വയനാട്: എന്‍ഡിഎയോട് വിടപറഞ്ഞ ആദിവാസി ദലിത് നേതാവ് സി കെ ജാനു യു ഡി എഫില്‍ ചേരും. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണ് ലഭ്യമാവുന്ന സൂചനകള്‍.
രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരുമായും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവുമായും സി കെ ജാനു മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നു. പാര്‍ട്ടിയിലെ ഭൂരിഭാഗം പ്രവര്‍ത്തകരും യുഡിഎഫ് പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് സി കെ ജാനു നിലപാട് പരസ്യമാക്കിയത്.എന്‍ഡിഎ വിട്ടതോടെ പലരും തങ്ങളെ സമീപിച്ചിരുന്നുവെങ്കിലും പ്രവര്‍ത്തകരുടെകൂടി താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് ജാനുവിന്റെ പ്രതികരണം. സി കെ ജാനുവിന്റെ പാര്‍ട്ടിയുമായി മറ്റു ചില ചെറുകക്ഷികളും ലയന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.എന്‍ഡിഎ വിട്ടതോടെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജെആര്‍പി യുഡിഎഫിലോ എല്‍ ഡി എഫിലോ ചേക്കേറുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഒരു മുന്നണിയുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും തങ്ങളെ പരിഗണിക്കുന്നവരുമായി രാഷ്ട്രീയ സഖ്യത്തിന് തയ്യാറാവുമെന്നായിരുന്നു ജാനുവിന്റെ പ്രതികരണം. എന്‍ ഡി എ യുമായി ഇനിയൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും തങ്ങളെ രാഷ്ട്രീയമായി പരിഗണിക്കാത്ത മുന്നണിയാണ് എന്‍ ഡി എ എന്നും ജാനു നേരത്തെ വ്യക്തമാക്കിയിരുന്നു.
പാട്ടക്കരാര്‍ കഴിഞ്ഞ തോട്ടങ്ങള്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചുകൊടുക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഇതോടു കൂട്ടിവായിക്കേണ്ടതാണ്. കേരളത്തിലെ ആദിവാസി ദലിത് വിഭാഗങ്ങളുടെ പിന്തുണ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും, തുടര്‍ന്ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യും.വയനാട്ടില്‍ കഴിഞ്ഞ രണ്ടുതവണയായി നഷ്ടപ്പെട്ട മാനന്തവാടി സീറ്റുകള്‍ ഉള്‍പ്പെടെ സംവരണ സീറ്റുകളില്‍ വിജയിച്ചു കയറാന്‍ ആദിവാസി, ദലിത് വിഭാഗങ്ങളുടെ പിന്തുണ അനിവാര്യമാണ്. ബത്തേരിയില്‍ സംവരണസീറ്റില്‍ നിന്നും ഐ സി ബാലകൃഷ്ണന് വിജയിച്ചുവെങ്കിലും മുന്‍ മന്ത്രിയായ പി കെ ജയലക്ഷ്മി മാനന്തവാടിയില്‍ തുടര്‍ച്ചയയായി പരാജയപ്പെട്ടിരുന്നു.
കുറിച്യ, കുറുമ, പണിയ വിഭാഗങ്ങള്‍ക്ക് വയനാട്ടില്‍ നിര്‍ണായകമായ സ്വാധീനമുണ്ട്, ഇത്തരം വോട്ടുകള്‍ ഉറപ്പിക്കാന്‍ സി കെ ജാനുവിന്റെ മുന്നണി പ്രവേശം ഗുണകരമാവുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്. സി കെ ജാനുവിനെപോലുള്ള നേതാക്കളെ മുന്നണിയില്‍ എത്തിക്കുന്നത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ഗുണകരമാവുമെന്ന് എഐസിസി നേതൃത്വും വിലയിരുത്തുന്നുണ്ട്.എന്‍ ഡി എ യുടെ ഭാഗമായിരുന്ന ഒരു വിഭാഗം കോണ്‍ഗ്രസ് മുന്നിയില് എത്തുന്നതും രാജ്യം മുഴുവന്‍ ശ്രദ്ധേയായ സി കെ ജാനു കോണ്‍ഗ്രസിനൊപ്പം മുന്നണിയില്‍ എത്തുന്നതും ദേശീയ തലത്തില്‍ ചര്‍ച്ചയാവും. ആദിവാസി ഗോത്രമഹാസഭയുടെ സ്ഥാപക നേതാവാണ് സി കെ ജാനു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥലം എം പി പ്രിയങ്കാ ഗാന്ധി, മുന്‍ എം പിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ വയനാട്ടിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.