ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തുന്നതിനായി ഭീകരര്‍ക്ക് സഹായങ്ങള്‍ ചെയ്ത ഒരാളെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു.
മുഹമ്മദ് കട്ടാരി എന്നയാളാണ് അറസ്റ്റിലായത്. ഓപ്പറേഷന് മഹാദേവിനിടെ കണ്ടെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് മുഹമ്മദ് കട്ടാരിയയെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.പഹല്‍ഗാമിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബൈസരന്‍ താഴ്വരയില് ഏപ്രില്‍ 22-നാണ് 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം നടന്നത്. നിരപരാധികളെ കൂട്ടക്കൊല ചെയ്ത രണ്ട് തോക്കുധാരികളെ ജൂലൈയിലെ ഓപ്പറേഷന് മഹാദേവിനിടെ സുരക്ഷാ സേന കണ്ടെത്തി വധിച്ചിരുന്നു. ഇവരുടെ പക്കല്‍നിന്നു കണ്ടെടുത്ത ഉപകരണങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കട്ടാരിയയെ അറസ്റ്റുചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കട്ടാരിയയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന് മഹാദേവിന് ശേഷമുള്ള സുരക്ഷാ സേനയുടെ വലിയ മുന്നേറ്റമാണിത്. പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നാലെ, പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ ഒരു വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പിന്നാലെ ഇന്ത്യ ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. ശ്രീനഗറിനടുത്തുള്ള ദച്ചിഗാമില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മെയ് 22 മുതലാണ് സുരക്ഷാ സേന ആഴ്ചകള്‍ നീണ്ട ഓപ്പറേഷന് മഹാദേവ് ആരംഭിച്ചത്.ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനിടയില്‍, ചൈനീസ് നിര്‍മ്മിത ഉപകരണങ്ങളിലെ എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങള്‍ സൈന്യം പിടിച്ചെടുത്തിരുന്നു. പിന്നാലെ, ജൂലൈ 28-ന് സൈന്യം ഭീകരര്‍ക്കെതിരെയുള്ള ആക്രമണം ആരംഭിച്ചു. ഭീകരര്‍ T82 കമ്മ്യൂണിക്കേഷന്‍ ഉപകരണം പ്രവര്‍ത്തിപ്പിച്ചത് ഇന്ത്യന്‍ സേനയ്ക്ക് അവരുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സഹായകമായി. രാവിലെ എട്ടുമണിക്ക് ഭീകരരെ കണ്ടെത്താനായി ഒരു ഡ്രോണ്‍ വിന്യസിച്ചു. രാവിലെ 9.30-ന്, ജമ്മു കശ്മീരിലെ സൈന്യത്തിന്റെ തീവ്രവാദ വിരുദ്ധ സേനയും സ്പെഷ്യല്‍ ഫോഴ്സ് കമാന്‍ഡോകളും സ്ഥലത്തെത്തി. 30 മിനിറ്റിനുള്ളില്‍, രണ്ടാമതും ഡ്രോൺ നിരീക്ഷണം നടത്തി.രാവിലെ 11 മണിക്ക് വെടിവയ്പ്പ് ആരംഭിച്ചു. 11.45-ന്, പരിക്കേറ്റ ഒരു ഭീകരന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു. 12.45 ആയപ്പോഴേക്കും മൂന്ന് ഭീകരരെയും വധിച്ചു. പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന സുലൈമാന്‍ ഷാ എന്ന ഹാഷിം മൂസ ഉള്‍പ്പെടെയുള്ളവര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മൃതദേഹങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിച്ചു. ഷാ പാകിസ്താന് സൈന്യത്തിന്റെ എലൈറ്റ് സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ മുന്‍ കമാന്‍ഡോ ആയിരുന്നു. പിന്നീട് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി യുഎന്‍ ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദിന്റെ ലഷ്കറെ തൊയ്ബയില്‍ ചേര്‍ന്നു.
2023 സെപ്റ്റംബറിലാണ് ഇയാള്‍ ആദ്യമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. 2024 ഒക്ടോബറില്‍ ഏഴ് സാധാരണക്കാരെ കൊലപ്പെടുത്തിയ ആക്രമണത്തിന് ഇയാള്‍ നേതൃത്വം നല്കി. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ബാരാമുള്ളയിലെ ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. ഭീകരരുടെ ഒളിത്താവളത്തില്‍നിന്ന് സൈന്യത്തിന് എകെ-47, M9 അസോള്‍ട്ട് റൈഫിളുകള്‍ ഉള്‍പ്പെടെ നിരവധി തോക്കുകള്‍ കണ്ടെത്തിയിരുന്നു. ഈ ആയുധങ്ങളും മറ്റ് ഉപകരണങ്ങളുമാണ് മുഹമ്മദ് കട്ടാരിയയെ കണ്ടെത്താനും പിടികൂടാനും ജമ്മു കശ്മീര്‍ പോലീസിന് സഹായകമായത്. ഈ ആയുധങ്ങള്‍ പഹല്‍ഗാം ആക്രമണത്തിന് ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിക്കുന്നതിനായി ചണ്ഡീഗഡിലെ ലാബിലേക്ക് അയച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.