കോഴിക്കോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കുന്നുവെന്ന പരാതിയുമായി ടി. സിദ്ദിഖ് എംഎല്‍എയുടെ ഭാര്യ ഷറഫുന്നിസ.
ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സിദ്ദിഖും ഷറഫുന്നിസയും ഇവരുടെ കുഞ്ഞും ഇരിക്കുന്ന ചിത്രം മോശമായി പ്രചരിപ്പിച്ചെന്ന് കാട്ടി കോഴിക്കോട് കമ്മിഷണര്‍ക്ക് പരാതി നല്കി. മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിലാണ് ഈ ചിത്രം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നത്. വ്യാഴാഴ്ചയാണ് പരാതി നല്‍കിയത്.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ സിപിഎം മുൻ എംഎൽഎ കെ.കെ. ലതിക, ശശികല റഹീം, ബിവിജ കാലിക്കറ്റ് തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ ഈ ചിത്രം മോശമായ രീതിയില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. മൂവരുടെയും പേര് രേഖപ്പെടുത്തിക്കൊണ്ടാണ് ഷറഫുന്നിസ പരാതി നല്‍കിയിരിക്കുന്നത്. താനും കുഞ്ഞും രാഷ്ട്രീയത്തില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്ന ആളുകളാണ്. തങ്ങളെ എന്തിനാണ് ഈ വിധം സാമൂഹിക മാധ്യമങ്ങളില്‍ അവഹേളിക്കുന്നതെന്ന് ഷറഫുന്നിസ ചോദിക്കുന്നു.
താനും കുടുംബവും ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണെന്ന് ഷറഫുന്നിസ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ ചോദിച്ചിരുന്നു. തങ്ങളുടെ കുടുംബത്തോടൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ നില്ക്കുന്ന ചിത്രം മോശമായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ആളുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. അവഹേളിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് സഹിതം നല്‍കിയാണ് ഫെയ്സ്ബുക്കില്‍ പ്രതികരിച്ചത്.
ശശികല റഹിം എന്ന സിപിഎമ്മുകാരി പങ്കുവെച്ച പോസ്റ്റിലും അതിന് താഴെ വന്ന കമന്റുകളിലും തന്റെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുമ്പോള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന കൂട്ടങ്ങള്‍ തന്നെയല്ലേ ശൈലജ ടീച്ചര്‍ക്കും ദിവ്യക്കും ചിന്തയ്ക്കും ആര്യയ്ക്കും വേണ്ടി നിലകൊള്ളുന്നതെന്നും അവര്‍ ചോദിച്ചു. രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കുന്നവരാണ് താനും കുഞ്ഞുങ്ങളും. പൊതുപ്രവര്‍ത്തകനായ പങ്കാളിയെ നിങ്ങള്‍ക്ക് രാഷ്ട്രീയമായി ആക്രമിക്കാം. മറിച്ച്, കുടുംബജീവിതത്തെയും തന്നെയും നിന്ദ്യമായ ഭാഷയില്‍ അപമാനിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.
ഒരേസമയം സ്ത്രീക്കൊപ്പം നില്‍ക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുകയാണെന്ന് കെ.കെ. ലതികയെ മെന്‍ഷന്‍ ചെയ്ത് പോസ്റ്റിന് ടി. സിദ്ദിഖ് കമന്റ് ചെയ്തു. സിപിഎമ്മിന്റെ ഒരു മുന്‍ എംഎല്‍എയാണ്, സ്ത്രീയാണ് എന്നും സിദ്ദിഖ് കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.