കോയമ്പത്തൂർ: ഇന്ത്യയിൽനിന്നുള്ള തുണിത്തരങ്ങൾക്ക് തീരുവ 50 ശതമാനമായി ഉയർത്തിയ അമേരിക്കയുടെ നടപടി തിരുപ്പൂരിലെ വസ്ത്രനിർമാണ ക്ലസ്റ്ററിനെ സാരമായി ബാധിക്കും. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഏതാണ്ട് 3,000 കോടി രൂപയുടെ കുറവുവരുമെന്നാണ് തിരുപ്പൂർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷന്റെ വിലയിരുത്തൽ.
2024-25 സാമ്പത്തികവർഷം തിരുപ്പൂരിൽനിന്നുള്ള ആകെ വസ്ത്രകയറ്റുമതി 44,747 കോടി രൂപയായിരുന്നു. 2023-24ൽ ഇത് 33,400 കോടിയായിരുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ 33,000 മുതൽ 37,000 കോടിവരെയായിരുന്നു ശരാശരി കയറ്റുമതി. ഇതാണ് കഴിഞ്ഞ സാമ്പത്തികവർഷം 44,747 കോടിയിലെത്തിയത്. വരുംവർഷങ്ങളിൽ ഗണ്യമായ വളർച്ച പ്രതീക്ഷിച്ചിരിക്കുന്ന ഘട്ടത്തിലാണ് അമേരിക്കയുടെ തീരുവ വർധന. ഇത് വലിയ തിരിച്ചടിയാണെന്ന് തിരുപ്പൂർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. സുബ്രഹ്മണ്യൻ പറഞ്ഞു.
രാജ്യത്തിന്റെ നിറ്റ് വെയർ തലസ്ഥാനമെന്ന് വിശേഷണമുള്ള തിരുപ്പൂരിൽനിന്നുള്ള വസ്ത്ര കയറ്റുമതിയിൽ 35 ശതമാനം അമേരിക്കയിലേക്കാണ്. പിഴച്ചുങ്കം ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം വന്നതുമുതൽതന്നെ അമേരിക്കൻ വ്യാപാരികൾ തിരുപ്പൂരിൽനിന്നുള്ള ഓർഡറുകൾ മരവിപ്പിച്ചിരുന്നു. ഓർഡർ പ്രകാരം വസ്ത്രങ്ങൾ തയ്യാറാക്കി കയറ്റുമതിഘട്ടത്തിലെത്തിയതിനാൽ ഇത് വലിയനഷ്ടം വരുത്തും. വരുംദിവസങ്ങളിൽ അമേരിക്കൻകമ്പനികൾ തീരുവകുറവുള്ള ബംഗ്ലാദേശ്, വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കാനാണ് സാധ്യത.
അടുത്തിടെ ഒപ്പുവെച്ച ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാർ നടപ്പിൽവരുന്നതോടെ ഈ പ്രതിസന്ധി ഒരളവുവരെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.എം. സുബ്രഹ്മണ്യൻ പറഞ്ഞു. യുകെയിലേക്കും മറ്റ് യൂറോപ്യൻരാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി വർധിപ്പിക്കാൻ സാധിച്ചാൽ അമേരിക്ക സൃഷ്ടിക്കുന്ന ആഘാതം പ്രതിരോധിക്കാൻ സാധിക്കും.
ഉത്‌പാദനം നിർത്തി
യുഎസിന്റെ 50 ശതമാനം തീരുവയുടെ സാഹചര്യത്തിൽ തിരുപ്പൂർ, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ ടെക്‌സ്‌റ്റൈൽ നിർമാണ യൂണിറ്റുകൾ ചൊവ്വാഴ്ച ഉത്പാദനം നിർത്തിവെച്ചതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ(എഫ്ഐഇഒ) അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.