റായ്പൂർ: ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ നിയമ നടപടിക്ക് കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ കുടുംബം. ജ്യോതി ശർമക്കെതിരെ പൊലീസിൽ പരാതി നൽകും. മർദ്ദിച്ചതിലും ഭീഷണിപ്പെടുത്തിയതിലും പരാതി നൽകാനാണ് തീരുമാനം.
മൊഴിയെടുത്ത ശേഷം പൊലീസ് വിട്ടയച്ച യുവതികൾ ഇപ്പോൾ നാരായൺപൂരിലാണുള്ളത്. പരാതി നൽകാൻ തീരുമാനമായതായി സിപിഐ എംപി പി സന്തോഷ് കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റർ വന്ദനയുടെ സഹോദരനും പ്രതികരിച്ചു.
അതേസമയം, മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ പ്രത്യേക എൻഐഎ കോടതി ഇന്ന് വിധിപറയും. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തിരുന്നു.
കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്നാണ് ഛത്തീസ്ഗഡ് സർക്കാരിനെ കൂടാതെ ബജ്‌റംഗ്ദളിന്റെ അഭിഭാഷകരുടെയും ആവശ്യം. കടുത്ത ഭാഷയിൽ ആണ് ബജ്‌റംഗ്ദൾ അഭിഭാഷകർ കഴിഞ്ഞദിവസം കോടതിയിൽ എതിർപ്പ് ഉന്നയിച്ചത്. കന്യാസ്ത്രീകൾക്ക് ഒരു കാരണവശാലും ജാമ്യം കൊടുക്കരുതെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾ നിർബന്ധിച്ചാണ് കുട്ടികളുടെ മതം മാറ്റാൻ ശ്രമിച്ചതെന്ന് അഭിഭാഷകർ വാദിച്ചിരുന്നു.
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഒരു കരണവശാലും ജാമ്യം കൊടുക്കരുതെന്ന് പ്രോസിക്യൂഷന്‍ എന്‍ഐഎ കോടതിയില്‍ പറഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ഭാഗം അഭിഭാഷകന്‍ പ്രങ്കുഷ് മിശ്ര റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കന്യാസ്ത്രീകള്‍ നിര്‍ബന്ധിച്ചാണ് കുട്ടികളുടെ മതം മാറ്റാന്‍ ശ്രമിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.
കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.