ന്യൂഡൽഹി; ഇന്ത്യയ്‌ക്കെതിരെ തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കുന്നതിനിടെ, പാക്കിസ്ഥാനെ യുഎസ് സൈനികമായി സഹായിച്ച പഴയ പത്രവാർത്ത ഉയർത്തിക്കാട്ടി ഇന്ത്യൻ സൈന്യം.
1971ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ പാക്കിസ്ഥാനെ അമേരിക്ക സഹായിച്ച പത്ര വാർത്തയാണ് സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ് സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തത്. 1971 ഓഗസ്റ്റ് അഞ്ചിലേതാണ് വാർത്ത.ഇന്ത്യ–പാക്ക് യുദ്ധത്തിനു വളരെ മുന്‍പുതന്നെ യുഎസ് 2 ബില്യൻ ഡോളർ വിലയുള്ള ആയുധങ്ങൾ പാക്കിസ്ഥാന് നൽകിയതായാണ് പത്ര വാർത്തയിൽ പറയുന്നത്. യുഎസും നാറ്റോയും പാക്കിസ്ഥാനെ സൈനികമായി സഹായിക്കുന്നതിന്റെ വിവരങ്ങൾ പ്രതിരോധ നിർമാണത്തിന്റെ ചുമതലയുള്ള മന്ത്രി വി.സി.ശുക്ല രാജ്യസഭയെ അറിയിച്ചതും വാർത്തയിലുണ്ട്.പാക്കിസ്ഥാന് ആയുധം നൽകുന്ന വാർത്തകൾ സോവിയറ്റ് യൂണിയനും ഫ്രാൻസും നിഷേധിച്ചിരുന്നു. എന്നാൽ, പാക്കിസ്ഥാന് യുഎസ് ആയുധം നൽകുന്നത് തുടർന്നതായാണ് വാർത്തയിൽ പറയുന്നത്. യുഎസും ചൈനയും നൽകിയ ആയുധങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ ആക്രമണം നടത്തിയതെന്നും വാർത്തയിലുണ്ട്.പാക്കിസ്ഥാനുമായി യുഎസ് കൂടുതൽ അടുക്കുന്നതിനിടെയാണ് സൈന്യം പഴയ വാർത്ത പോസ്റ്റു ചെയ്തിരിക്കുന്നത്. പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാൻ യുഎസ് തയാറെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദിവസങ്ങള്‍ക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. ഒരു ദിവസം ഇന്ത്യയ്ക്ക് പാക്കിസ്ഥാൻ എണ്ണ വിൽക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
റഷ്യയിൽനിന്നു വൻതോതിൽ എണ്ണ വാങ്ങുന്ന ഇന്ത്യ ഇത് ഉയർന്ന ലാഭത്തിനു പൊതുവിപണിയിൽ വിൽക്കുന്നെന്ന് ആരോപിച്ചാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ തീരുവഭീഷണി ഉയർത്തിയിരിക്കുന്നത്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ഉന്നംവയ്ക്കുന്നത് അന്യായമാണെന്നും രാജ്യതാൽപര്യം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്നുമാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.