തിരുവനന്തപുരം : സംസ്ഥാനത്തെ അധ്യാപകർക്ക് പാമ്പ് പിടിക്കാൻ പരിശീലനം. വനം വകുപ്പാണ് പരിശീലനം നൽകുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്ന് പരിശീലിപ്പിക്കും. ഓഗസ്റ്റ് 11 ന് പാലക്കാടാണ് പരിശീലനം നിശ്ചയിച്ചിട്ടുള്ളത്. പാലക്കാട് ഉള്ള അധ്യാപകർക്ക് അപേക്ഷിക്കാം. പാമ്പ് കടി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പുന്നത്. ഒരു ദിവസമാണ് പരിശീലന പരിപാടി. ഇത് സംബന്ധിച്ച സർക്കുലർ വനം വകുപ്പ് പുറത്തിറക്കി.
അതേസമയം സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള് ഗണ്യമായി കുറയുന്നുവെന്നാണ് വനംവകുപ്പിന്റെ കണക്ക്. 2019ല്‍ 123 പേരാണ് പാമ്പുകടിയേറ്റു മരിച്ചതെങ്കില്‍ 2024-ല്‍ ഇത് 34 ആയി കുറഞ്ഞു.പാമ്പ് കടിയേറ്റുള്ള മരണങ്ങള് കുറയ്ക്കാനായി സര്‍ക്കാര്‍ ആരംഭിച്ച സര്‍പ്പ ആപ്പ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് ഈ നേട്ടം.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 921 പേരാണ് വിഷപ്പാമ്പുകളുടെ കടിയേറ്റു മരിച്ചത്. ഇതില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക് 2024 ലാണ്. പാമ്പുകടിയേറ്റുള്ള മരണം പൂര്‍ണമായും ഇല്ലാതാക്കാനും ജനവാസ മേഖലയിലെത്തിയ പാമ്പുകളെ സുരക്ഷിതമായി വനമേഖലയില്‍ എത്തിക്കുന്നതിനുമായി സര്‍ക്കാര്‍ 2020ല്‍ ആരംഭിച്ച സര്‍പ്പ ആപ്പ് മരണം കുറയ്ക്കാന്‍ സഹായകമാവുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പാമ്പുകളെ തരം തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍, ആന്റിവെനം ലഭ്യമായ ആശുപത്രികള്‍ അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ സര്‍പ്പ ആപ്പിലുണ്ട്.
ഭീഷണിയാവുന്ന നിലയില്‍ കണ്ടെത്തുന്ന പാമ്പിന്റെ ചിത്രം ‘സര്‍പ്പ’ മൊബൈല്‍ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരെത്തി അതിനെ പിടികൂടി നീക്കംചെയ്യും. വോളണ്ടിയര്‍മാരായി 2025 മാര്‍ച്ച് വരെ 5343 പേരാണ് പരിശീലനം നേടിയത്. ഇതില്‍ 3061 പേര്‍ക്ക് വനംവകുപ്പിന്റെ സര്‍ട്ടിഫിക്കേഷനും നല്‍കിയിട്ടുണ്ട്. പാമ്പ് കടിയേറ്റവര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ ചികിത്സാസഹായം നല്‍കുന്നുണ്ട്. വനത്തിനുള്ളില്‍ പാമ്പുകടിയേറ്റ് മരണപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപയും വനത്തിന് പുറത്താണെങ്കില്‍ 2 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.