ഒട്ടേറെ ചിത്രങ്ങളിലൂടെ സിനിമാപ്രേമികള്‍ക്ക് സുപരിചിതയാണ് തെലുങ്ക് താരം ലക്ഷ്മി മഞ്ചു. തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമെ ഏതാനും ഹോളിവുഡ് ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് ലക്ഷ്മി മഞ്ചുവിനെ പരിചയം മോണ്‍സ്റ്റര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ്. സ്വവര്‍ഗാനുരാഗിയായ ദുര്‍ഗ എന്ന ശക്തമായ കഥാപാത്രമായാണ് ലക്ഷ്മി മോണ്സ്റ്ററിലെത്തിയത്.
സിനിമാ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ തന്റെ വസ്ത്രധാരണത്തെ കുറിച്ചും പ്രായത്തെ കുറിച്ചുമെല്ലാമുള്ള മോശമായ ചോദ്യത്തിന് രൂക്ഷമായ മറുപടി നല്‍കിയതോടെയാണ് ലക്ഷ്മി കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ഇപ്പോഴിതാ അന്ന് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെതിരെ പരാതി നല്‍കിയിരിക്കുകയാണ് താരം. 'ബോഡി ഷെയ്മിങ്' പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ തെലങ്കാനാ ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സിലാണ് (ടിഎഫ്സിസി) നടി പരാതി നല്‍കിയത്.'സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. എങ്കിലും തൊഴിലിടങ്ങളിലേക്കെത്തുമ്പോള് ഞങ്ങള്‍ സ്ത്രീവിരുദ്ധതയ്ക്കും അവഹേളനത്തിനും അനാദരവിനുമെല്ലാം വിധേയരാകുന്നു. ഇത് തുടരാന്‍ കഴിയില്ല. ഇത് എനിക്കുവേണ്ടി മാത്രമുള്ളതല്ല, മറിച്ച് ഇതിനെതിരെ ഞാന്‍ പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരായ സ്ത്രീകള്‍ക്ക് കൂടി വേണ്ടിയാണ്.' -പരാതിക്കൊപ്പം ലക്ഷ്മി മഞ്ചു കൂട്ടിച്ചേര്‍ത്തു.മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരത എന്നാണ് വിവാദ അഭിമുഖത്തെ നടി വിശേഷിപ്പിച്ചത്. കടുത്ത ചോദ്യങ്ങളെ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നു. കാരണം അത് തന്റെ തൊഴിലിന്റെ ഭാഗമാണ്. എന്നാല്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല -ലക്ഷ്മി മഞ്ചു പരാതിയില്‍ പറഞ്ഞു.മോശം പരാമര്‍ശം നടത്തിയ മാധ്യമപ്രവര്ത്തകന് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ലക്ഷ്മി ഇത്തരം അനുഭവം മറ്റൊരു സ്ത്രീയ്ക്കും ഉണ്ടാകാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ടിഎഫ്സിസിയോടും ആവശ്യപ്പെട്ടു.മുംബൈയിലേക്കുള്ള മാറ്റം ലക്ഷ്മിയുടെ വസ്ത്രധാരണത്തേയും മാറ്റിയെന്ന ആമുഖത്തോടെയായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. ഇതിന് മുംബൈയിലേക്ക് മാറുംമുമ്പ് താന്‍ ഏറെക്കാലം അമേരിക്കയില്‍ കഴിഞ്ഞിരുന്നുവെന്ന് ലക്ഷ്മി മറുപടി നല്കി. ഇപ്പോഴത്തെ തന്റെ രൂപത്തില്‍ എത്തിച്ചേരാന്‍ കഠിനമായി ശ്രമിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ആഗ്രഹിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാനുള്ള ആത്മവിശ്വാസം ലഭിച്ചതെന്നും ലക്ഷ്മി പറഞ്ഞു.ഇതിനിടെ വീണ്ടും ലക്ഷ്മിയുടെ പ്രായത്തേക്കൂടി ബന്ധിപ്പിച്ച് റിപ്പോര്‍ട്ടര്‍ വീണ്ടും അതേ ചോദ്യമുയര്‍ത്തി. അമ്പതിലേക്ക് അടുത്തിരിക്കുന്ന, ഒരു പെണ്‍കുട്ടിയുടെ അമ്മയായ ലക്ഷ്മിയുടെ വസ്ത്രധാരണത്തില്‍ ആളുകള്‍ കമന്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞപ്പോളാണ് ലക്ഷ്മി രൂക്ഷമായി പ്രതികരിച്ചത്. ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കുമോയെന്നും എന്ത് ധൈര്യത്തിലാണ് ഈ ചോദ്യം ചോദിച്ചതെന്നും ലക്ഷ്മി ചോദിച്ചു.
മഹേഷ് ബാബു, നിങ്ങള്‍ക്ക് അമ്പത് വയസ്സായല്ലോ, എന്തുകൊണ്ടാണ് ഷര്‍ട്ട് ധരിക്കാതെ പ്രത്യക്ഷപ്പെടുന്നത് എന്ന് ചോദിക്കുമോ? പിന്നെങ്ങനെ അതേചോദ്യം ഒരു സ്ത്രീയോട് ചോദിക്കും. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയ്ക്ക് അല്പം കൂടി ഉത്തരവാദിത്തം കാണിക്കൂ- എന്നാണ് ലക്ഷ്മി പ്രതികരിച്ചത്.
എന്നാല്‍ താനൊരിക്കലും ഒരു പുരുഷനോട് ഈ ചോദ്യം ചോദിക്കില്ലെന്നും സാമൂഹികമാധ്യമത്തില്‍ സമാനമായ ചോദ്യങ്ങള്‍ ലക്ഷ്മി നേരിടുന്നതിനാലാണ് അത് ചോദിച്ചതെന്നും റിപ്പോര്‍ട്ടര്‍ വീണ്ടും പറഞ്ഞു. ഇതിനോട് ശാന്തമായ രീതിയില്‍ ഒരു താരദമ്പതികളുടെ അനുഭവം വരെ ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മി മറുപടി നല്‍കിയത്.
ഇപ്പോഴും അഭിനയ മേഖലയിലുള്ള ഒരു സൂപ്പര്‍ താരത്തിന്റെ ഭാര്യയെ എനിക്കറിയാം. വിവാഹമോചനശേഷം മുമ്പ് അവള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്ന സിനിമകളില്‍ നിന്നൊഴിവാക്കി. മുന്‍ഭര്‍ത്താവിന് ഇഷ്ടമാകാതിരുന്നാലോ എന്നോര്‍ത്താണത്. നല്ല സിനിമകള്‍ ചെയ്യാനായി അവള് കാത്തിരിക്കുകയാണ്. ഒരു പുരുഷന് ഒരിക്കലും അത്തരത്തിലൊന്ന് നേരിടേണ്ടി വരില്ല. അയാളുടെ ജീവിതം ഒരിക്കലും മാറില്ല. പക്ഷേ ഒരു സ്ത്രീക്ക് ഒരുപാട് ഉത്തരവാദിത്തങ്ങള്‍ വരുന്നു. ആരും അവള്‍ക്ക് സ്വാതന്ത്ര്യം നല്‍കില്ല. - എന്നാണ് ലക്ഷ്മി നല്കിയ മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.