തിരുവനന്തപുരം: യുവരാഷ്ട്രീയ നേതാവില്‍നിന്ന് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടിയും മോഡലുമായ യുവതി. സൗഹൃദത്തില്‍ തുടങ്ങിയ സംസാരം പിന്നീട് മോശമായ സംസാരങ്ങളിലേക്കും മെസേജുകളിലേക്കും എത്തിയെന്നും നടി പറഞ്ഞു.
ഇത് തനിക്ക് മെന്റല്‍ ട്രോമയാണ് ഉണ്ടാക്കിയത്. അതിനാല്‍ അന്നൊന്നും തുറന്നുപറയണമെന്ന് തോന്നിയില്ലെന്നും നടി പറഞ്ഞു.പിന്നീട് ഇതേ ആള്‍ക്കെതിരെ പല തരത്തിലുള്ള കാര്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കണ്ടു. ഒട്ടേറെ സ്ത്രീകളോട് ഇയാള്‍ ഇതേ സമീപനം നടത്തിയെന്ന് അതിലൂടെ വ്യക്തമായി. എന്നാല്‍, അയാള്‍ക്കെതിരെ പരസ്യമായി രംഗത്ത് വരാൻ ആരും തയ്യാറായില്ല. ആ ഘട്ടത്തിലാണ് അവരെ കൂടി പ്രതിനിധീകരിച്ചുകൊണ്ട് താന്‍ ഈ കാര്യം വെളിപ്പെടുത്തുന്നതെന്നും നടി പറഞ്ഞു.ഒരു നേതാവിനെതിരെ ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നാല്‍ അത് രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന് ഈ രീതിയില്‍ സമീപിച്ചപ്പോള്‍ യുവനേതാവിനോട് പറഞ്ഞിരുന്നു. താങ്കള്‍ ഈ രീതിയില്‍ പെരുമാറരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്നും ഈ വ്യക്തിയോട് പറഞ്ഞിരുന്നു.
എന്നാല്‍, ഇതിലും വലിയ പീഡനക്കേസുകളില്‍പ്പെട്ട രാഷ്ട്രീയ നേതാക്കളെ നോക്കൂ, അവര്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്നായിരുന്നു മറുപടി. ഈ വിഷയത്തില്‍ എന്ത് പ്രചാരണം നടന്നാലും കേസ് വന്നാലും തനിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന രീതിയിലായിരുന്നു സംസാരമെന്നും തനിക്ക് എല്ലാവിധ സംരക്ഷണവും കിട്ടുമെന്നും ഈ നേതാവ് പറഞ്ഞതായും നടി പറഞ്ഞു.
സ്ത്രീകളോട് മോശമായി പെരുമാറുന്നവരും പീഡനക്കേസുകളില്‍ പെടുന്നവരുമായ നേതാക്കള്‍ വലിയ പദവികളില്‍ എത്തുകയും അവരെ പാര്‍ട്ടികള്‍ സംരക്ഷിക്കുകയും ചെയ്യുന്നത് വളരെ ദയനീയമാണ്. ഇത്തരം നിലപാടുകള്‍ യുവനേതാക്കള്‍ക്ക് ഈ രീതിയില്‍ പെരുമാറാന്‍ ധൈര്യം പകരുന്നതാണ്. അതിനോട് യോജിക്കാന്‍ കഴിയില്ല. സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് രാഷ്ട്രീയ നേതാക്കളെ ധൈര്യപൂര്‍വ്വം സമീപിക്കാനാവണം. അവര്‍ക്ക് കുറച്ചുകൂടി ധാര്മികതയുണ്ടാവണമെന്നും നടി പറഞ്ഞു.
'മൂന്നര വര്‍ഷം മുമ്പ് സാമൂഹികമാധ്യമ അക്കൗണ്ട് വഴിയാണ് പരിചയം തുടങ്ങിയത്. പിന്നീട് ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി അതുവഴിയും ടെലിഗ്രാമിലൂടെയും വാട്സ്ആപ്പിലൂടെയും എല്ലാം പല മോശം സന്ദേശങ്ങളും അയക്കുകയും മോശമായി അപ്രോച്ച് ചെയ്യുകയും ചെയ്തു. പലതവണ താത്പര്യമില്ലെന്ന് പറഞ്ഞിട്ടും വിലക്കിയിട്ടും ഒരു സുഹൃത്ത് എന്ന നിലയില്‍ ഉപദേശിച്ചിട്ടും മാറ്റമുണ്ടായില്ല.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന സന്ദേശം വന്നത്. ആരേയും തേജോവധം ചെയ്യാനല്ല തന്റെ വെളിപ്പെടുത്തല്‍. മോശമായി പെരുമാറുന്നവരെ തുറന്നുകാട്ടാന്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാവാനും ഇത്തരക്കാര്‍ക്കെതിരെ നടപടികള്‍ എടുക്കണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനുമാണ് താന്‍ ഇക്കാര്യം തുറന്നു പറയുന്നതെന്നും രാഷ്ട്രീയരംഗത്ത് മാറ്റം ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.