കോഴിക്കോട്: തൃശൂർ ലോക്സഭ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ബിജെപി കൃത്രിമം നടത്തിയെന്ന വ്യാപക പരാതി ഉയരുന്നതിനിടെ രൂക്ഷ വിമർശനവുമായി കെപിസിസി വക്താവ് സന്ദീപ് വാര്യർ രംഗത്ത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. ഉണ്ണികൃഷ്ണൻ തൃശ്ശൂരിൽ വോട്ട് ചേർത്തിട്ടുണ്ടെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണൻ തൃശ്ശൂരിൽ വോട്ട് ചേർത്തിട്ടുണ്ട്, ചെയ്തിട്ടുമുണ്ട്. തൊട്ടടുത്ത മലപ്പുറം ജില്ലയിലെ വോട്ടറായ ഉണ്ണികൃഷ്ണൻ തൃശ്ശൂരിൽ വോട്ട് ചേർത്തത് ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് അയൽ ജില്ലകളിലെ പ്രവർത്തകരുടെ വോട്ടുകൾ തൃശ്ശൂരിലേക്ക് ചേർത്തു എന്നതിൻറെ വ്യക്തമായ തെളിവാണെന്ന് സന്ദീപ് ആരോപിച്ചു.
തൃശൂരിൽ ഒന്നരവർഷമായി സ്ഥിരതാമസകാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണ്. അങ്ങനെയാണെങ്കിൽ ആരുടെ കൂടെയായിരുന്നു താമസം എന്നത് കൂടെ ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തേണ്ടിവരും. കാരണം അദ്ദേഹത്തിൻറെ കുടുംബം മലപ്പുറത്ത് തന്നെയാണ്. ആയിരക്കണക്കിന് വ്യാജ വോട്ടുകൾ തൃശ്ശൂരിൽ ചേർത്തു എന്നത് വ്യക്തമായിട്ടും എന്തുകൊണ്ടാണ് പിണറായി വിജയൻ സർക്കാർ മൗനം പാലിക്കുന്നത്. ഇക്കാര്യത്തിൽ നടന്ന ക്രിമിനൽ ഗൂഢാലോചന പോലീസിന് അന്വേഷിക്കാവുന്നതേയുള്ളൂ.
തൃശൂരിന് പുറത്തുനിന്നുള്ള ബിജെപി നേതാക്കളുടെ വോട്ടും മണ്ഡലത്തിൽ ചേർത്തുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാറും ആരോപിച്ചു. വരവൂർ പഞ്ചായത്തിലെ നടത്തറയിലുള്ള ബിജെപി നേതാവ് കെആർ ഷാജിയും കുടുംബവും തൃശൂരിലെ പട്ടികയിൽ ചേർക്കപ്പെട്ടുവെന്നും സുനിൽ കുമാർ പറഞ്ഞു. തൃശൂരിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകളാണ് പുറത്തുവരുന്നത്. ബിജെപി നേതാവ് കെആർ ഷാജിയുടെ വോട്ടിലെ ക്രമക്കേട് ഇന്നലെയാണ് താൻ കണ്ടെത്തിയതെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു.
ചേലക്കര മണ്ഡലത്തിലെ സ്ഥിരം താമസക്കാരനാണ് കെആർ ഷാജി. വരവൂർ പഞ്ചായത്തിലെ നടത്തറയിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭാര്യയ്ക്കും അമ്മയ്ക്കുമുൾപ്പെടെ വോട്ട് അവിടെയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് വരവൂർ പഞ്ചായത്തിലായിരുന്നു. എന്നാൽ 2024ൽ വോട്ട് പൂങ്കുന്നത്തായിരുന്നു. പൂങ്കുന്നത്തെ ഫ്ലാറ്റ് ഇൻലാൻഡ് ഫ്ലാറ്റിൽ 1119,1121വോട്ടായി ചേർത്തതായി കണ്ടെത്തിയെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. ഇതിന്റെ അർത്ഥം ആയിരക്കണക്കിനാളുകളെ ബിജെപി കൊണ്ടുവന്നതാണെന്നും സുനിൽ കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.