പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്പ പീഠം കാണാതായ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. കാണാതായെന്ന് ആരോപണമുന്നയിച്ച സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നുതന്നെ ഈ പീഠങ്ങള്‍ കണ്ടെത്തുകയായിരുന്നു.
വിജിലന്‍സിന്റെ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. ശബരിമല ദ്വാരപാലക ശില്പങ്ങള്ക്ക് സ്വർണ പീഠംകൂടി നിര്‍മിച്ച് നല്‍കിയിരുന്നതായും ഇവ കാണാതായെന്നുമാണ് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി ആരോപിച്ചത്.ആരോപണങ്ങള്‍ക്ക് പിന്നാലെ ഹൈക്കോടതിയാണ് പീഠങ്ങള്‍ കണ്ടെത്തണമെന്ന നിര്‍ദേശം നല്‍കിയത്. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെ നിയോഗിച്ചിരുന്നു. വിജിലന്‍സ് സംഘം ദേവസ്വം ബോര്‍ഡിന്റെ എല്ലാ സ്ട്രോങ് റൂമുകളും പരിശോധിച്ചിരുന്നു. ഒടുക്കം ആരോപണമുന്നയിച്ച സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നുതന്നെ ഈ പീഠങ്ങള്‍ കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണന് പോറ്റിയെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ വീട്ടിലും പരിശോധന നടത്തി. തിരുവനന്തപുരത്തെ വീട്ടിലും ബെംഗളൂരുവിലെ വീട്ടിലുമാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. പരിശോധനകളില്‍ കാണാതായ പീഠത്തെ സംബന്ധിച്ച് സൂചന കിട്ടിയിരുന്നു.
വെഞ്ഞാറമൂട്ടിലെ ബന്ധുവിന്റെ വീട്ടില്‍ പീഠമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഠം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലായിരുന്നു ചെമ്പുപാളികൾക്ക് സ്വർണംപൂശിയിരുന്നത്.ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്പങ്ങള്ക്ക് പീഠംകൂടി നിര്‍മിച്ചുനല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിര്‍മിച്ചത്. മൂന്നുപവന്‍ സ്വര്‍ണമാണ് ഉപയോഗിച്ചത്. മറ്റുലോഹങ്ങളും കൂടി ചേരുന്നതായിരുന്നു ഈ പീഠം. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാല്‍ ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു.
എന്നാല്‍, പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് സ്പോണ്സര് അന്ന് പറഞ്ഞത്. പീഠം നല്‍കിയതായും അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കാന്‍ സാധിച്ചില്ലെന്നും മാത്രമാണ് അറിയാനായതെന്നും അന്ന് ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.