂയോർക്ക് : ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസിൽവ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ആദരസൂചകമായി നെറുകയിൽ ചുംബിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ ഗുസ്താവോയുടെ പ്രസംഗത്തിനുശേഷമായിരുന്നു ഈ വ്യത്യസ്തമായ കാഴ്ച. ഗുസ്താവോ പെട്രോ തന്റെ പ്രസംഗത്തിൽ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പലസ്തീനികളെ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് ഗുസ്താവോ ആരോപിച്ചു.‘പലസ്തീനെ മോചിപ്പിക്കാൻ’ ഏഷ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട്ര സൈനിക കൂട്ടായ്മ രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന കപ്പലുകൾ തടയണമെന്നും ആഹ്വാനം ചെയ്തു. ഈ പ്രസംഗത്തിനു പിന്നാലെയാണ് ബ്രസീൽ പ്രസിഡന്റ് അദ്ദേഹത്തിന്റെ ഇരിപ്പിടത്തിന് അരികിലെത്തി തലയിൽ ചുംബിച്ചത്. ലുലയുടെ ഈ പ്രവൃത്തി രാജ്യാന്തര ശ്രദ്ധ നേടി. ഇസ്രയേലിന്റെ കടുത്ത വിമർശകനാണ് കൊളംബിയൻ പ്രസിഡന്റ്. ഇസ്രയേലിൽനിന്നും ആയുധങ്ങൾ വാങ്ങുന്നത് കൊളംബിയ നിർത്തിവച്ചിരിക്കുകയാണ്.യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ, ഡസൻകണക്കിനു രാജ്യങ്ങളുടെ പ്രതിനിധികൾ കഴിഞ്ഞദിവസം ഇറങ്ങിപ്പോയിരുന്നു. പ്രസംഗത്തിനിടയിലും പ്രതിഷേധശബ്ദമുയർന്നു.
പ്രസംഗം നടക്കുന്ന സമയത്തു ടൈം സ്ക്വയറിൽ ആയിരക്കണക്കിനു പലസ്തീൻ അനുകൂലികൾ ഗതാഗതം തടഞ്ഞു. ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ രാജ്യാന്തര ക്രിമിനൽ കോടതിയുടെ വാറന്റുള്ള നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.