കീവ്: യുക്രൈനെതിരെ റഷ്യയ്ക്ക് വേണ്ടി പാകിസ്താനില്‍ നിന്നുള്ളവരും യുദ്ധം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി. പാകിസ്താന്, ചൈന, താജിക്കിസ്താന്‍, ഉസ്ബെക്കിസ്താന്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കൂലിപ്പടയാളികളാണ് യുക്രൈന് സൈന്യത്തിനെതിരെ റഷ്യയ്ക്ക് വേണ്ടി പോരാടുന്നതെന്നാണ് സെലെന്‍സ്കി വെളിപ്പെടുത്തിയത്. അതേസമയം, സെലെന്‍സ്കിയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനരഹിതമായ ആരോപണമെന്നാണ് പാകിസ്താന് വിശേഷിപ്പിച്ചത്.
പാകിസ്താനില്‍ നിന്നുള്‍പ്പെടെയുള്ള കൂലിപ്പടയാളികള്‍ റഷ്യയ്ക്ക് വേണ്ടി പോരാടുന്നതായുള്ള വിവരം 'എക്സ്' പോസ്റ്റിലാണ് സെലെന്‍സ്കി പങ്കുവെച്ചത്. യുദ്ധമുന്നണിയിലെ സാഹചര്യങ്ങളെപ്പറ്റി സൈനികരുമായും കമാന്‍ഡര്‍മാരുമായും നേരിട്ട് കണ്ട് ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. ഈ സമയത്താണ് കൂലിപ്പടയാളികളുടെ സാന്നിധ്യത്തേപ്പറ്റി സൈന്യം തനിക്ക് വിവരങ്ങള്‍ കൈമാറിയതെന്ന് സെലെന്‍സ്കി പറയുന്നു.
വൊവ്ചാന്സ്കിലെ യുദ്ധമുന്നണിയിലെത്തി സൈനികരുമായി സെലന്‍സ്കി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവിടെനിന്നാണ് തനിക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കൂലിപ്പടയാളികളേപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചതെന്നാണ് സെലെന്‍സ്കി പറയുന്നത്. ഈ രീതിയോട് തങ്ങള്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
അതേസമയം, സെലെന്‍സ്കിയുടെ ആരോപണം പാകിസ്താന് തള്ളിക്കളഞ്ഞു. ഇതുവരെ യുദ്ധത്തില്‍ പാകിസ്താനികള്‍ പങ്കെടുക്കുന്നുവെന്ന് യുക്രൈന് തങ്ങളെ ഔദ്യോഗികമായി അറിയിക്കുകയോ അതുസംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നു പാക് വൃത്തങ്ങള്‍ പറഞ്ഞു.
മുമ്പ് ചൈനീസ് പൗരന്മാരെ റഷ്യ യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നതായി സെലന്‍സ്കി ആരോപിച്ചിരുന്നു. അക്കാര്യം ചൈന പിന്നീട് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, റഷ്യയെ സഹായിക്കാനായി ഉത്തര കൊറിയ തങ്ങളുടെ സൈനികരെ അയയ്ക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കപ്പെട്ടതാണ്. ആയിരക്കണക്കിന് ഉത്തര കൊറിയന്‍ സൈനികരാണ് റഷ്യയ്ക്ക് വേണ്ടി കുര്‍സ്കില്‍ പോരാട്ടത്തിലുള്ളത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.