പാലക്കാട്; രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്സാപ് ഗ്രൂപ്പില്‍ രൂക്ഷ വിമര്‍ശനം. രാഹുല്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം സംഘടനയില്‍ ചര്‍ച്ച ചെയ്യണമെന്ന് വാട്സാപ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ വനിതാ നേതാവ് ആവശ്യപ്പെട്ടു.
പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു. ആരോപണം വെറുതേ ചിരിച്ചു തള്ളാനാകില്ല. രാഹുല്‍ മറുപടി പറയണമെന്നും തെറ്റുകാരനെങ്കില്‍ മാറി നില്‍ക്കണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ‘യുവ നേതാവിനെക്കുറിച്ചുള്ള പരാതി മറ്റുള്ള നേതാക്കളോട് പറഞ്ഞു, എന്നിട്ടു പരിഹാരമുണ്ടായില്ല, അയാൾ പിന്നീട് വലിയ വലിയ പോസ്റ്റുകളിലേക്ക് എത്തി.അപ്പോൾ ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുകയാണ്, രാഹുൽ മാങ്കൂട്ടത്തിലാണോ? നോ കമന്റ്സ് എന്നാണ് അവളുടെ ഉത്തരം. രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിക്ക് അപ്പുറത്തേയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ വ്യക്തിയുടെ പേര് ഈ ആരോപണവുമായി ബന്ധപ്പെട്ട് വലിച്ചിഴച്ചത് ആര്? ബഹുമാനപ്പെട്ട പ്രസിഡന്റ്, സംസ്ഥാന അധ്യക്ഷൻ എന്നൊരു സ്ഥാനത്തിരിക്കുമ്പോൾ സ്വാഭാവികമായും താങ്കളുടെ പേര് വലിച്ചിഴച്ചത് ആരാണോ അവർക്കെതിരെ നിയമപരമായി നടപടി സ്വീകരിച്ചിട്ടില്ല.
ഈ വിഷയുമായി ബന്ധപ്പെട്ട ആ പെണ്‍കുട്ടിക്കെതിരെ താങ്കൾ കേസ് കൊടുക്കണം. സത്യം സമൂഹത്തിന് അറിയണമല്ലോ. ഒരു പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല എന്നത് സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ കൃത്യമായി ഇതിനൊരു മറുപടി കൊടുക്കണം. നിയമപരമായി പോകണം’’– വനിതാ നേതാവ് വാട്‌സാപ് ഗ്രൂപ്പിൽ അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ലീല സന്ദേശമയച്ചുവെന്നും എതിർത്തിട്ടും തുടർന്നുവെന്നുമുള്ള പുതുമുഖ നടി റിനി ആൻ ജോർജിന്റെ ആരോപണത്തിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് വാട്സാപ് ഗ്രൂപ്പിൽ ശബ്ദസന്ദേശം വന്നത്.
നേതാവിന്റെ പേരു വെളിപ്പെടുത്താൻ നടി തയാറായിരുന്നില്ല. ആരോപണ വിധേയന്റെ പാർട്ടിയിലുള്ള പലരുമായും നല്ല ബന്ധമുള്ളതിനാലാണ് ഇതെന്നും റിനി പറഞ്ഞു. സമൂഹമാധ്യമം വഴിയാണു യുവനേതാവിനെ പരിചയപ്പെട്ടത്. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. ഇതിനു ശേഷമാണു നേതാവ് ജനപ്രതിനിധിയായത്.തുടക്കം മുതൽ മോശം മെസേജുകൾ അയയ്ക്കുകയായിരുന്നു. തന്നെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്കും ക്ഷണിച്ചു. പാർട്ടിയിലെ നേതാക്കളോടു പരാതി പറഞ്ഞിരുന്നു. നേതൃത്വത്തോടു പരാതിപ്പെടുമെന്നു യുവ നേതാവിനോടു പറഞ്ഞപ്പോൾ ‘പോയി പറയ്, ഹൂ കെയേഴ്സ്’ എന്നായിരുന്നു മറുപടിയെന്നും നടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.