കണ്ണൂർ ;രാജ്യസഭാംഗം സി.സദാനന്ദന്റെ കാലുകൾ വെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട് പ്രവർത്തകർ ജയിലിൽ പോകാൻ ഇടയായ സാഹചര്യത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്താൻ സിപിഎം. തിങ്കളാഴ്ച വൈകിട്ട് 5ന് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ ഉരുവച്ചാലിലാണ് യോഗം സംഘടിപ്പിക്കുന്നത്.
സി. സദാനന്ദന്റെ കാലുകൾ വെട്ടിയവരുടെ ചിത്രത്തിനൊപ്പം ‘ഇവർ കുറ്റക്കാരാണോ’ എന്ന ചോദ്യത്തോടെയുള്ള പോസ്റ്ററുകളും പ്രചരിപ്പിക്കുന്നുണ്ട്.‘എന്തിനു വേണ്ടിയായിരുന്നു ജനാർദനനെ വധിക്കാൻ ശ്രമിച്ചത്; രാഷ്ട്രീയ വിശദീകരണ പൊതുയോഗം’ എന്ന പേരിലാണ് യോഗം സംഘടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ യോഗം ഉദ്ഘടാനം ചെയ്യും. പഴശ്ശിയിലെ പഴയ ബ്രാഞ്ച് സെക്രട്ടറി ജനാർദനനെ വധിക്കാൻ ശ്രമിച്ച കേസിൽ സി. സദാനന്ദൻ പ്രതിയാണെന്നും അതുകൊണ്ടുണ്ടായ പ്രത്യാഘാതമാണ് സദാനന്ദന്റെ കാലുകൾ വെട്ടാനിടയായതെന്നുമാണ് സിപിഎം വിശദീകരണം.
ജയിലിൽ പോകുന്നവർക്ക് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പിൽ കെ.കെ. ശൈലജ പങ്കെടുത്തത് വിവാദമായിരുന്നു. ജയിലിനു മുന്നിലെത്തി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും യാത്രയയപ്പ് നൽകിയിരുന്നു. കുറ്റവാളികൾക്ക് യാത്രയയപ്പ് നൽകിയതിനെതിരെ രൂക്ഷമായാണ് ബിജെപി നേതൃത്വം പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് സിപിഎം വിശദീകരണ യോഗം നടത്തുന്നത്.
സി. സദാനന്ദന്റെ കാലുകൾ വെട്ടിയെറിഞ്ഞ കേസിൽ 30 വർഷത്തിനു ശേഷമാണ് 8 പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. സുപ്രീം കോടതി അപ്പീൽ തള്ളിയതോടെയായിരുന്നു കീഴടങ്ങൽ. ജയിലിലേക്കു പോകുന്നതിന് മുന്നോടിയായാണ് ഇവർക്ക് മട്ടന്നൂർ ഉരുവച്ചാലിൽ യാത്രയയപ്പ് നൽകിയത്. മുദ്രാവാക്യം വിളികളോടെയാണ് പ്രതികളെ സിപിഎം പ്രവർത്തകർ യാത്രയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.