ജറുസലം : ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റി പൂർണമായും ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലായതായി യുഎൻ ഏജൻസിയായ ദി ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) പ്രഖ്യാപിച്ചു.
ഉടൻ സഹായമെത്തിക്കുകയും വെടിനിർത്തുകയും ചെയ്തില്ലെങ്കിൽ അടുത്തമാസത്തോടെ തെക്കൻ മേഖലയും മുഴുപട്ടിണിയിലാവും. പട്ടിണിമൂലം ഇന്നലെ 2 പേർ കൂടി മരിച്ചു.ഗാസയിൽ പട്ടിണി വ്യാപിക്കുന്നതായി ഐപിസി നേരത്തേ പലവട്ടം മുന്നറിയിപ്പു നൽകിയിരുന്നു. പശ്ചിമേഷ്യയിലെ ഒരു പ്രദേശത്തു ഭക്ഷ്യക്ഷാമം യുഎൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്.
ഗാസ സിറ്റി പിടിക്കാനുള്ള സൈനികനീക്കവുമായി ഇസ്രയേൽ മുന്നോട്ടുപോയാൽ സ്ഥിതി ഇനിയും മോശമാകും. ഹമാസ് കീഴടങ്ങുന്നില്ലെങ്കിൽ ഗാസ സിറ്റി റഫയും ബെയ്ത്ത് ഹനൂനും പോലെ പൂർണമായി തച്ചുതകർക്കുമെന്ന ഭീഷണി പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് ആവർത്തിച്ചു.
യുദ്ധം ആരംഭിക്കുമ്പോൾ ഗാസ സിറ്റിയിൽ 7 ലക്ഷത്തോളം ജനങ്ങളുണ്ടായിരുന്നു. യുദ്ധം മൂലം ഗാസയിലെ ഭക്ഷ്യോൽപാദനം തകർന്നതും സഹായമെത്തിക്കുന്നത് ഇസ്രയേൽ തടഞ്ഞതുമാണു ക്ഷാമത്തിനു കാരണം. എന്നാൽ, ഗാസയിൽ ഭക്ഷ്യക്ഷാമമില്ലെന്നും ഇതു ഹമാസ് പരത്തുന്ന നുണയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.ഐപിസി ഇതിനുമുൻപു ഭക്ഷ്യക്ഷാമം പ്രഖ്യാപിച്ചത് 2011ൽ സൊമാലിയയിലാണ്. 2017, 2020 വർഷങ്ങളിൽ സൗത്ത് സുഡാനിലും ഭക്ഷ്യക്ഷാമമുണ്ടായി. ഇസ്രയേൽ ബോംബാക്രമണങ്ങളിൽ ഇന്നലെ 71 പലസ്തീൻകാർ കൊല്ലപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.