എടപ്പാൾ: കേരളത്തിലെ സർവീസ് പെൻഷൻകാരുടെ ഏറ്റവും വലിയ അംഗീകൃത സംഘടനയായ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ (KSSPU) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ജില്ലാതല കലോത്സവം സെപ്റ്റംബർ 28-ന് ഞായറാഴ്ച എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
പെൻഷൻകാരുടെ മാനസികവും ശാരീരികവുമായ ഉല്ലാസം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കലാ-കായിക മേളകൾക്ക്, മറ്റു ജില്ലകൾക്ക് മാതൃകയായി മലപ്പുറം ജില്ലാ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.
സെപ്റ്റംബർ 21-ന് മലപ്പുറം എം.എസ്.പി. എൽ.പി. സ്കൂളിൽ നടന്ന ജില്ലാ കായികമേളയിൽ 250-ഓളം കായികപ്രതിഭകൾ പങ്കെടുത്തു. ഇതിന് പിന്നാലെയാണ് കലാമേള സംഘടിപ്പിക്കുന്നത്.
ഉദ്ഘാടനം: മണമ്പൂർ രാജൻ ബാബു
ഈ വർഷത്തെ ജില്ലാ കലോത്സവം, 'ഇനിയും പൂക്കുന്ന നമ്മൾ' എന്ന പേരിലാണ് അരങ്ങേറുന്നത്. സെപ്റ്റംബർ 28-ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മേള 9.30-ന് പ്രശസ്ത സാഹിത്യകാരൻ മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം ചെയ്യും. തവനൂർ എം.എൽ.എ. ഡോ. കെ.ടി. ജലീൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
രാവിലെ 10 മണി മുതൽ മലപ്പുറം ജില്ലയിലെ 23 ബ്ലോക്ക്/ടൗൺ ഘടകങ്ങളിൽ നിന്നുള്ള 500-ഓളം കലാപ്രതിഭകൾ എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജമാക്കിയ ഒമ്പത് വേദികളിൽ മാറ്റുരയ്ക്കും. പെൻഷൻകാരുടെ അവകാശ പോരാട്ടങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് യൂണിയൻ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.
സമാപനം: ആലംകോട് ലീലാകൃഷ്ണൻ
വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രമുഖ സാഹിത്യ സാംസ്‌കാരിക പ്രവർത്തകനായ ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി. മോഹൻദാസ് സമ്മാനദാനം നിർവഹിക്കും. മറ്റ് ജനപ്രതിനിധികളും സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
മേളയിൽ ഒന്നാം സ്ഥാനം നേടുന്ന ബ്ലോക്കിന് മുൻ ജില്ലാ പ്രസിഡൻ്റ് താരാനാഥൻ സ്മാരക ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ബ്ലോക്കിന് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശോഭ തൊടുമണ്ണിൽ സ്മാരക ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് ചിത്രകലാദ്ധ്യാപകൻ മൊയ്‌തുട്ടി സ്മാരക ട്രോഫിയും സമ്മാനിക്കും. കൂടാതെ, വ്യക്തിഗത മികവിനുള്ള സാഹിത്യ പ്രതിഭ, ചിത്രപ്രതിഭ, കലാപ്രതിഭ, കലാതിലകം എന്നീ ട്രോഫികളും നൽകും.
കെ.എസ്.എസ്.പി.യു. പൊന്നാനി ബ്ലോക്ക് ഭാരവാഹികൾ വെള്ളിയാഴ്ച എടപ്പാളിൽ നടത്തിയ പത്രസമ്മേളനത്തിൽ, യൂണിയൻ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന കലാമേളയുടെ വിജയത്തിനായി പത്ര-ദൃശ്യ മാധ്യമങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് അഭ്യർഥിച്ചു.
പത്രസമ്മേളനത്തിൽ കെ.എസ്.എസ്.പി.യു പൊന്നാനി ബ്ലോക്ക് പ്രസിഡൻ്റ് എം. ജനാർദ്ദനൻ, സെക്രട്ടറി എം.പി. ലക്ഷ്മിനാരായണൻ, പ്രചരണ കൺവീനർ പി.വി. തിലകൻ, ജില്ലാ വൈസ് പ്രസിഡൻ്റ് എ.പി. പത്മിനി, ജില്ലാ കമ്മിറ്റി അംഗം ടി.വി. ശോഭന എന്നിവർ പങ്കെടുത്തു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.