ന്യൂഡൽഹി: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.
രാജീവ് ചന്ദ്രശേഖറിന്റെ ഡൽഹിയിലുള്ള വീട്ടിലേക്കാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും സഹോദരനൊപ്പം എത്തിയത്.ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് ശേഷം ഇതാദ്യമായാണ് രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് കാണാൻ കന്യാസ്ത്രീകൾ ഡൽഹിയിൽ എത്തുന്നത്. കേസിന്റെ മുമ്പോട്ടുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
കേസിൽ നിലവിൽ ജാമ്യം മാത്രമാണ് കന്യാസ്ത്രീകൾക്ക് ലഭിച്ചിരിക്കുന്നത്. എഫ്ഐആർ അടക്കം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമകാര്യങ്ങളുമായി മുമ്പോട്ടു പോകുമെന്നാണ് വിവരം.
ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരേ എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. ഇതിൽ സഭയ്ക്കടക്കം ആശങ്ക ഉണ്ട്. ഈ സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖറുമായി കന്യാസ്ത്രീകൾ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കന്യാസ്ത്രീകൾക്കൊപ്പം രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.
ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവർ അറസ്റ്റിലായത്. ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി.
കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഇവരിൽ ഒരു പെൺകുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു.
പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ വൻതോതിൽ പ്രതിഷേധങ്ങൾ കേരളത്തിലും രാജ്യതലസ്ഥാനത്തും ഉയർന്നിരുന്നു. പാർലമെന്റിനകത്തും പുറത്തും കോൺഗ്രസും സിപിഎമ്മും പ്രതിഷേധം ഉയർത്തിയിരുന്നു. ഒമ്പത് നാൾ നീണ്ട ജയിൽ വാസത്തിനൊടുവിലായിരുന്നു ഇരുവർക്കും ജാമ്യം ലഭിച്ചത്. എന്നാൽ എഫ്ഐആറിൽ ഗുരുതര വകുപ്പുകളായിരുന്നു ചേർത്തിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.